രചന : അബ്‌ദുൾ നവാസ് ✍

ലോകത്തിന് ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിലായിരുന്നു…
മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നിന്നു എൽ. ഇ. ഡി വിളക്കുകളുടെ വർണ വെളിച്ചത്തിലേക്ക് ലോകം പാഞ്ഞു പോയത് നമ്മുടെ കണ്മുന്നിലൂടെ ആയിരുന്നു… നിങ്ങൾ ന്യൂജെൻ തലമുറയോട് ഒന്നു ചോദിച്ചോട്ടെ…
മനം കുളിർക്കെ നിങ്ങൾ മഴ നനഞ്ഞിട്ടുണ്ടോ….
പുതുമഴയിൽ നനഞ്ഞു നിൽക്കുന്ന പ്രണയിനിയെ കണ്ടിട്ടുണ്ടോ…
വഴിവക്കിലെ മാവിൽ നിന്നും കല്ലെറിഞ്ഞു വീഴ്ത്തിയ മാങ്ങാ ഉപ്പും മുളകും കൂട്ടി തിന്നിട്ടുണ്ടോ…
പൂഴി മണ്ണിൽ കിടന്നു ഉരുണ്ടിട്ടുണ്ടോ…
ചെളി വെള്ളത്തിൽ കുളിച്ചിട്ടുണ്ടോ
ഞങ്ങൾ ജനിച്ചു വളർന്ന കാലഘട്ടം എന്ത് കൊണ്ടും വേറിട്ടതായിരുന്നു.
പൊതു ഗതാഗതം പേരിനു മാത്രം ഉള്ളപ്പോൾ ഞങ്ങൾ നടന്നു നീങ്ങിയ ദൂരവും കണ്ട കാഴ്ചകളും നിരവധിയായിരുന്നു
ഞങ്ങളെ അയല്പക്കത്തുള്ളവർ മാത്രം അല്ല , നാലോ അഞ്ചോ കിലോമീറ്റർ ചുറ്റുവട്ടത്തുള്ളവർക്കൊക്കെ അറിയാമായിരുന്നു.
വഴിയിൽ വച്ച് എന്ത് തല്ലുകൊള്ളിത്തരം കാട്ടിയാലും അത് ചോദിക്കാനും പറയാനും പലരും ഉണ്ടായിരുന്നു
അവർ ചെവിക്ക് പിടിച്ചാലോ, രണ്ടു തല്ലു തന്നാലോ ആരും ചെന്ന് ചോദിച്ചു വഴക്കും കത്തിക്കുത്തും നടത്തില്ലായിരുന്നു
പാടത്തും പറമ്പിലും അപ്പന്റെ കൂടെയും സഹോദരങ്ങൾക്ക് ഒപ്പവും പണി ചെയ്തിട്ടായിരുന്നു പള്ളിക്കൂടം യാത്ര.
തോൽവിയുടെ പേരിൽ ഞങ്ങളാരും മനോരോഗികൾ ആയിട്ടില്ല
അത് അന്വേഷിക്കാൻ സർക്കാരോ , ചൈൽഡ് ലൈനോ ഇല്ലായിരുന്നു.!
അതുകൊണ്ടു തന്നെ ലോകത്തിൽ എവിടെ ച്ചെന്ന് ജീവിക്കാനും എന്തിനേയും നേരിടാനും ഉള്ള ഊർജം ഞങ്ങൾക്കുണ്ടായിരുന്നു.
ഞങ്ങളുടെ ചെറുപ്പത്തിൽ വിവിധതരം പനികൾ ജീവിതത്തെ അലട്ടിയില്ല.
വല്ലപ്പോഴും ഒരു പനി , ചൊറി, ചിരങ്ങ് , ചിക്കൻപോക്സ് , മുണ്ടിനീര് കരപ്പൻ, വല്ലവരേയുമൊക്കെ തൊട്ടു തലോടി പോകും. തുളസിയിലയും കുരുമുളകും ഇട്ട കഷായം കഴിച്ചാൽ തീരുന്ന അസുഖമേ ഉണ്ടായിരുന്നുള്ളൂ
പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞു കെട്ടി റോഡിൽ തള്ളാൻ അന്ന് മാലിന്യങ്ങൾ ഉണ്ടായിരുന്നില്ല…
ഒന്നും അധികമില്ലായിരുന്നു… എല്ലാം ആവശ്യത്തിനേ ഉണ്ടായിരുന്നുള്ളൂ..
