രചന : മാഹിൻ കൊച്ചിൻ ✍
പലസ്തീനിലെ ചുടുരക്തം ചാലിട്ട് ഒഴുകുന്ന മണ്ണിൽ നിന്നും രക്ഷാപ്രവർത്തകർക്ക് നോട്ടുബുക്കിൽ നിന്നും പറിച്ചെടുത്ത ഒരു കടലാസുകഷ്ണത്തിലെ ഒരു കുറിപ്പ് കിട്ടി. സയണിസ്റ്റ് ഭീകരതയുടെ തീതുപ്പുന്ന റോക്കറ്റുകൾ നിശ്ശേഷം തകർത്തുകൊണ്ടിരിക്കുന്ന വീടിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ഈ ചലനമറ്റു കിടക്കുന്ന കുരുന്നുമാലാഖ കിട്ടിയ കലാസുതുണ്ടിൽ, തലയ്ക്ക്മീതെ തൂങ്ങിനിൽക്കുന്ന കോൺക്രീറ്റ് പാളികൾക്ക് താഴെയിരുന്നുകൊണ്ട് അവളുടെ ഒസ്യത്ത് എഴുതിയതായിരുന്നു അത്…! 😥
“ഞാൻ ഹയ…
തീഗോളങ്ങളാൽ മൈലാഞ്ചിച്ചോപ്പണിഞ്ഞ രാവിലിരുന്ന് ഞാനെന്റെ ഒസ്യത്ത് എഴുതുന്നു. ആകെ എൺപത് ഷക്കലിന്റെ (പണം) ബാധ്യത എനിക്ക് ക്യാഷായുണ്ട്. 45 ഷക്കൽ ഉമ്മാക്ക് കൊടുക്കാനുള്ളതാണ്. സീനത്തിനും ഹാഷിമിനും അഞ്ച് ഷക്കൽ വീതം കൊടുക്കാനുണ്ട്. ഹിമതാത്തക്കും മറിയമിനും 5 വീതം. പിന്നെ അബൂദ് മാമനും സാറാ എളാമയ്ക്കും 5 വീതമുണ്ട്. ക്യാഷായിട്ടുള്ള ബാധ്യത അത്രയേയുള്ളൂ.!💞
ഇനി എന്റെ കളിപ്പാട്ടങ്ങൾ…”
അവൾക്ക് അത്രമേൽ പ്രിയപ്പെട്ടവയായതു കൊണ്ടായിരിക്കണം, അവൾ ആ കണക്കുകൾ, മുഷിഞ്ഞ, ചോരയും മണ്ണും പറ്റിയ കടലാസിന്റെ പ്രത്യേക വരയ്ക്കുള്ളിലാക്കി എഴുതിയിട്ടുണ്ട്. നാലുപേർക്കായാണ് എന്റെ കളിപ്പാട്ടങ്ങൾ വീതിച്ചു നൽകേണ്ടതത്രേ. ആദ്യം കുഞ്ഞനുജത്തി സീനയ്ക്ക്… പിന്നെ കൂട്ടുകാരികളായ റിമയ്ക്കും മിന്നയ്‌ക്കും അമലിനും…🥰
“ഇനിയുള്ളത് ഉടുപ്പുകളാണ്…
അവയെല്ലാം എളാപ്പായുടെ മക്കൾ എടുത്തോട്ടെ…
മിച്ചമുണ്ടെങ്കിൽ, പാവങ്ങൾക്ക് കൊടുത്തോളൂ…
ബാക്കിയുള്ളതെന്റെ ചെരുപ്പുകളും ഷൂസുകളുമാണ്… എന്റേത് മാത്രമാകുമെന്ന്, ഞാനും എനിക്കൊപ്പമുള്ള മനുഷ്യരും കിനാവുകണ്ട, എന്റെ മണ്ണിനെ ചുംബിച്ചു നടന്ന കുഞ്ഞിളം പാദരക്ഷകൾ… എല്ലാം കഴുകി വൃത്തിയാക്കി രക്തവും മണ്ണുമില്ലാതെ വയ്ക്കണം!
