രചന : മഞ്ജുള മഞ്ജു ✍
ജോപ്പന്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍
ജോപ്പാ പോവല്ലേടാ പോവല്ലേടാന്ന് പറഞ്ഞ്
വീട് പുഴവക്കുവരെ പിന്നാലെ ചെന്നു
ജോപ്പനൊന്നും കേട്ടില്ല
വീട് കരഞ്ഞു കരഞ്ഞു
തളര്‍ന്നു തിരികെ വന്ന്
ജോപ്പനെ മണക്കുന്ന മുറിയെ
കെട്ടിപ്പിടിച്ചു കിടന്നു
വീട് ജോപ്പനെയും ജോപ്പന്‍ വീടിനെയും സ്നേഹിച്ചപോലത്ര
അഗാധമായ് ആരും പ്രണയിച്ചിട്ടുണ്ടാവില്ല
ജോപ്പന്റപ്പന്‍ മരിച്ചതില്‍ പിന്നെയാണ് ജോപ്പനും വീടും
ഒന്നായത്
അപ്പനുണ്ടായിരുന്നപ്പോള്‍ വിളക്കണയ്ക്കാതെയിരിക്കുന്ന
അമ്മയോട് അപ്പന്‍ കലമ്പും
അവന്‍ ഇനിയീ വീടിന്റെ പടി ചവിട്ടരുതെന്ന് തിമിര്‍ത്ത് പെയ്യുന്ന അപ്പന്‍
നേരം കുനുകുനാ ഇരുട്ടുമ്പോള്‍
ജോപ്പനുള്ള അത്താഴം അടുക്കളയിലുണ്ടെന്ന് ഉറപ്പ് വരുത്തുന്ന അപ്പന്‍
ആരും കാണാതെ അമ്മ വിളമ്പിക്കൊടുക്കുന്ന അത്താഴം ജോപ്പന്‍ കഴിച്ചാലും
അത് രുചിക്കുന്നതപ്പനാണ്
അന്തിക്കള്ളിത്തിരി മോന്തി
പഴയ ഗ്രാമഫോണില്‍ ”താമസമെന്തേ വരുവാന്‍”
ബാബുരാജിനെ അപ്പനങ്ങനെ
പാതിരാവോളം സ്നേഹിക്കും
ജോപ്പനന്ന് വീടിനെയും അപ്പനെയും സ്നേഹിച്ചില്ല
അപ്പനെന്തിനാണ് വെയില്
ചുമക്കുന്നതെന്ന് ജോപ്പന്‍
അമ്മയോട് ചോദിക്കും
അമ്മയവന് ഇറയത്ത് കെട്ടിത്തൂക്കിയ മഴത്തുണ്ടുകളെ രുചിക്കാന്‍ കൊടുക്കും
ഒരു ദിവസം വീടിന്റെ വിളക്ക് മുഴുവന്‍ കെട്ടുപോകും പോലെ
അപ്പനങ്ങ് പോയി
അന്നു മുതല്‍ ഇന്നേവരെ ജോപ്പന്‍ താമസിച്ച് വരുന്ന
രാത്രികളിലെല്ലാം അത്താഴപ്പട്ടിണി കിടന്നു
തുരുമ്പിച്ചൊരു ഗ്രാമഫോണ്‍ അപ്പാ അപ്പായെന്ന് ഞരങ്ങി
ജോപ്പനെ തേടി അലഞ്ഞ ടോര്‍ച്ച്
ഒറ്റയ്ക്ക് പ്രകാശമുണ്ടാക്കുന്നതെങ്ങനെയെന്ന് ചിന്തിച്ചു
ഓര്‍മ്മകള്‍ മറവിയുടെ കോശങ്ങള്‍ തിന്നയമ്മ
അപ്പന് വേണ്ടി ചോറ് വച്ചു
കിടക്കയൊരുക്കി
അന്ന് മുതലാണ് വീടും ജോപ്പനും പ്രണയത്തിലായത്
എന്നിട്ടും ഒരുച്ചനേരം അമ്മയിറങ്ങിപ്പോയ്ക്കളഞ്ഞു
പിന്നെ ജോപ്പനെങ്ങനെ വീടിനെ സ്നേഹിക്കും
വീട് ജോപ്പനെയും ജോപ്പന്‍ വീടിനെയും സ്നേഹിച്ചപോലത്രയഗാധമായ്
ആരും പ്രണയിച്ചിട്ടുണ്ടാവില്ല..
·