രചന : സെഹ്റാൻ✍

പഴകി മഞ്ഞനിറമാർന്ന
പുസ്തകത്താളുകളിൽ നിന്നും
പിടഞ്ഞിറങ്ങി
മഴയിൽ നനഞ്ഞ
കാട്ടുചേമ്പിലകളിലേക്ക്
വഴിതെറ്റി കയറിപ്പോകുന്ന
വാലൻമൂട്ട.
കടലിരമ്പുന്ന റേഡിയോ.
വിരസമായ് പൊഴിയുന്ന
മഴത്തുള്ളികൾ…
ആലീസ് കഥയെഴുതവേ
അവളുടെ നിറഞ്ഞ മുലകളിൽ
തലചായ്ച്ച് ഉൻമാദത്തിന്റെ
ഗാനമാലപിക്കുന്നു അവൻ.
ഘടികാരത്തിന്റെ നിലയ്ക്കാത്ത
പെൻഡുലം കണക്കെ അവൾക്കുള്ളിൽ
ചലിക്കുന്നു അവൻ.
ഇണചേരലിനിടെ കഥയ്ക്ക്
‘ആലീസിന്റെ അത്ഭുതലോക’മെന്ന്
പേരിടുകയും,’യാഥാർത്ഥ്യലോക’മെന്ന്
വെട്ടിത്തിരുത്തുകയും ചെയ്യുന്നു അവൾ…
🦋 🦋
കടൽജലം നിറച്ച ചില്ലുഭരണിയിൽ
ആണ്ടുകിടക്കുന്നു അവൻ.
ഒപ്പം കരിന്തേളുകളുടെ
രൂപം പൂണ്ട അക്ഷരങ്ങൾ…
ദംശനാസക്തിയോടെ വളയുന്ന വാലുകൾ…
ചിതറിയ തിരമാലകളിൽ
ആരുടെയോ കാൽപ്പാദങ്ങൾ
പതിഞ്ഞു കിടക്കുന്നില്ലേ?
ആലീസ്?
എവിടെപ്പോയവൾ!?
മരണത്തിലേക്ക്?
ആത്മഹത്യ!?
പക്ഷേ എങ്ങനെ?
വിഷം കഴിച്ച്?
തൂങ്ങിമരണം?
ഞെരമ്പുകൾ മുറിച്ച് രക്തം വാർന്ന് ?
ചേമ്പിലകളിൽ നിന്നും മടങ്ങിയ
വാലൻമൂട്ട ആലീസിന്റെ പുസ്തകം
തിരയുന്നു.
റേഡിയോവിൽ നിന്നും പ്രവഹിക്കുന്ന
സമുദ്രജലത്തിന് അവളുടെ
തൂലികയിലെ മഷിനിറം!

സെഹ്റാൻ

By ivayana