രചന : ബാബു ഡാനിയൽ ✍
പ്രളയം വിതച്ചോരു നാട്ടിലായന്നോമല്‍-
പ്പൈതലെ കുട്ടയിലേറ്റിക്കൊണ്ട്
പൊങ്ങിവരുംമലവെള്ളത്തിലൂടൊരു
പാവമാമമ്മ നടന്നുനീങ്ങി
ഉള്ളം കലങ്ങിയ പെണ്‍കൊടിയാളവള്‍
ഉള്ളിലെപ്പൈതലെ ഓര്‍ത്തുകൊണ്ട്
വക്ഷോജമെത്തിയ വെള്ളത്തിലൂടവള്‍
വത്സലചിത്തയായ് വെച്ചു പാദം
ഉയരും മാനത്തു മാരിവില്ലെന്നവള്‍
ഉള്ളാലെയാശകള്‍ നെയ്തുകൊണ്ട്
തുള്ളുംമനവുമായക്കരെയെത്തുവാന്‍
വെള്ളത്തിലൂടവള്‍ മെല്ലെ നീങ്ങി
സര്‍വ്വനാശത്തിന്നടയാളമെന്നപോല്‍
അക്ഷൗഹിണികള്‍ നിരന്നു വാനില്‍
പക്ഷംതിരിഞ്ഞവര്‍ പാഞ്ഞടുത്തീടുന്നു
പാഞ്ചജന്യം മുഴക്കുന്നു വാനില്‍
ആയിരമായിരം കാളിമാരൊന്നിച്ച്
ദാരികനിഗ്രഹമാടുന്നു വാനില്‍
ഡമരു മുഴക്കുന്നു ജടയഴിച്ചാടുന്നു
സംഹാരതാണ്ഡവമാടുന്നു ഭൈരവന്‍
ചന്തംതികഞ്ഞവളെങ്കിലും പെണ്ണവള്‍
ചഞ്ചലചിത്തയായ്ത്തീര്‍ന്നു മെല്ലേ
നീറ്റിലിറങ്ങിയ സാധുവാം പെണ്‍കൊടി
ചേറ്റില്‍പ്പുതഞ്ഞങ്ങു നിന്നുപോയി
വെള്ളമുയരുമ്പോളുള്ളം പിടയുന്നു
തൊള്ളതുറന്നുകരയുന്നു കുഞ്ഞ്
അക്കരെയെത്തുവാനാകില്ലയെങ്കിലും
അകതാരില്‍ പൈതലിന്‍കുഞ്ഞുമുഖം
രണ്ടു നാള്‍ പിന്നിട്ടു വെള്ളവും വാര്‍ന്നുപോയ്
കണ്ടന്നു നാട്ടുകാര്‍ സ്തബ്ധരായി
ഉയര്‍ത്തിപ്പിടിച്ച കരങ്ങളില്‍ കുട്ടയും
കുട്ടയില്‍ നിശ്ചലം പൂമ്പൈതലും
ജീവന്‍ വെടിഞ്ഞവളെങ്കിലും ദൃഷ്ടികള്‍
മേല്‍പ്പോട്ടുയര്‍ന്നുനില്‍ക്കുന്നമട്ടില്‍
അമ്മതന്‍ ചുണ്ടിലായ് തത്തിക്കളിക്കുന്ന
വാത്സല്യത്തിന്‍പൊരുളാരറിവൂ..