എന്നിട്ടവയും പാവങ്ങൾക്ക് കൊടുത്തോളൂ…”💞
ഹയ സ്വയം അവസാനിപ്പിച്ചതാണോ എന്നുറപ്പില്ല, അതോ ശിരസ്സിലേക്ക് വീണുപുൽകിയ മരണത്തിൽ അവസാനിച്ചതാണോ എന്നതുമറിയില്ല. ആ പേജവിടെ തീരുകയാണ്. കിട്ടാനുള്ള കണക്കുകൾ സൂക്ഷിച്ച മറ്റൊരു പേജുണ്ടാകുമോ എന്നും രക്ഷാപ്രവർത്തകർക്കും അറിയില്ല, അവർക്ക് കണ്ടുകിട്ടികാണില്ല! അറിയില്ല… 😥🙏
അപൂർണ്ണമായിയി ഉപേക്ഷിച്ച ഏതോ ഒരു നോട്ടുപുസ്തകത്തിൽ നിന്നും അവൾ കീറിയെടുത്ത പേജുകളിൽ ഒന്നായിരിക്കണം. ഒരേയൊരു പേജ്, അല്ലെങ്കിൽ നിരവധി പേജുകളിൽ ഒന്ന്… എഴുതിത്തീർന്ന മാത്രയിൽ കുഞ്ഞു ഹയയുടെ വീടിന്റെ നെറുകയിലേക്ക് മൈലാഞ്ചി ചോപ്പണിഞ്ഞ ഒരു തീഗോളം വന്നുപതിച്ചതിന്റെ ബാക്കിപത്രമാവാം. അല്ലെങ്കിൽ ഉറങ്ങാൻ കിടന്നപ്പോൾ അവൾ സൂക്ഷിച്ചു വച്ച ഈ കടലാസുകഷ്ണം മാത്രമാവാം, തീഗോളം അവളെയും കുഞ്ഞുവീടിനെയും വിഴുങ്ങിയതിന്റെ രക്തവും മണ്ണുംപുരണ്ട് ബാക്കിയായത്! ❤😒😥
കുഞ്ഞുകൈയ്യിൽ മൈലാഞ്ചി അണിയുമ്പോഴൊക്കെ അവളൊരു തീഗോളത്തെ പ്രതീക്ഷിച്ചിരുന്നിരിക്കണം! തന്റെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളെപ്പോലെ ആ മൈലാഞ്ചി ച്ചോപ്പിനെയും പ്രണയിച്ചു കാണണം! അതുകൊണ്ടാകണം, വരികളിലെവിടെയും വിറകളില്ല, നിരാശകളുമില്ല…!
കരിഞ്ഞ കോൺക്രീറ്റ് കൂനകൾക്കിടയിൽ കീറിപ്പറിയാതെ കിടന്നിരുന്നു ഹയയുടെ ഒസ്യത്ത്. അല്ലെങ്കിൽ കാലം അങ്ങനെ നിശ്ചയിച്ചിരുന്നു! 😥
ഈ കുഞ്ഞുജീവിതത്തിൽ ഒരൊറ്റ പകൽപോലും മുഴുവനായി കാണാൻ നീ ആശിക്കരുതെന്ന് പ്രിയപ്പെട്ട ഉമ്മ എപ്പോഴും പറഞ്ഞു കൊടുക്കാറുണ്ടാകാം! കരിയും ചോരയും കലർന്ന മണ്ണിനിടയിലൂടെ, കുഞ്ഞു ചിറകുകൾ വിടർത്തി, തീഗോളങ്ങളിലാത്ത വിഹായസ്സിലേക്ക് തന്റെ കൂട്ടുകാരികൾ പറന്നു പോകുന്നത് നിർവികാരതയോടെ നോക്കിനിന്നു കാണണം. ഉയരങ്ങളിലെവിടെയോ അവർ അവളെയും കാത്തുനിൽക്കുന്നത് ഹയ അവളുടെ ഉൾക്കണ്ണിൽ കണ്ടിരുന്നിരിക്കണം! തനിക്കും ചിറകു മുളയ്ക്കുന്നുണ്ടോ എന്ന് കൗതുകത്തോടെ കാത്തിരുന്നിരിക്കണം.!!
മിസ്റ്റർ പ്രസിഡന്റ് ജോ ബൈഡൻ Joe Biden ഇതാണ് സർ ഹയാ എന്ന ഫലസ്തീൻ കുരുന്ന്.., അവളുടെ ഒസ്യത്ത്…?! 😔
ഹയ എന്ന അറബി പേരിനർത്ഥം “സന്തോഷത്തോടെ വരൂ” എന്നാണ് സർ… അങ്ങനെയൊരു പേരിടുമ്പോൾ, കുഞ്ഞു കണ്ണുകളിലേക്ക് നോക്കി അങ്ങനെ വിളിക്കുമ്പോൾ, ഗസ്സക്കാരായ അവളുടെ ഉപ്പയും ഉമ്മയും നിറകൺകളോടെ കണ്ട വർണ്ണങ്ങളെ, വരാനുണ്ടെന്ന് കരുതിയ ജീവിതത്തിൻറെ കെട്ടുപോയ നിറങ്ങളെ നിങ്ങളെങ്ങനെ ആയിരിക്കും സർ നിർവചിക്കുക…?! 😥❤🙏