രചന : സഫി അലി താഹ✍
“ഹന്നാ…..”നേർത്തൊരു തേങ്ങലിന്റെ ഉള്ളിൽനിന്നും വിറയാർന്ന കൈകൾ നീട്ടി തന്നിലേക്ക് ചുവടുകൾ വെയ്ക്കുന്ന ഉമ്മ…..!
കന്നാസ്സുമേന്തി ലക്ഷ്യമില്ലാതെ നടക്കുന്ന ഉപ്പയുടെ കണ്ണുകളിൽ നിർവികാരത മുറ്റിനിൽക്കുന്നു,എന്നിട്ടുമവയ്ക്ക് വല്ലാത്തൊരു തിളക്കം!
പിറകെ ചുവടനക്കുന്ന മുന്നയുടെ ഇമകൾ ഇടംവലം വെട്ടിക്കൊണ്ടിരിക്കുന്നു,
അക്രമികൾക്ക് മുന്നിൽ നിസ്സഹായനാണെങ്കിലും അബ്ബായ്ക്കും ഉമ്മാക്കും മുന്നറിയിപ്പ് കൊടുക്കാനെന്ന വണ്ണം മുന്നിലേക്ക് അടിവെയ്ക്കുന്ന എട്ടുവയസ്സുകാരൻ മുന്നയുടെ തല നിവർന്നിരിക്കുന്നു. അവനെന്നാണ് തല താഴ്ത്തിയിരിക്കുന്നത്!!വിശപ്പും ദാഹവും തണുപ്പിച്ചു കൊണ്ടിരിക്കുന്ന ശരീരമെങ്കിലും, ആ കണ്ണുകളിൽ കനൽ കത്തുന്നുണ്ട്.
അബ്ബയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നേയില്ല. ഹൃദയത്തോളം ഉപ്പുമല ചുമക്കുന്ന അബ്ബയെങ്ങനെയാണ് കരയുന്നത്.!?
ദൂരെയൊരു വെടി ശബ്ദം. അതേ തൊട്ടുമുന്നേ നിലയുറപ്പിച്ചിരിക്കുന്ന മനുഷ്യനും അയാൾ ചുമക്കുന്ന തോക്കും ഗാർജ്ജിച്ചുക്കൊണ്ടിരിക്കുന്നു.
മുന്ന ഒന്ന് നിന്നു,അബ്ബായും ഉമ്മയും ചുവടുകൾ പിടിച്ചുകെട്ടി.മുന്ന അബ്ബയുടെ നേരെ കൈകൾ നീട്ടി, അദ്ദേഹം അവനെയെടുത്ത് നെഞ്ചോട് ചേർത്തു. അവന്റെ കനലിൽ തട്ടിയാകണം ആ ഉപ്പുമല അലിഞ്ഞു,കണ്ണുകൾ നിറഞ്ഞു തൂകി.
“ഹന്നാ”പിറുപിറുത്തുക്കൊണ്ടിരുന്ന ഉമ്മയുടെ കണ്ണുകൾ ലക്ഷ്യബോധമില്ലാതെ കറങ്ങിക്കൊണ്ടിരിക്കുന്നു. സമാധാനം അപരിചിതമായ ഉമ്മ ചിറകുകൾ വിരിക്കുന്നത് മക്കളായ മുന്നയ്ക്കും തനിക്കും വേണ്ടിയാണ്…..തന്നെ കാണാതായ അന്ന് മുറിഞ്ഞ ആ ചിറകിൽനിന്നും രക്തം വാർന്ന് ഇന്ന് ഉമ്മയ്ക്ക് ഓർമ്മയും നഷ്ടമായിരിക്കുന്നു.!!
