രചന : തോമസ് കാവാലം. ✍

യുദ്ധം കൊടുമ്പിരി കൊണ്ടീടും നേരത്ത്
മുഗ്ധമാം മാനസം നൊന്തീടുന്നു
ശക്തമായ് ശത്രുക്കളങ്ങോട്ടുമിങ്ങോട്ടും
മുക്തിക്കായർച്ചനാബോംബിടുന്നു.

ധരണിയാകെയും വെണ്ണീറായ് മാറ്റുവാൻ
ധാരണ വേണമെന്നാണു ചിലർ
കാരണമൊന്നുമേ വേണമെന്നില്ലവർ
തീരണമീലോകമെന്നു മാത്രം.

ഏഷണിയങ്ങോട്ടുമിങ്ങോട്ടും വർഷിച്ചു
ഭാഷണ,മർച്ചനയാക്കുന്നവർ
എരിയും തീയിലിലേക്കാക്ഷേപവർഷമാം
എണ്ണ ചൊരിഞ്ഞീടുന്നർച്ചനപോൽ

ഈശ്വരനാമത്തെയേറ്റുചൊല്ലീട്ടവർ
വീശുന്നു വാളുകൾ വാക്കുകളും
അർച്ചനയാക്കുന്നു പിച്ചകപ്പൂപോലെ
അർപ്പിച്ചു പോകുന്നു ശീർഷങ്ങളും

മോക്ഷവാസിയവ,നക്ഷമനാകുന്നു
ആക്ഷേപം വർഷിച്ചീ,യർച്ചനയാൽ
അക്ഷരമർച്ചനയാക്കുവോരെന്നിട്ടും
അക്ഷരം മിണ്ടാതെ,യീക്ഷിതിയിൽ.

ഏശുന്നില്ലൊന്നുമേ,യെന്നുകണ്ടീടുകിൽ
യേശുവേ! ആശു നീ വന്നിടുമോ?
നശ്വരമാകുമീ വിശ്വത്തെ രക്ഷിപ്പാൻ
ഈശ്വരാ! നീയല്ലാതാരുവരും?

തോമസ് കാവാലം

By ivayana