രചന : അനു സാറ✍
തൂമഞ്ഞുപോൽ പെയ്തിടുമെന്നിലായ്
കുളിരേറും പുതുകിനാവുകൾ
നനവാർന്നൊരൻ ഹൃദയതാഴ്വാരങ്ങളിലായ്-
പ്പാകി മുളപൊന്തിയ മൃദുവായ കിനാവുകൾ
പുലരിതൻ കൊഞ്ചലും ഇളവെയിലിൻ മാറിലെച്ചൂടും
ചെറുകാറ്റിന്നിക്കിളിയുമവയെ തഴുകിയോമനിച്ചിരുന്നു.
മഴയുടെ സപ്തസ്വരങ്ങളാൽ ഗാനം കേട്ടും
ഋതുഭേദങ്ങൾ തന്നുടയാടചാർത്തിയും
കാലപ്രഭാവത്തിൻ ഒഴുക്കിലെൻകിനാക്കളൊരു
സുന്ദരപുഷ്പമായി വിരിഞ്ഞുനിന്നു.
എൻ മനസ്സിന്നകത്തളങ്ങളിലൊരു
സുഗന്ധവാഹിനിയായ് നിറഞ്ഞുനിന്നു .
കൊഴിയുവാനാകാതെയെന്നിൽ ചേരുമ്പോഴും,
ശാപമേറ്റൊരെൻ ജന്മത്തിൻ പ്രതിബന്ധനങ്ങൾ,
ഒരു പുഴുവായവയെ കാർന്നുതിന്നീടുന്നു.
ചിറകറ്റയൊരുശലഭം പോലവ നീറിയൊടുങ്ങീടുന്നു.
എന്റെ കിനാവുകൾ ചിറകറ്റുപോയിടുന്നു.