രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍

ശോകമൂകമാം ചിത്തവുമായിതാ,
ലോകതത്ത്വം തിരയുകയാണുഞാൻ
ഊഴിതന്നതിർ ഭേദിച്ചനന്തമാ-
മാഴിയും കടന്നാകാശവുംകട-
ന്നെന്നുമെന്നുമെൻ ചിന്തകളങ്ങനെ,
വെന്നുവെന്നുയർന്നീടാൻ ശ്രമിക്കവേ,
ഒന്നുചോദിക്കയാണുഞാ,നീവിശ്വ-
മെന്നൊരത്ഭുത തേജപുഞ്‌ജത്തൊടായ്
എന്തിനായിപ്രതിഭാസമിങ്ങനെ;
സന്തതം തുടരുന്നൂ,നിരർഥകം?
നൻമതൻ തൂവെളിച്ചം പരത്തിഞാ-
നുൻമുഖം നടകൊള്ളുന്നിതന്വഹം
ഹാ! നിയതിതൻ ഭാവപരിണാമ-
മീ,നമുക്കൊട്ടറിയുവാനാകുമോ?
പീലി നീർത്തിയാടുന്നൂ,മയിലുകൾ!
ചേലിയന്നു പാടുന്നൂ കുയിലുകൾ!
ആ വനമുല്ലതൻ നറുപൂക്കളിൽ,
തൂവമൃതേത്തു തേടുന്നുവണ്ടുകൾ!
പുഞ്ചനെൽപ്പാടം തന്നിലൂടങ്ങനെ,
കൊഞ്ചിക്കൊഞ്ചിപ്പറക്കുന്നു തത്തകൾ!
പാലൊളി തൂകിയംബര വീഥിയിൽ,
താലവുമായി നിൽക്കുന്നു ചന്ദ്രിക!
പാവന സുഗന്ധം നുകർന്നീടുവാൻ
പൂവനത്തിലെത്തുന്നൂ ദിനകരൻ!
മാമലതൻ ചരിവിലൂടുദ്രസം
തൂമയാർന്നൊഴുകീടുന്നരുവികൾ!
മഞ്ഞണിക്കുളിർകാറ്റുവീശിക്കണി-
ക്കുഞ്ഞു പൂക്കളെപ്പുൽകുന്നിതാർദ്രമായ്!
ദൂരെ ദൂരെ വിഹായസ്സിൻ വീഥിയിൽ
ചാരുതയാർന്നുണരുന്നു മാരിവിൽ!
കാവ്യനർത്തകിതൻ പദനിസ്വന-
മേവമെന്നുള്ളിൽ നിന്നും നിലയ്ക്കാതെ,
ജീവിതത്തിന്നമൂർത്തചിത്രങ്ങളായ്
ഭാവസാന്ദ്രമൊഴുകിയെത്തുന്നഹോ!
നിർവചിക്കുവാനാവാത്ത വാങ്മയ-
കൽപ്പനകളായ് കാവ്യസൂനങ്ങളായ്
കൽപ്പകാലങ്ങളെത്രയോ പിന്നിട്ടു
നിൽപ്പു നിസ്തന്ദ്രമപ്രഭാവൈഭവം !
ഒക്കെയും ദീർഘനാളുകൾ ചെല്ലാതെ,
പൊയ്ക്കിനാവാകു,മെന്നതോർത്തീടുനാം
എങ്കിലും തെല്ലുമാതങ്കമില്ലാതെ,
തങ്കസ്വപ്നങ്ങൾ കാൺമൂ,നിരന്തരം
സർഗ്ഗ ഭാവനാ തന്ത്രങ്ങളെന്തെന്നു,
തർക്കമില്ലേതൊരാൾക്കു,മറിഞ്ഞിടാ
എത്ര സമ്പദ് സമൃദ്ധിയുണ്ടാകിലും
അത്രയും ത്യജിച്ചല്ലി,പോകേണ്ടുനാം!
എന്തും വന്നുഭവിച്ചിടാമെപ്പൊഴും
എന്നുചിന്തിച്ചു തന്നെയിരിക്കുവിൻ.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana