രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍

പൂവിതളൊളിപൂണ്ടൊരു വേളയിൽ;
ഭാവബന്ധുര സ്മേരവുമായ് സഖീ,
ഞാൻ നിനക്കായ് കുറിച്ചിട്ടതൊക്കെയും
തേൻ മൊഴികളാണേവമൊന്നോർക്കുകിൽ!
ആരബ്ധ പ്രണയത്തിൻ പ്രദീപ്തമായ്
സാരസ്യപീയൂഷേ പുലർന്നീയെന്നിൽ;
എത്രയെത്ര സുരഭിലസ്വപ്നങ്ങൾ
ചിത്രവർണോജ്വലം ഹാ പകർന്നുനീ!
മങ്ങിയ വെളിച്ചത്തിൽ മെയ്ചേർന്നുനാം
അങ്ങകലെയ,ത്താരാഗണങ്ങളെ,
തിങ്ങിന കൗതുകത്തോടു കണ്ടുക-
ണ്ടങ്ങനെ സല്ലപിച്ചന്നിരുന്നതും
ആറ്റുവക്കത്തു തോണിയണയവേ-
യൂറ്റംപൂണ്ടു തുഴഞ്ഞങ്ങു പോയതും
നാട്ടുമാവിന്റെ കൊമ്പത്തെയൂഞ്ഞാലിൽ,
ആട്ടമാടി,മദിച്ചുരസിച്ചതും
അല്ലിയാമ്പൽ കടവിലിറങ്ങി നാം
മെല്ലേ,പൂക്കൾ പറിച്ചുമ്മവച്ചതും
ആ മരച്ചോട്ടിലായണഞ്ഞോരോരോ,
തൂമയോലും പ്രതീക്ഷകൾ നെയ്തതും
വർഷകാലത്തു തങ്ങളിൽ കൈകോർത്തു,
ഹർഷസാനുവിലേറിനടന്നതും
ഒക്കെയു,മിന്നലേപോലെയോർപ്പു,ഞാൻ
തെക്കിനിക്കോലായിലിരുന്നോമലേ!
പ്രേമമെത്തുമൊരു കുളിർതെന്നലായ്
ചാമരംവീശിയാരിലുമൊന്നുപോൽ
കാലംചെല്ലാതെതന്നെ പൊലിഞ്ഞുപോം
ചേലറ്റു,ചിറകറ്റതിൻ വൈഭവം
നല്ലിളംകള്ളിൻ വീര്യമുണ്ടായിടാം
ഉള്ളിലായതു പൊട്ടിമുളയ്ക്കുകിൽ
പ്രേമമേ നിന്റെ മായാവിലാസങ്ങൾ,
ഈ മണ്ണിലാരുതെല്ലൊന്നറിഞ്ഞിടാൻ!
ശൈശവം തന്നിൽ നമ്മെ ബന്ധിച്ചിടും
പാശമല്ലോ,പ്രണയമെന്നോർപ്പു നാം
പേശലമായ് ചിലർക്കതുതോന്നിടാം
ശാശ്വതമാവുകില്ലതിന്നാഗമം!
കേവലമൊരു ബുദ്ബുദമല്ലയോ,
ജീവിതവു,മിക്കാണും പ്രണയവും
ഭാവനാപൂർണമായതിനെ സദാ,
ആവുമ്പോലാസ്വദിക്കുക നാം മുദാ.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana