രചന : അരുൺ നായർ ✍

US വിസയ്ക്കുള്ള അപ്പോയ്ന്റ്മെന്റ് എടുത്ത്, ട്രാഫിക്കിൽ പെട്ട് വൈകിയാലോന്ന് പേടിച്ച് ഒട്ടു നേരത്തേ എത്തി ഗേറ്റിന് വെളിയിൽ കാത്തു നിൽക്കുകയാണ് ദുബായിലെ US കോൺസുലേറ്റിന് മുന്നിൽ. വിസയ്ക്കുള്ള ഇന്റർവ്യൂ കഴിഞ്ഞിറങ്ങുന്ന ചിലരെ അറിയാതെ ശ്രദ്ധിച്ചുപോയി. ചിലർ കണ്ണീരോടെ…അതിൽത്തന്നെ സന്തോഷക്കണ്ണീരും സങ്കടക്കണ്ണീരും! ചിലർ പുറത്തു കാത്തുനിൽക്കുന്നവരെ ഓടിവന്നു കെട്ടിപ്പിടിക്കുന്നു.

ചിലർ എല്ലാ ആശകളും നശിച്ചവരെപ്പോലെ ഉറ്റവരെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്നു!
കിട്ടിയാലും ഇല്ലെങ്കിലും വെറുമൊരു വിസിറ്റ് വിസയ്ക്ക് ഇത്രയും വൈകാരികത എന്തിനെന്ന് ആദ്യം അതിശയിച്ചു. പിന്നീടാണ് മനസിലാക്കിയത്‌..അവരെല്ലാവരും സ്വന്തമെന്ന് അവകാശപ്പെടാൻ ഒരു നാടില്ലാത്തവരാണ്…അല്ലെങ്കിൽ യുദ്ധവും കലാപവും അശാന്തമാക്കിയ രാജ്യത്തു നിന്നുള്ളവർ! വിസ നിഷേധിക്കപ്പെടുന്നവർക്ക് നഷ്ടമാകുന്നത് മേലിലെങ്കിലും സ്വച്ഛതയോടെ ജീവിക്കാനുള്ള അവസാനത്തെ അവസരമാണ്; അവർക്കു മാത്രമല്ല, കുടുംബത്തിനും വരും തലമുറകൾക്കും! വിസിറ്റ് വിസയിലാണെങ്കിലും തിരിച്ചുവരവിനുള്ള യാത്രയല്ല പലർക്കും.


മാസങ്ങൾക്കു ശേഷം ഭാര്യയ്ക്കും മക്കൾക്കും അപ്പോയ്ന്റ്മെന്റ് എടുത്ത് അവർ ഇന്റർവ്യൂ കഴിഞ്ഞു തിരിച്ചു വരാൻ ഗേറ്റിനു പുറത്തു കാത്തുനിൽക്കുമ്പോഴും ഇതേ കാഴ്ചകളുടെ തനിയാവർത്തനം കണ്ടു!
ആഭ്യന്തര കലാപത്താൽ അശാന്തമായ സ്വന്തം രാജ്യം വിട്ട് ഷിപ്പിംഗ് കണ്ടയിനറുകളിൽ ഒളിച്ച് പലായനം ചെയ്യുന്ന കുറേ മനുഷ്യർ. അവർക്കിടയിൽ ഒറ്റയ്ക്ക് ഒരു കണ്ടയിനറിൽ കടലിലകപ്പെട്ടുപോവുന്ന നിറഗർഭിണിയായ ഒരു യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന Nowhere എന്ന സിനിമ ഇപ്പോഴത്തെ പലസ്തീൻ ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കണ്ടപ്പോഴാണ് ഏതാണ്ട് പത്താണ്ട് മുമ്പത്തെ ഈ സംഭവം ഓർമവന്നത്!


ശത്രുവായി കരുതുന്നവരെത്തന്നെ ആശ്രയിക്കേണ്ടി വരുമ്പോൾ ആർക്ക്, ആരാണ്‌ ശത്രു?!

അരുൺ നായർ

By ivayana