രചന : വാസുദേവൻ. കെ. വി ✍

“..സാദരാരബ്ധസംഗീതസംഭാവനാസംഭ്രമാലോല-
നീപസ്രഗാബദ്ധചൂളീസനാഥത്രികേ സാനുമത്പുത്രികേ
ശേഖരീഭൂതശീതാംശുരേഖാ-മയൂഖാവലീബദ്ധ-
സുസ്നിഗ്ധ-നീലാളകശ്രേണിശൃങ്ഗാരിതേ ലോകസംഭാവിതേ
കാമലീലാധനുസ്സന്നിഭ-ഭ്രൂലതാപുഷ്പസന്ദോഹസന്ദേഹകൃല്ലോചനേ വാൿസുധാസേചനേ
ചാരുഗോരോചനാപങ്കകേളീ-ലലാമാഭിരാമേ സുരാമേ രമേ
പ്രോല്ലസദ്‌ബാലികാമൗക്തികശ്രേണികാചന്ദ്രികാമണ്ഡലോദ്ഭാസി –
ലാവണ്യഗണ്ഡസ്ഥലന്യസ്തകസ്തൂരികാപത്രരേഖാസമുദ്ഭൂതസൗരഭ്യ-
സംഭ്രാന്തഭൃങ്ഗാങ്ഗനാ-ഗീതസാന്ദ്രീ-ഭവന്മന്ദ്രതന്ത്രീസ്വരേ സുസ്വരേ ഭാസ്വരേ..”
ഭദ്രകാളിയാൽ നാവിൻ തുമ്പിൽ അക്ഷരം കുറിക്കപ്പെട്ട സർഗ്ഗപ്രതിഭ കാളിദാസൻ പുറത്തിറങ്ങി ആദ്യം കുറിച്ച കൃതി ശ്യാമളാ ദണ്ഡകം. നിത്യേന പാരായണം ചെയ്താൽ ഐശ്വര്യപ്രാപ്തിയെന്ന് വിശ്വാസം.
കവിയുടെ പെണ്ണുടൽകമ്പം പ്രസിദ്ധം
കാമദേവന്റെ ധനുസ്സുകണക്കെ കുചോന്നതയുടെ പുരികക്കൊടികൾ. അതിനരികെ പുഷ്പ ദലങ്ങളാൽ തിളങ്ങുന്ന കണ്ണുകൾ. മലർമാല ചാർത്തി നിതംബം വരെ മറച്ചു കിടക്കുന്ന വേണീഭാരം. നീലിമ പടർത്തുന്ന കുറുനിരകൾ..
മഹാകവി വാഴ്ത്തിപ്പാടാൻ ഉപയോഗപ്പെടുത്തിയത് ദണ്ഡകം തന്നെയാണ്. വരികളിൽ 26ലേറെ അക്ഷരങ്ങൾ ചേർത്തുള്ള കാവ്യരീതി. ആ അളവിൽ താഴെയുള്ളത് ഛന്ദശാസ്ത്രഗണത്തിൽ പെടുമല്ലോ.
പുരുഷകേന്ദ്രീകൃത സമൂഹത്തിൽ കവികളുടെ രചനാതന്ത്രം പെണ്ണുടൽ വർണ്ണനകൾ. പെണ്ണിനേയും, പ്രകൃതിയെയും പ്രണയത്തെയും ആവോളം വർണ്ണിച്ച് നമ്മുടെ ഇന്ത്യൻ ഷേക്സ്പിയർ എന്ന മഹാകവിയും.
മാർക്കണ്ഡേയ വിരചിത ദേവീ മാഹാത്മ്യത്തിലും, ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയിലും കാണാം പെണ്ണുടുൽ വർണ്ണനകളും വാഴ്ത്തിപ്പാടലുമൊക്കെ.
വേദങ്ങളിലെ പുരുഷദൈവ സങ്കല്പങ്ങളെ , മാതൃദൈവ ആരാധനയുമായി സമന്വയിപ്പിക്കുക വഴി ദൈവികതയെ സ്ത്രൈണ തത്ത്വമായി പുനരാവിഷ്കരിക്കാനുള്ള ശ്രമങ്ങൾ.
നവമാധ്യമ എഴുത്തുലകത്തിലും ഇന്ന് പ്രകടമായി കാണാനാവുന്നു പെണ്ണുടൽ വർണ്ണനകളും വാഴ്ത്തി പ്പറച്ചിലുകളും. ദോഷൈകദൃക്കുകൾ അവരെ പാവാടക്കവികൾ എന്ന് വിളിക്കുന്നുണ്ടെങ്കിലും..
ഹോർമോൺ വരുത്തുന്ന നനുത്ത വികാരങ്ങളുടെ അക്ഷരാവിഷ്കാരമായി ശാസ്ത്രതത്വങ്ങളാൽ അതിന്റെ കാരണത്തെ കണ്ടെത്താം. പുരുഷമേധാവിത്വം നിലനിർത്താനുള്ള കുൽസ്രുത ശ്രമം അവളെ ഉടൽ വർണ്ണനകൾ കൊണ്ടുതളച്ചിട്ട് , അമ്മ പെങ്ങൾ ശക്തി രൂപീണീ സങ്കൽപ്പങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ടെന്ന് സ്യൂഡോ ഫെമിനിസ്റ്റുകൾക്ക് ആക്ഷേപിക്കുകയും ചെയ്യാം. എങ്കിലും സർഗ്ഗാത്മകതയുടെ ചരിത്രത്താളുകളിൽ ലിംഗസമത്വം കുറിച്ചിട്ടവരാണ് നമ്മുടെ കവികളെന്ന് ഉറപ്പിച്ചു പറയാനാവുന്നു..

വാസുദേവൻ. കെ. വി

By ivayana