രചന : മോഹനൻ താഴത്തേതീൽ അകത്തേത്തറ ✍
അടുത്ത കാലത്താണ് അയാളുടെ കഥകൾ ശ്രദ്ധയിൽ പെട്ടു തുടങ്ങിയത്. പെട്ടെന്ന് തന്നെ ആളിക്കത്തി പടരുന്ന തീജ്വാല പോലെ വായനക്കാർ അതേറ്റു പിടിച്ചു എന്നു പറയാം. നവമാധ്യമ കൂട്ടായ്മകളിൽ വളരെ പെട്ടെന്ന് ഒരു തീപ്പന്തമായി അയാളുടെ തൂലിക മാറിക്കഴിഞ്ഞിരുന്നു.
തൂലികാ നാമത്തിൽ മാത്രം അറിയപ്പെട്ടിരുന്ന കഥാകാരനെ ആർക്കും അറിയില്ലായിരുന്നു.എങ്കിലും ഒരുപാട് വായനക്കാരും ആരാധകരും വളരെ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന് ഉണ്ടായി.ജീവിതഗന്ധിയായ പല രചനകളും പ്രഗത്ഭരായ എഴുത്തുകാർ പോലും അത്ഭുതത്തോടെ വായിച്ചിരുന്നതായി ചർച്ച ചെയ്യപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ രചനകൾ എനിക്കും ഒരു ലഹരിയായിരുന്നു. ഉറുമ്പ് എന്ന കഥ ശ്രദ്ധയിൽ പെട്ടതോടെയാണ് എനിക്ക് ആകർഷണം തോന്നിയത്.ഞാനയാൾക്ക് മനസിൽ ഒരു പേരിട്ടു. അപരൻ. എന്റെ മനസ് അദ്ദേഹത്തെ കാണാൻ വ്യാകുല മായിരുന്നു. അന്വേഷണവും ഞാൻ തുടങ്ങിയിരുന്നു.
ജീവിതത്തിന്റെ ഇടവേളകളിൽ അയാൾ ഞാൻ അറിയാതെ എന്റെ ഓർമ്മകളിൽ നിറഞ്ഞു നിന്നു. ഒടുവിൽ ഞാൻ തീരുമാനിച്ചു.ആ എഴുത്തുകാരനെ കാണണം.
അയാളെ ഓർത്തും സ്വപ്നം കണ്ടും സങ്കടപ്പെട്ടും എന്റെ നിദ്ര ഒളിച്ചോടുന്നത് ഞാൻ മനസ്സിലാക്കിയിരുന്നു.
ആ തൂലികാ നാമത്തിന്റെ ഉറവിടം തേടി ഞാൻ പ്രയാണം തുടങ്ങി.എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. ആഗ്രഹവും.
ജോലിയും മറ്റു പ്രവർത്തനങ്ങളുമായി ദിവസങ്ങൾ കടന്നു പോയി.വർഷം രണ്ടു കഴിഞ്ഞു. അയാളുടെ കഥകൾ വന്നും പോയും കൊണ്ടിരിക്കുന്നു. ആ കഥകൾ വായിക്കുമ്പോൾ വല്ലാത്ത ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടിരുന്നു. ദുഃഖവും.
ആയിടയ്ക്കാണ് ഒരു പ്രസിദ്ധീകരണത്തിൽ ഒരു വാർത്ത കണ്ടത്.അയാളുടെ (അപരന്റെ) തൂലികാ നാമത്തിൽ രചിക്കപ്പെട്ട ഒരു കഥ രാജ്യാന്തര പുരസ്ക്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ആരും ശ്രദ്ധിക്കാതെ പോയ ആ വാർത്ത എന്നെ പുളകം കൊള്ളിച്ചു.
ആ വാർത്തയിലും തൂലികാ നാമം മാത്രം രേഖപ്പെടുത്തിയിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ എനിക്ക് ഉറക്കം നഷ്ടമായി.അയാളെ എനിക്ക് കണ്ടേ മതിയാകൂ… എന്റെ
മുഴുവൻ സമയവും ഞാൻ അതിനായി മാറ്റി വെച്ചു.
എന്റെ ശ്രമം പരാജയപ്പെടുന്നു എന്ന് എനിക്ക് തോന്നി തുടങ്ങി.അന്ന് ഞാൻ എന്നത്തേയും പോലെ മദ്യക്കുപ്പിയും ഗ്ലാസും നിറച്ച് വെച്ചു.രാത്രി മുഴുവൻ മദ്യം കുടിച്ചു കൊണ്ടേ ഇരുന്നു.ക്രമേണ ബോധം മറയുന്നത് മനസിലായി തുടങ്ങി.
ബോധം ക്ഷണിക്കുന്നതിനു മുമ്പ് ഒരു പേനയും കടലാസും തപ്പിയെടുത്തു വിറയ്ക്കുന്ന കൈകൾ കൊണ്ട് അവിടെ കുറിച്ചത് ആ തൂലികാ നാമമായിരുന്നു.
ആ കഥയുടെ അവസാനവും.
പിറ്റെ ദിവസം അയാളെ തിരഞ്ഞ് ആ പുരസ്കാര സംഘാടകർ എത്തി.അവർ കണ്ടത് അയാളുടെ മരവിച്ച ശരീരമായിരുന്നു. ആ കഥയുടെ കയ്യെഴുത്ത് പ്രതിയും അവിടെ ചിതറി കിടന്നിരുന്നു.
“. അപരിചിതൻ”