രചന : ബിനു. ആർ ✍

വിജയൻ മരണപ്പെട്ടു. ഇന്നലെ രാത്രിയിൽ എപ്പോഴോ ആയിരുന്നു മരണം. മൂന്നാണ്മക്കളും ഭാര്യയും അറിഞ്ഞതേയില്ല. കനത്തമഴയുടെ തണുപ്പിൽ വേറെവേറെ മുറികളിൽ മൂടിപ്പൊതിഞ്ഞു കിടന്ന് അവർ ഉറങ്ങി.
എത്രയോ നാളായി ഭാര്യയും മറ്റൊരു മുറിയിലാണ് കിടന്നുറങ്ങിയിരുന്നത്. അതിനു കാരണവും ഉണ്ടായിരുന്നു. പറഞ്ഞാൽ, ആ മരിച്ചു കിടക്കുന്ന മനുഷ്യനെ നമ്മളും പ്രാകിപ്പോകും. അതാണ് അയാളുടെ കയ്യിലിരിപ്പ്.


മൂത്തമകൻ പ്രശോഭൻ കെട്ടാനിരുന്നപെണ്ണിനെ അവളുടെ വീട്ടിൽ വച്ച് ആരോരുമില്ലാതിരുന്ന നേരത്തു പീഡിപ്പിച്ചു എന്നുപറഞ്ഞാൽ ;ഇപ്പോൾ എവിടെയും അതാണല്ലോ തലവാചകം. കേസ് പോലീസിന്റെ മൂക്കിൻതുമ്പത്തുനിന്നും വഴുതി പോയി. അയാളേയും കൊണ്ടു നാടുചുറ്റാനും അന്യദേശത്തൊക്കെപ്പോയി തെളിവെടുക്കാനുമൊന്നും അവർക്കുപറ്റിയില്ല.


കാര്യം സത്യമായിരുന്നെന്ന് അയാളുടെ മനസ്സ് പറയും. കാരണം കോളേജിൽ പഠിച്ചിരുന്ന കാലത്ത് അയാൾ കുറേ ആ പെണ്ണിന്റെ അമ്മയുടെ പിറകേ കുറേ നാൾ പ്രേമം എന്നുപറഞ്ഞു നടന്നിരുന്നു. അവളുടെ പേര് സത്യഭാമ.ഒറിജിനൽ പ്രേമമൊന്നും ആയിരുന്നില്ല. അവൾ അന്ന് ആ ഭൂലോകത്ത്‌ ഒരു ‘ചരക്ക് ‘തന്നെ ആയിരുന്നു. പക്ഷേ അവൾ നിർദാക്ഷിണ്യം അയാളെ തഴഞ്ഞു കളഞ്ഞു.


അന്നത്തെക്കാലത്ത് വിജയന്റെ കൈയിലിരുപ്പും അത്ര നല്ലതായിരുന്നില്ല. അന്നേ, കാർന്നവർമാർ ഉണ്ടാക്കിവച്ച പണത്തിന്റെ കൊഴുപ്പ് കൊണ്ട് അയാൾ കാണിച്ച നിവൃത്തികേടുകളെല്ലാം നാട്ടിൽ പാട്ടായിരുന്നു. ആരെങ്കിലും, തല്ലിക്കൊന്നാലോ എന്നുവരെ ആലോചിച്ചിട്ടുണ്ടാകും. പെണ്ണെന്ന വീക്നെസ്സിൽ അയാൾക്ക് കണ്ണും കാതും ഉണ്ടായിരുന്നില്ല എന്നു വേണം പറയാൻ.


സത്യഭാമയുടെ മകളാണ് തന്റെ മകന്റെ പെണ്ണ് എന്ന് അറിഞ്ഞപ്പോൾ മുതൽ അത് കലക്കാൻ ഉള്ള വഴികൾ അയാൾ കുറേ ചികഞ്ഞു നോക്കി. ഒടുവിൽ മകനോട് സത്യഭാമയുടെ കുറേ കൊള്ളരുതായ്മകൾ കുറേ ഉണ്ടാക്കിയൊക്കെ പറഞ്ഞു നോക്കി.
മകന്റെ ഭാഷയിൽ അവൾ സത്യഭാമ ഈ ഉലകത്തിലെ മാതൃകയായ സ്ത്രീ ആയിരുന്നു. ഒരു സ്റ്റാറ്റസ് ഉള്ളവൾ. അവളുടെ മകൾ ഊർമിളയെ പ്രശോഭൻ നേരത്തേ കണ്ടിട്ടുമുണ്ട്, സംസാരിച്ചിട്ടുമുണ്ട്. അത് കേട്ടതോടെ ഹാലിളകിപ്പോയി.
സത്യഭാമയോട്, കാര്യങ്ങളൊക്കെപ്പറഞ്ഞു കല്യാണത്തിൽ നിന്നും പിന്തിരിപ്പിക്കാം എന്ന് കരുതിയാണ്, ആ വീട്ടിൽ വീണ്ടും ചെന്നത്. അവിടെ സത്യഭാമയ്ക്ക് പകരം മോളെ മാത്രം കണ്ടപ്പോൾ…. ഒരു നിമിഷം…


