ദുരിതക്കടൽ മുറിച്ചു നീന്തി
മുറിവുകളെ വസന്തമാക്കി

സ്വപ്നങ്ങളിൽ ബലിയിട്ട്
മുങ്ങി നിവരുമ്പോൾ

ദൈവം
അയാളെ വീണ്ടും
ചതിച്ചു
ആയുസ്സിൽ രണ്ട് ജന്മദിനങ്ങൾ സമ്മാനിച്ച്!

കണ്ടുമുട്ടുമ്പോഴെക്കെ
ചെകുത്താൻ
അയാളെ
ഓർമിപ്പിച്ചിരുന്നു
ദൈവത്തെ സൂക്ഷിക്കണമേ എന്ന്!

ഒരു വർഷം
ആയുസ്സിൽ നിന്ന്
രണ്ടു മുയൽ കുട്ടികൾ
അയാൾക്ക് നഷ്ടമാവുന്നു

ഉലത്തീയിൽ
പഴുപ്പിച്ച കണ്ണീർത്തുള്ളിയിൽ
അയാൾ
കവിതയുടെ മൂർച്ച കൂട്ടി

ഉരുൾപൊട്ടിയ
ഇരുണ്ട രാത്രികളുടെ വേരുകളിൽ
ജീവിതത്തെ തുന്നി വെച്ചു

കാത്തിരിപ്പുകളുടെ
തടവറയിൽ
ഒരു മെഴുകുതിരിയായി
കൊളുത്തി വെച്ചയാൾ
പ്രണയത്തെ

രക്തബന്ധങ്ങളുടെ
ചുഴലികാറ്റിൽ
വീണ്ടും വീണ്ടും അയാൾ പിറവി കൊണ്ടു
ഒറ്റമരത്തിന്റെ വനത്തിൽ

മൗനത്തിൽ
ഏകാന്തതയിൽ
ഗുഹ്യ രോഗികളുടെ ഉത്സവത്തിൽ

അയാൾ
സങ്കടങ്ങൾ
ചെകുത്താന് മുമ്പിൽ തുറന്നു വെച്ചു

ഓർമ്മകളുടെ
ആഴങ്ങളിൽ
ഒരേ
ബിന്ദുവിൽ അയാൾക്ക്
രണ്ടു സുര്യോദയം

ഒരേ ആയുസ്സിൽ

പക്ഷെ
ഒരസ്തമയം

എഴുതാതെ
വെട്ടിമാറ്റിയ
ആദ്യ വരി പോലെ!

By ivayana