ഏറെ പ്രതീക്ഷകളുടെ വിത്തുകൾ മനസ്സിൽ പാകിയിട്ട് അന്നൊരുമിച്ചു നട്ട ഈ ഒലിവിൻക്കാട്ടിലേയ്ക്ക് അവരൊന്നു വന്നെങ്കിൽ…..!!വരില്ല, അവരൊരിക്കലും വരില്ല.ഒലിവിന്റെ ഈ ശവപ്പാടം അവരെങ്ങനെ തികഞ്ഞ കാഴ്ചയോടെ കാണാനാണ്, അവരുടെ ഓർമ്മയിൽ എങ്ങനെ ഈ പുകച്ചുരുളുകൾ തെളിയാനാണ്!!അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, ചുറ്റും കറുത്ത തോടുകൾ രൂപം കൊള്ളുന്നുണ്ടോ എന്നവൾ സംശയിച്ചു, അത്രയേറെ കരഞ്ഞിരിക്കുന്നു.!!
“അബ്ബാ, ഹന്നയെ മണക്കുന്നു. പഴകിയ റൊട്ടിയുടെ ഗന്ധം മൂക്ക് തുളയ്ക്കുന്നു. പേടിയുടെ ആഴങ്ങളിലെത്തുമ്പോൾ അവൾ വിറയ്ക്കുന്നത് കാലുകളറിയുന്നു…..”
അബ്ബയുടെ ചുണ്ടിൽ പുഞ്ചിരി തിളങ്ങി. അദ്ദേഹം കൗതുകത്തോടെ നോക്കി നിന്നു, മുന്നോട്ട് കാലുകൾ വെയ്ക്കുന്ന തന്റെ പ്രിയപാതിയെ….. ഫിർദൗസയെ …..!!
കരിയും പുകയും വകഞ്ഞുമാറ്റി, കെട്ടിടങ്ങളുടെ അസ്ഥിയും മാംസവും എടുത്തുമാറ്റി ഓർമ്മകൾ നശിച്ച ആ മാതാവ് തറയിലേക്ക് മുട്ടുകുത്തി.മുന്നയും അബ്ബയും ഓടിയെത്തിയപ്പോഴേക്കും ഫിർദൗസ ഒലിവിൻ ചില്ലകൾ മാറ്റുവാൻ തുടങ്ങിയിരുന്നു.ഇത്രയേറെ ഭാരമുള്ള ചില്ലകൾ എത്ര അനായാസമായാണ് ഉമ്മ മാറ്റുന്നത്!!അതിശയംപൂണ്ട നിറക്കണ്ണുകളോടെ ഹന്ന ഓർത്തു…..
ഒലിവിൻ ചുവട്ടിൽ മുൻപെന്നോ ഉണ്ടാക്കിവെച്ച വീടിന്റെ മാതൃക എടുക്കാൻ വിലക്കിയിട്ടും കേൾക്കാതെ പോയ പൊന്നുമോളുടെ മുഖമായിരുന്നു ഫിർദൗസയുടെ ഉള്ളിൽ……!!
ആ ഓർമ്മമാത്രം നിലനിൽക്കുന്ന അവളെങ്ങനെയാണ് തന്റെ മകളേ കണ്ടെത്താതിരിക്കുന്നത്!!ആ പിതാവിന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.
പച്ചപ്പിന്റെ കാടായിരുന്നിവിടം, തണുത്ത കാറ്റേൽക്കുന്ന പ്രതീക്ഷകളുടെ കൊട്ടാരങ്ങൾ പണിഞ്ഞിരുന്നയിടം.
പച്ചപ്പ് വറ്റി കറുത്തുപോയ ഇലകൾ ചാമ്പലായി പൊടിഞ്ഞടരുന്നു.ചില്ലകൾ വലിച്ചുമാറ്റുമ്പോൾ ഇളം റോസ് നിറമുള്ള വസ്ത്രം കണ്ടു, കാലുകൾ, കൈകൾ, കരി നിറഞ്ഞ മുഖം…..
“ഹന്നാ പൊന്നുമോളെ….. “നിലവിളിയോടെ പുറത്തേക്ക് എടുക്കുമ്പോഴും ഹന്ന പുഞ്ചിരിക്കുന്നുണ്ട്….. അവളുടെ കൈകളിൽ വീടിന്റെ മാതൃക ഭദ്രമായുണ്ട്, ഇപ്പോൾ അതിന്റെ നെറുകയിൽ ഒരു പതാകയും.