നിരപരാധിയായ തന്നെ വേട്ടയാടുന്നുവെന്നും പറഞ്ഞ് അയാൾ കോടതിയിലെത്തി, മുൻ‌കൂർ ജാമ്യവും വാങ്ങി. അങ്ങനെ അയാൾ നെഞ്ചും വിരിച്ചു നടക്കുന്ന സമയത്താണ്, ഹൃദയസ്തംഭനം എന്ന പേരും പറഞ്ഞ് മരണം അയാളെയും കൊണ്ട് പോയത്.
സംസ്കാരമെല്ലാം കഴിയുന്നതു വരെ ചുറ്റിപ്പറ്റി അവിടെയൊക്കെ നിന്നോളാൻ മരണവും പറഞ്ഞു. അങ്ങിനെയാണ് ഭാര്യയുടെ മുറിയിൽ ചെന്നത്. അവളെ കുലുക്കിയുണർത്താൻ കുറെയേറെ ശ്രമിച്ചു നോക്കി. ശരീരമില്ലാത്തതു കൊണ്ട് അവളുടെ രോമത്തിൽ പോലും ഒന്നുതൊടാൻ കഴിഞ്ഞില്ല.


മരണം പുഴക്കക്കരെയുള്ള കയ്യാലക്കകത്തെ വറീതിനെ കൂട്ടിവരാം എന്നു പറഞ്ഞ് പോയിരിക്കുകയാണ്. അതിനുള്ളിൽ ഇവളെ വിളിച്ചുണർത്തിയാൽ, അവൾ തന്നേയും കൊണ്ട് ആശുപത്രിയിൽ ചെന്നാൽ, പണം വരിക്കോരിക്കൊടുത്ത് മുൻ‌കൂർ ജാമ്യം നേടിയതുപോലെ, ആശുപത്രിയിലും കൊട്ടിക്കുടഞ്ഞുകൊടുത്താൽ, മരണത്തെയും ഒന്ന് ഇളീംഭ്യനാക്കാമല്ലോയെന്നു വിചാരിച്ചു.


ആ കളി നടക്കില്ലെന്നായപ്പോൾ ഇളയവന്റെ മുറിയിൽ ചെന്നു. മൂത്തവന്റെ അടുത്ത് ചെല്ലാൻ പറ്റില്ല. അവൻ തന്നെകണ്ടാൽ തല്ലിക്കൊല്ലും എന്നാണ് പറഞ്ഞിരിക്കുന്നത്.
അതുകൊണ്ട് തന്നെ, രാവിലെ നേരം വെളുക്കുന്നതിനുമുൻപേ, അവൻ ഉണരുന്നതിനുമുൻപേ എഴുന്നേറ്റ് കൊച്ചമ്മിണിയുടെ അടുത്തേയ്ക്ക് പോകും. കാര്യം എന്തൊക്കെയായാലും, പിള്ളേരൊക്കെ വലുതായെങ്കിൽ പോലും മിക്കവാറും അവളുടെ അടുത്ത് പോകാറുണ്ട്. പണം ഇഷ്ടംപോലെ ഉള്ളതുകൊണ്ട്, അവളത് കുറെയൊക്കെ വാരിയെടുക്കാറുമുണ്ട്, എനിക്കു കുറേ സുഖങ്ങളൊക്കെ തരാറുമുണ്ട്.ഈ സംഭവമൊക്കെ നടന്നതില്പിന്നെ അവൾക്കും അത്രക്കൊന്നും താല്പര്യമില്ല. എന്നാലും മറുത്തൊന്നും പറയില്ല.


