രചന : പിറവം തോംസൺ ✍

ഏറെയിനിയും പറയുവാനുണ്ടെനിക്ക്!
കേൾക്കുവാൻ സമയമില്ലയല്ലോ നിനക്ക്!
പണ്ടു നമ്മൾ നട്ട ചമ്പകം പൂത്തതും
രണ്ടിണക്കുരുവികൾ പറന്നു വന്നതിൽ
കൊക്കുരുമ്മി കളി പറഞ്ഞിരുന്നതും
തൊട്ടടുത്തു നിന്ന മുല്ലവള്ളിയതിൽ
പടർന്നു കേറി വരിഞ്ഞു പുണർന്നതും
കണ്ടു നിന്നു ഹാ ഞാൻ വിങ്ങിക്കരഞ്ഞതും
പിന്നെ നിന്നെയോർത്തങ്ങനെയിരുന്നതും
പകൽ ക്കിനാക്കളാണിന്നെന്നിരിക്കിലും
മറക്കുകില്ലോമനേ മരിക്കുവോളം
ഞാനതൊരിക്കലും….
കൈത പൂത്ത നാളിൽ നമ്മൾ രണ്ടു പേരും
പൂ പറിയ്ക്കാൻ തോട്ടു വക്കിൽ പോയതും
ഏന്തി നിന്നു പൂവിറുത്തീടവേ
കാലു തെറ്റി ഞാൻ തോട്ടിൽ വീണതും
കണ്ടു നിന്ന നീ കൈ കൊട്ടി ചിരിച്ചതും
കൺ നിറഞ്ഞു പിന്നെ നിൻ പാവാടത്തുമ്പു
കൊണ്ടെൻ തല തുവർത്തിത്തന്നതും
പകൽക്കിനാക്കളാണിന്നെന്നി രിക്കിലും
മറക്കുകില്ലോമനേ, മരിക്കുവോളം
ഞാനതൊരിക്കലും….
പാറിപ്പറക്കാതെ പൈങ്കിളിയിന്നു
പൂക്കാത്ത പൂമരക്കൊമ്പത്തിരുന്നു
പാടാത്ത പാട്ടിന്റെയീണം നുകർന്നു
പൂഞ്ചിറകിന്നിതൾ കൊഴിച്ചിടുന്നു.
ഓർമ്മകളിന്നാ കനകനിലാക്കാലം
നീർത്തിക്കുടഞ്ഞിട്ടിസ്തിരി യിടുമ്പോൾ
കൊടിയ താപക്കെടുതിയാലതു
ചുടു പനിനെറ്റി പോൽ ചുളിയുന്നു…

പിറവം തോംസൺ

By ivayana