രചന : വൈഗ ക്രിസ്റ്റി✍

നമ്മൾ ഒരു റസ്റ്റോറൻ്റിൽ
ഒരു മേശയ്ക്കിരുപുറമിരിക്കുന്നു .
ഞാൻ
ഒരു കാപ്പി പറയും
നീയൊരു ചായ പറയുമെന്നെനിക്കറിയാം,
എനിക്കറിയാമെന്ന് നിനക്കും
ഞാനെന്തു കൊണ്ടാണ്
പച്ചക്കറി വിലയെക്കുറിച്ച്
വിലപിക്കാത്തതെന്ന് നീയത്ഭുതപ്പെടത്തില്ല
അതിന് ബദലായി
നീ ഇസ്രയേലിലെ നരഹത്യയെക്കുറിച്ച്
വേവലാതിപ്പെടാനിരിക്കുകയാണെന്ന്
എനിക്കറിയാം
എനിക്കറിയാമെന്ന് നിനക്കും
എൻ്റെ കാപ്പിയും
നിൻ്റെ ചായയും തീരുമ്പോൾ ,
നീയൊരു കാപ്പിയ്ക്കും
ഞാനൊരു മുന്തിരി ജ്യൂസിനും
ഓർഡർ കൊടുക്കുമെന്ന്
നമ്മൾ,
പരസ്പരം കണ്ണിൽ നിന്ന് വായിക്കും
എന്നിട്ടുറക്കെ ചിരിക്കും
ഇപ്പോൾ ,
ഞാനെൻ്റെ വീട്ടിലേക്കുള്ള തെരുവിലൂടെ
നടക്കുകയാണ് .
നിൻ്റെ വീട് എതിർദിശയിലായിട്ടും
നീയെൻ്റെ പിന്നിലുണ്ടെന്ന് ,
എനിക്കറിയാം.
നിന്നെ കടത്തിവിടാൻ
ഞാനാ പഴം പച്ചക്കറിക്കാരനോട്
വിലപേശി നിൽക്കും ..
എനിക്കറിയാം ,
പിന്നീട് നീ തിരിച്ചു വരുമ്പോൾ
എൻ്റെ നേരംവൈകലിൽ നിന്നും
തെറിച്ചുവീണൊരു ഞരക്കം
കണ്ടെടുക്കുമെന്ന്
ഞാനത് മന:പൂർവം വഴിയിലിടുമെന്ന് ,
നിനക്കുമറിയാം .
ഇപ്പോൾ ,
ഞാൻ വീട്ടിലിരുന്ന് ഒരു കവിത എഴുതുകയാണ് .
നീ കയറാതിരിക്കാൻ
ഞാനതിൻ്റെ ആദ്യ പകുതിയിലൊരു
കൊടുങ്കാടൊളിപ്പിച്ചു വയ്ക്കും .
എന്നാലുമെനിക്കറിയാം
മറ്റാരും കയറാൻ മടിക്കുന്ന
ആ കാട് നിൻ്റെ വീട് പോലെ
നിനക്ക് പരിചിതമാണെന്ന് ,
നീയതിൽ കിടന്നുറങ്ങാറുണ്ടെന്ന് ,
ഉണരാറുണ്ടെന്ന് ,
തിന്നാറും കുടിക്കാറുമുണ്ടെന്ന് .
എനിക്കറിയാമെന്ന് നിനക്കുമറിയാം
രണ്ടാം പകുതിയിൽ ,
ഞാനൊഴുക്കി വിടാൻ പോകുന്ന
കടൽ ,
നാളെ നീയൊരു കുപ്പിയിലടച്ച്
ഒരു പരിഹാസത്തോടെ
എനിക്കു തരുമെന്നും എനിക്കറിയാം ,
എനിക്കറിയാമെന്ന് നിനക്കും .
അത്രയ്ക്കും …,
നീയെന്നിലും ഞാൻ നിന്നിലും
താവളമടിച്ചിരിക്കുന്നു.


വൈഗ ക്രിസ്റ്റി

By ivayana