ഇളയ ചെറുക്കന്റെയടുത്തും ഒരു കളിയും നടന്നില്ല. അവൻ ഉണരുമെന്നൊക്കെ തോന്നി;പക്ഷേ അവൻ തിരിഞ്ഞു കിടന്നു കളഞ്ഞു.
അപ്പോഴാണ് മരണം വന്നത്. ഒരു തോളത്ത് വറീത് കിടപ്പുണ്ടായിരുന്നു മറുതോളത്ത് വിജയനേയും എടുത്തിട്ട് പാതാളത്തിലേക്ക് വച്ചുപിടിച്ചു.പോകുന്ന പോക്കിൽ വിജയൻ ചോദിച്ചു,
”സംസ്കാരം കഴിയുന്നതും വരേയ്ക്കും അവിടെയൊക്കെ നിന്നോളാൻ പറഞ്ഞിട്ട്??? “
മരണം വളരേ ലാഘവത്തോടെ പിറുപിറുത്തു…
“എന്നു പറഞ്ഞപ്പോഴേ നിങ്ങൾ മരണത്തെ തോൽപിക്കാനുള്ള വഴി ചികഞ്ഞു തുടങ്ങി. അതുകൊണ്ട്, ഇനി നിങ്ങളെ ഇവിടെ നിറുത്തിയാൽ പറ്റില്ല.”
പാതാളത്തിന്റെ വാതിൽ തുറന്നു കിടന്നിരുന്നു. വിജയനെ വാതിക്കൽ നിറുത്തി. അവിടുന്നനങ്ങരുതെന്നു കല്പ്പിച്ചു.


അകത്തേയ്ക്കുനോക്കിയപ്പോൾ ഒന്നും കാണാനുണ്ടായിരുന്നില്ല. അങ്ങേ മുറിയിലേക്ക് ഒരു നൂൽ വലിച്ചു കെട്ടിട്ടിരുന്നു. അതെന്താണെന്ന് മരണത്തോട് ചോദിച്ചു.
മരണം തിരിച്ചു ചോദിച്ചു. പാതാളത്തിലെ നൂൽപ്പാലത്തിനെക്കുറിച്ച് കേട്ടിട്ടില്ലേയെന്ന്.
അത് വെറും കഥയായിരിക്കുമെന്നാ കരുതിയത്. അതങ്ങനെയല്ല എന്നു മനസ്സിലായി. ആ നൂൽപ്പാലത്തിന്നടിയിലേക്ക് ഒന്നെത്തി നോക്കി. വിജയൻ പേടിച്ചരണ്ടുപോയി എന്നു പറയേണ്ടതില്ലല്ലോ. അടിയിൽ ആഴി കിടന്നു തിളക്കുകയാണ്. കത്തി ജ്വലിക്കുകയാണ്.


വറീതിനോട് നൂൽ പാലത്തിലൂടെ നടന്നുപോയ്ക്കൊള്ളാൻ മരണം പറഞ്ഞു. വറീത് വളരേ ലാഘവത്തോടെ നടന്നങ്ങുപോയി. അതുകണ്ടിട്ട് വിജയൻ അന്ധാളിച്ചുപോയി.
വിജയനോട് നൂൽപാലത്തിലൂടെ നടന്നു പൊയ്ക്കൊള്ളാൻ പറഞ്ഞപ്പോൾ വേറെ ഉള്ളൊന്നുമില്ലാത്തതിനാൽ കിടുങ്ങാനൊന്നും ആയില്ല. വാറീത് പോയതുപോലൊന്നുമല്ലല്ലോ ഇത്. വറീത് ഒരു മാന്യനായിരുന്നു. എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽപോകും, ഭാര്യയും പിള്ളേരും പറയുന്നതിനപ്പുറമൊന്നുമില്ല. വെറും പാവം.


വൈകുന്നേരം ഒന്നര പെഗ് ഭാര്യ അളന്ന് ഒഴിച്ചു കൊടുക്കും. അത് ഇടക്കിടയ്ക്ക് മൊത്തി പാതിരാ ആക്കും,കിടന്നുറങ്ങും. പാവം എന്നല്ലാതെ എന്താ പറയ്ക…
താനോ, ജാനുവിനെ കെട്ടണതുവരെ, താനാരോ തന്നാരോ… കെട്ടിക്കഴിഞ്ഞപ്പോഴോ… തന്നാരോ തന്നാരോ തിന്തിമി തിന്തിമി തന്നാരോ.. പിന്നെങ്ങനെ നൂൽ പാലത്തിലൂടെ നടക്കും!!!
-ശുഭം –

By ivayana