രചന : ടി.എം. നവാസ് വളാഞ്ചേരി ✍

മറ്റുള്ളവരുടെ സമാധാനം ഇല്ലാതാക്കി തങ്ങൾക്ക് മാത്രം സമാധാനം മതിയെന്ന വിരോധാഭാസവും ആയുധകരുത്തുള്ള വേട്ടപ്പട്ടിയുടെ അട്ടഹാസങ്ങൾക്കു മുമ്പിൽ പ്രാണഭയത്താൽ വിളറിയമനുഷ്യരുടെ ദൈന്യതയുടെ വിളറിയ മുഖത്തിന്റെ പേരാണ് യുദ്ധം.അനാഥരാക്കപ്പെടുന്നവരുടെ ചുണ്ടിൽ വിരിയുന്ന ഭയത്തിന്റെനീലിച്ച നിറവും കണ്ണിലെ അങ്കലാപ്പുംനിസ്സഹായരായ യുവതയുടെ കണ്ണുനീരുമല്ലാതെ യുദ്ധം ഒന്നും ബാക്കി വെക്കുന്നില്ല.മഹാമാരി കൊണ്ട് ലോകം വിറപ്പിച്ച കുഞ്ഞു വൈറസ് പഠിപ്പിച്ച താക്കീതുകൾ പാടെ മറന്ന് മഹായുദ്ധത്തിലേക്കുള്ള വഴി വെട്ടിത്തെളിക്കാനുള്ള വ്യഗ്രതയിലാണ് ചോരക്കൊതി പൂണ്ട വേട്ട നായ്ക്കൾ .

കെട്ടകാലത്തി താ ഓടുന്നു കാട്ടാളക്കൂട്ടങ്ങൾ
മനുജന്റെ ചോര കുടിച്ചിടാൻ
കൺകളിൽ ക്രൗര്യവും ഹൃത്തിൽ പകയുമായി
ചീറിയടുക്കുന്നു നീചരാം കീചകർ
പൂട്ടിട്ട ആയുധപ്പുരകൾ തുറന്നവർ പായുന്നു
ഭൂമിതൻ മാറ് പിളർക്കുവാൻ
മനമതിൽ ഭീതി പടർത്തിയാ ചെന്നായ്ക്കൾ
വർഷിച്ചു ബോബുകൾ ഗാസ തൻ തെരുവതിൽ
തച്ചുതകർത്തു മിസൈലുകളാലവർ
ചോര നീരാക്കിയ സൗധങ്ങളൊക്കെയും
കൂടപ്പിറപ്പിന്റെ കൂടാരമൊക്കെയും
ബോംബാൽ മിസൈലാൽ തകർത്ത് കളഞ്ഞവർ
കണ്ണു തുറക്കുമ്പോ ചാരമായ് മാറുന്നു
കണ്ട കിനാക്കളും സ്വപ്നങ്ങളൊക്കെയും
എന്തിനെന്നറിയാതെ ഏതിനെന്നറിയാതെ
മരണത്തെ പുൽകുന്നു ജീവൻ വെടിയുന്നു.
സൂക്ഷ്മാണുവായുള്ള കുഞ്ഞുഞ്ഞു വൈറസ്
പഠിപ്പിച്ച പാഠങ്ങളമ്പെ മറന്നവർ
നിർദ്ദയം കൊന്നു കൊല വിളിച്ചു അവർ
കനവുകൾ പൂക്കുന്ന സ്നേഹാലയങ്ങളിൽ
നായുടെ വാലു പോൽ നീരാത്ത നിവരാത്ത
കോലങ്ങളെങ്ങും ഉറഞ്ഞുതുള്ളിടുമ്പോൾ
കണ്ടിട്ടും കൊണ്ടിട്ടും പാഠം പഠിക്കാത്ത ഇരുകാലി
കൂട്ടത്തോടെന്തു ചൊല്ലും നമ്മൾ.

ടി.എം. നവാസ്

By ivayana