രചന : സതീഷ് വെളുന്തറ✍
അംശുക രശ്മികളേൽക്കാത്ത വിടപി തൻ
ശീതളച്ഛായയിൽ നിന്നുമുതിരുന്നതാ
മൃദു നിസ്വനങ്ങളായ് സ്വരരാഗ വീചികൾ
കാതരയായ് കേഴുമേതോ കിളിയാവാം.
അന്തിയായാൽ നറുനിലാത്തുണ്ടുകൾ
എത്തിനോക്കാനണയുന്നുണ്ടിടയിടെ
തിങ്കളിന്നാകുമോ ദിനകരൻ തോറ്റൊരു
വാതായനങ്ങൾ തുറന്നകം പൂകുവാൻ.
കാലമാകാതെ കൊഴിയേണ്ടി വന്നൊരു
തരുശാഖി തൻ തളിർദലങ്ങളോ
കർണ്ണങ്ങളിൽ ശോക മർമ്മരമാകുന്നു
ധമനിയിലൊരു ചെറു നോവായിരമ്പുന്നു.
ഉർവിയിൽ നിപതിച്ച പത്രങ്ങൾക്കൊക്കെയും
ശ്രുതിയിലലിഞ്ഞൊന്നു പാടുവാനായുണ്ട്
സ്നേഹാരവത്തിന്റെ മോഹനരാഗങ്ങൾ
ആദിതാളത്തിലലിയുമീ യാമത്തിൽ.
ഒരു ദലമൊരളി പക്ഷമായീടുമെങ്കിലോ
അതിന്നുമുണ്ടാകാമൊരു ചെറു മർമ്മരം
ഇണകളാകും ചകോരങ്ങളൊക്കെയും
സംവദിക്കുന്ന നാദവുമതായിടാം.
സമീരനുണർത്തും സംഗീതവുമതുതന്നെ
ഇലകൾ തമ്മിലുരുമ്മിടും താളവും
തരംഗാവലിയുടെ നാദ വിസ്മയങ്ങളും
അടവിതൻ വന്യ ശോഭയും മറ്റൊന്നല്ല.