എന്നെ അറിഞ്ഞവരേ
അറിയാത്തവരേ
പതം പറയുന്നവരേ
പറയാത്തവരേ…
ഞാനെന്നെയറിഞ്ഞതിൽ
കൂടുതൽ, നിങ്ങളെന്നെ
അറിഞ്ഞിരിയ്ക്കുന്നു…
പക്ഷേ … അറിഞ്ഞതിൽ,
കൂടുതലറിയാതെ പോയി…
രതിയും പ്രണയവും കാമവും
നിറഞ്ഞയെൻ്റെ തൂലികയ്ക്ക്
വാറ്റുചാരായം മണക്കുന്ന
പ്രണയഭാവങ്ങൾ രചിച്ചവരേ…
എല്ലാം നഷ്ടബോധത്തിൻ്റെ
പാതാള ഗർത്തങ്ങളായിരുന്നു …
പൂക്കളുടെ നറുമണവും
സ്ത്രീ വർണ്ണനയുമില്ലാ
തിരുന്നത്, അതിലേറെയും
അടിച്ചമർത്തപ്പെട്ടവൻ്റെ
ഹൃദയത്തുടിപ്പുകളായിരുന്നു…
തെരുവിന്നു തിന്നാൻ കവിത വിതറുമ്പോൾ ,
ഞാൻ സൂക്ഷിച്ച ആലിലയുടെ
ഞരമ്പുകളിൽ എൻ്റെ പ്രണയത്തിൻ്റെ
സ്വർഗ്ഗത്തുരുത്തുകളായിരുന്നു….
താലി കെട്ടുമ്പോൾ അറ്റുപോകുന്ന
പ്രണയത്തെ സൂക്ഷിക്കാൻ,
പരാചയപ്പെട്ടവൻ്റെ കൈ മടക്കുകളിൽ
സൂക്ഷിച്ചത് നനുത്ത ദു:ഖത്തിൻ്റെ
ആവർത്തനങ്ങളായിരുന്നു…
സമയം പോരാതെ വരുമെന്ന്
ഞാൻ കുറിച്ച ഒസ്യത്ത് പഠിക്കാതെ
ഇന്നുമെൻ്റെ ശവമഞ്ചം
ചുമക്കുന്നവരേ…
കാട്ടാളൻ്റെ ക്രൂരത തുടങ്ങിക്കഴിഞ്ഞു..
ആ അമ്പുകൾ നിങ്ങടെ മുതുകിൽ തറയ്ക്കാം…
എണ്ണമില്ലാത്ത കല്ലുകളുടെ
കലാപവും തുടങ്ങിക്കഴിഞ്ഞു..
തടുത്തു കൊള്ളുക:..
തടുത്തു കൊള്ളുക…..