രചന : ലതിക അശോക് ✍
കാടകം തന്നിലെ പക്ഷിയാം വേഴാമ്പൽ
കാത്തിരിക്കുന്നിറ്റു ദാഹജലത്തിനായ്,
‘നാടകം തന്നിലെ മർത്ത്യരാം പാവങ്ങൾ
കാത്തിരിക്കുന്നിറ്റു കരുണ തൻ തുള്ളിയ്ക്കായ്!
വേഴാമ്പൽ തന്നഴൽ നീക്കുവാനീശ്വരൻ
മാരിയായ് പെയ്യിയ്ക്കും മഴമുകിൽമാലയെ –
മർത്ത്യർ തൻ സ്നേഹത്തിൻ ദാഹമകറ്റുവാൻ
മറ്റാരുമില്ലല്ലോ ഉറ്റവരല്ലാതെ, !
സ്വാർത്ഥമോഹങ്ങളാൽ അന്ധരായ്ത്തീർന്നവർ
സ്നേഹത്തിൻ വിലയെന്തെന്നറിയുന്നതില്ലല്ലോ!
ഞാൻ, ഞാൻ, എനിക്കെ, നിയ്ക്കെന്നുള്ള ചിന്തയാൽ
അറിയുന്നതില്ലല്ലോ അന്യർതൻ ദു:ഖങ്ങൾ!
‘ഞാൻ’ പറയുന്നതാണിവിടത്തെ നിയമങ്ങൾ,
‘അടിമകൾ മറ്റുള്ളോരനുസരിച്ചീടണം –
‘ഞാനാ’ണിവിടത്തെ രാജാവെന്നറിയണം
മറ്റുള്ളോരൊക്കെ വെറും ‘പ്രജകൾ, താനെന്നതും –
അഹന്ത തൻ തലപ്പത്തിരിക്കുന്നിവരെ യോ
അറിയുന്നില്ലെങ്ങനെ നേർവഴി കാട്ടിടും?
സഹജർ തൻ വേദന തിരിച്ചറിഞ്ഞീടാതെ
സ്വാർത്ഥത കൊടികുത്തി വാഴുന്നിതിങ്ങനെ !
നൈരാശ്യബോധത്താൽ ജീവിതം തന്നെയും
വെറുത്തു പോയീടുന്നു ലോലമനസ്ക്കരും!
അവസാനമാത്മഹത്യയിലഭയവും –
തേടുവാന ക്കൂട്ടർ നിർബ്ബന്ധിതരാവും!
ആ സുരജന്മങ്ങളായീടുമിവരെയും
ആരുണ്ടു നേർവഴി കാട്ടി നയിച്ചിടാൻ?
സർവ്വചരാചരങ്ങളേയും നിയന്ത്രിയ്ക്കും
സർവ്വേശൻ തന്നെ സൽ ബുദ്ധി നൽകീടട്ടെ.