പ്രണയ നൈരാശ്യം മൂത്തു ഞങ്ങൾ പ്രണയിനിയെ പെട്രോൾ ഒഴിച്ചു കത്തിച്ചിട്ടില്ല…
ഒട്ടുമിക്ക കവലകളിലും ഉള്ള നാടൻ ചായക്കടകളിൽ നിന്നും മൂക്ക് മുട്ടെ തിന്നാം . ഒന്നിലും മായമില്ലായിരുന്നു… ഭക്ഷ്യ സുരക്ഷാ വകുപ്പുകാർ ഒരു കടയും പൂട്ടിച്ചിരുന്നില്ല..നാടൻ വെളിച്ചെണ്ണയിൽ ഉണ്ടാക്കിയതൊന്നും വിഷമായിരുന്നില്ല
അവിടെ ജാതി, മത വ്യത്യാസമൊന്നുമില്ലായിരുന്നു..
ആകാശത്തിന് കീഴിൽ ഭൂമിക്ക് മുകളിൽ ഉള്ള സകലതും അവിടെ ചർച്ച ചെയ്യപ്പെട്ടിരുന്നു
അന്നും പല പല മതമുണ്ടായിരുന്നു.. ശ്രീകൃഷ്ണജയന്തിയും ക്രിസ്തുമസും വലിയ പെരുന്നാളും ഞങ്ങൾ ഒന്നിച്ചാഘോഷിച്ചു…അന്ന് പർദ ഇട്ടു മുഖം മൂടി നടക്കുന്നവർ ഇവിടെ ഇല്ലായിരുന്നു…ലക്ഷ്മിയും ആമിനയും റോസിയും ഒരു പാത്രത്തിൽ ഉണ്ട്… ഒരുമിച്ചു നടന്നു..
റേഡിയോ കിയോസ്കുകളിൽ അതിരാവിലെ ഓൺ ചെയ്യുന്ന റേഡിയോയിൽ വന്ദേമാതരം തുടങ്ങിയാൽ അത് നില്ക്കുന്നത് രാത്രി 11 .10 നു അവസാനിക്കുന്ന ഇംഗ്ലീഷ് വാർത്തയോടെ ആണ്. അവിടെ ഞങ്ങൾ ഒരുമിച്ചിരുന്നു നാട്ടിലെ സ്പന്ദനങ്ങൾ അറിഞ്ഞു…വാൽവ് റേഡിയോ മുതൽ ട്രാൻസിസ്റ്റർ റേഡിയോ വരെ അരങ്ങ് വാണു.
ആദ്യമായി ഒരു ഇന്ത്യക്കാരൻ ശൂന്യാകാശത്ത് പോയതും അവിടെ നിന്നും ഇന്ത്യൻ പ്രധാനമന്ത്രിയോട് സംസാരിച്ചതും ഞങ്ങൾ കേട്ടു.
പ്രധാനമന്ത്രി ഇന്ദിര ഗാന്ധി , സഞ്ചാരി ആയ രാകേഷ് ശർമയോട് കൈസെ ഹമാരാ ഭാരത് എന്ന് ചോദിച്ചപ്പോൾ സാരേ , ജഹാം സെ അച്ചാ ഹേ , ഹമാരാ ഭാരത് “. എന്ന് കേട്ട് ഞങ്ങൾ അഭിമാന പുളകിതഗാത്രരായി..
അയൽ വീട്ടിലെ പ്രേശ്നങ്ങൾ എല്ലാവരുടേതും ആയിരുന്നു.. മരണത്തിലും വിവാഹത്തിലും എല്ലാം സ്വന്തമെന്ന പോലെ പങ്കെടുത്തു… ഈവെന്റ്മാനേജ്മെന്റുകൾ അന്നില്ലായിരുന്നു.
നന്മ പൂത്തുലഞ്ഞു നിന്നിരുന്ന കാലം… ആ കാലത്തിൽ ജീവിക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യവാന്മാരാണ്…. ഓർത്തു വെക്കാൻ കുറെ ഓർമകൾ തന്ന കാലമേ നന്ദി….🙏🙏

By ivayana