എവിടെനിന്നോ വഴിതെറ്റി വന്നൊരു കാറ്റ് അവരെ തഴുകി വട്ടം ചുറ്റി നിന്നു. മുന്നയുടെ കൈകളിൽ കരുതിയിരുന്ന ഉണങ്ങിയ ഈന്തപ്പഴത്തുണ്ട് അവൾക്കായി നീട്ടുമ്പോൾ പോക്കറ്റിൽ നിന്നും ഹന്ന പൂപ്പലുകൾ നിറഞ്ഞ റൊട്ടിയെടുത്ത് മുന്നയ്ക്ക് കൊടുത്തു…..
അബ്ബാ കണ്ടില്ലേ…..
“എനിക്ക് ഹന്നയെ മണക്കുന്നു”
എവിടെനിന്നും റൊട്ടി കിട്ടിയാലും കുഞ്ഞനിയനായി സൂക്ഷിക്കുന്ന ഹന്നയ്ക്ക് റൊട്ടിയുടെ മണമാണെന്ന് ആദ്യമായി അബ്ബയ്ക്കും തോന്നി.ഫിർദൗസ മൂക്കുകൾ വിടർത്തി…..
അതേ അവൾക്കിപ്പോൾ ഓർമ്മ മാത്രമല്ല ഗന്ധവും കൂട്ടുണ്ട്,
ഒടിഞ്ഞുപോയയിടത്തുനിന്നും മനോഹരമായൊരു ചിറക് മുളച്ചിറങ്ങുന്നു,രണ്ട് ചിറകിലും മുന്നയെയും ഹന്നയെയും സുരക്ഷിതരാക്കി നിർത്തുമ്പോൾ ഫിർദൗസയുടെ നെഞ്ചിലേക്ക് ഒരു പടച്ചട്ട ചേർന്നിരുന്നു…..!!
ജലാലുദീൻ എന്ന അബ്ബയ്ക്ക് നാലപ്പത് കൈകൾ, ആയിരം കണ്ണുകൾ, ഓരോ ചുവടിനും ആയിരം കുതിരയുടെ ബലവും. കണ്ണുകളിൽ നിന്നും തീയുണ്ടകൾ തെറിക്കുന്നു…..
നിലാവ് പാൽപ്പുഞ്ചിരി തൂകുന്ന രാവുകൾ, ശവപ്പാടങ്ങൾ മാഞ്ഞ് പച്ചപ്പിൻ കൂടാരം ഉയർന്നുപൊങ്ങി.ഒലിവിൻ കായ്കൾ വിളഞ്ഞുതുടങ്ങുന്നു. കൊത്തിയെടുത്ത ഒലിവിൻ തളിരിലകളുമായി കൂടുകളിലേക്ക് പറക്കുന്ന വെള്ളരിപ്രാവുകൾ, തുള്ളിക്കളിക്കുന്ന വർണ്ണശലഭങ്ങൾ…..
ദേശാടനക്കിളികൾക്ക് പ്രവേശമില്ലെന്ന ചുവരെഴുത്ത് മാത്രം ഒലിവിൻ കാടിന് സുരക്ഷയൊരുക്കുന്നു!!
ഇലച്ചാർത്തുകൾക്കിടയിലൂടെ വെയിലും നിഴലും ഇടവിട്ട് തെളിയുന്ന ഹന്നയുടെ മുഖം,ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞ് നിൽക്കുന്നു,അതൊരു കാടായി വസന്തമൊരുക്കുന്നു. ഒരു കുല തുടുത്ത ഒലിവിൻ കായ്കൾ അടർത്തിയെടുത്തവൾ നെഞ്ചോട് ചേർത്തുപിടിച്ച് മുന്നോട്ട് നടന്നു,തെല്ലുദൂരെ നാട്ടിയ പതാകയുടെ തണലിൽ നിൽക്കുന്ന മുന്നയുടെ സമീപത്തേക്ക്…..തെല്ലുദൂരെ ഒരു കല്ലും കവണയും അനാഥമായി കിടക്കുന്നു …..!!