രചന : ഷാഫി മുഹമ്മദ് റാവുത്തർ✍
കരിമ്പാറക്കരുത്തുറ്റ
മനസ്സിന്റെയമരത്തിൽ
ചുടുചോരച്ചരിതങ്ങൾ
വരച്ചിട്ട ദ്വയാക്ഷരം
അടിമച്ചങ്ങലയ്ക്കുള്ളി-
ലഭിമാനം തളച്ചപ്പോളു-
യർന്ന മുഷ്ടികൾ തീർത്ത
സമരത്തീ കൊളുത്തിയോൻ
ചുവപ്പാർന്ന പുലരിക്കും
കരയുന്ന മനുഷ്യർക്കും
നനുത്ത നന്മയാലുള്ളം
തുറന്നിട്ട മഹാമന്ത്രം
മലയാളം മറക്കാത്ത
രണഭേരി മുഴക്കിയ
അഭിമാനക്കൊടിയേന്തും
തൊഴിലാളിപ്പിറപ്പു നീ
ശതകവും കടന്നു നീ-
നടക്കുമ്പോൾ ചരിത്രത്തി-
ലെഴുതുന്നു സമത്വത്തിൻ
സമരങ്ങൾക്കുടയോനായ്
■