പശ്ചാത്തപിക്കാത്തവർക്ക് പാപമോചനമില്ലെന്ന തിരിച്ചറിവിലാണയാൾ വേർപ്പച്ചകളിലേയ്ക്ക് കുനിഞ്ഞുനോക്കിയത് .
പശ്ചാത്താപം വെറും മനോവൃത്തിയല്ലെന്നും മറ്റുള്ളവരിലേക്ക് ചാഞ്ഞ കരുണയുടെ ചില്ലകളാണെന്നും ദൈവം പണ്ടേ പറഞ്ഞിരുന്നതാണല്ലോ .
സ്നേഹവാക്കുകളുടെ – യടർന്നുപോയവക്കുകളിലൂടെയിഴഞ്ഞിഴഞ്ഞ്
ചീഞ്ഞഴുകിയ
ശരീരങ്ങളിലും മുറിഞ്ഞറ്റ ഹൃദയങ്ങളിലുമയാൾ
കൈത്തലങ്ങളാൽ തഴുകിയപ്പോൾ
അവയടർന്നറ്റ് അയാളിലേയ്ക്കൊട്ടി
കൂടുതൽ നൊന്തു .
അവിഹിതങ്ങളാൽ
ആത്മഹത്യചെയ്ത് മറഞ്ഞ ഗർഭപാത്രങ്ങളിലയാൾ
കറുകറുത്ത രോമങ്ങൾ നിറഞ്ഞ പുഴുക്കളായി
ചുരുണ്ടുവീണ് സമാധികിടന്നപ്പോൾ
മറവിയുടെ കൊത്തളങ്ങളിൽ നിന്ന്
ഉതിർന്നുവീണവിത്തുകൾ
അയാളിൽ മുളച്ചുപൊന്തിപ്പടർന്നലഞ്ഞു.
അപ്പോൾ
ഉരുകിയൊലിക്കുന്ന
സന്ധ്യാനാമങ്ങളിലയാൾ
നിറഞ്ഞുമിഴിഞ്ഞ
അമ്മക്കണ്ണുകൾ കണ്ടു .
വളഞ്ഞ് വളർന്ന
പതിനെട്ടാം പട്ടയിൽ നിന്ന്
അടർന്നുവീണുചിതറിയ
ഇളനീർത്തൊണ്ടുകളിൽ
കല്ലിച്ച മുഖാവരണവും കണ്ണിൽ നിരാശയുമണിഞ്ഞ
അച്ഛൻ്റെ വേർപ്പുനീര് രുചിച്ചുപ്പോൾ
തെങ്ങിൻ ചോട്ടിൽ
മണ്ണരുകൾക്കിടയിൽ
കാലം കറുപ്പുകുത്തിയ
തലയോട്ടിയിലയാൾ
അച്ഛൻ്റെ കണ്ണുകളൊഴിഞ്ഞ് കിടക്കുന്നത് ഉൾക്കിടിലത്തോടെയറിഞ്ഞു .
അച്ഛോ …
ജന്മാന്തരങ്ങൾക്കപ്പുറത്തേയ്ക്ക്
കണ്ണീര് തെറിച്ചുവീണപ്പോൾ
മൂർദ്ധാവിൽ
മുടിയിഴകളിലയാൾ അമ്മയുടെ വിരലുകൾ നൊന്തുപിടഞ്ഞതറിഞ്ഞു
അപ്പോൾ പൊരിവെയിലിലൂടെ പറന്നെത്തിയ തലകളറ്റ ചിത്രത്തുമ്പികൾ അയാളുടെ ചുമലുകളിൽ
കരഞ്ഞുകൊണ്ടേയിരുന്നു .
അയാളുടെ ബാല്യ നിയോഗകങ്ങളെ അവയുടെയസംഖ്യം പുള്ളിത്തലകൾ
കുമിഞ്ഞുമൂടിയിരുന്നു .
തൂങ്ങിമരിച്ചുപോയ പെങ്ങളുടെ കണ്ണീരിലൊലിച്ചയാൾ
ജീവൻ്റെ വിവശതകളിലേയ്ക്ക് വീണ്ടുമടിഞ്ഞുകൂടി .
അവിടെ
ദുരയും കാമവുമേന്തി
വേട്ടയ്ക്കിറങ്ങിയവർ
പണിതുകൂട്ടിയ
സ്വർഗ്ഗങ്ങൾക്ക്
ധ്വജഭംഗമേന്തിയ
കാമുകനെപ്പോലെ
കരഞ്ഞുകാവൽ കിടന്നു .
അപ്പോൾ
സ്വർഗ്ഗത്തിൽ നിന്നടർന്നുവീണ ദൈവത്തെ
നരകം വീണുമൂടിയിരുന്നു .
ദൈവമില്ലാത്തയിടങ്ങളെല്ലാം സ്വർഗ്ഗങ്ങളെന്ന്
അപ്പോഴുമയാൾ
വിശ്വസിയ്ക്കാനാഞ്ഞു.