രചന : മംഗളൻ എസ് ✍

റോക്കറ്റ് വിട്ട് പ്രകോപനം സൃഷ്ടിച്ചവർ
റോക്കറ്റുമുനയിൽ തൊടുത്തൂ ബോംബുകൾ
റോക്കറ്റുവർഷിച്ചു സ്ഫോടനമുണ്ടാക്കി
റോസാപ്പൂ പോലുള്ള ദേഹങ്ങൾ ചിതറി!

ഭീകരർ ബന്ധികളാക്കി മനുഷ്യരെ!
ഭീകര വിലപേശൽ പച്ച മർത്യനിൽ
ഭീകര യുദ്ധത്തിൻ വാതിൽ തുറന്നിട്ട
ഭീകരവാദികൾക്കില്ലൊരു ഛേദവും!

ഭരണത്തുടർച്ച ദുർഘടമായ്ത്തീർന്ന
ഭരണത്തിലുള്ള വെറിപൂണ്ട രാജാവ്
ഭരണത്തിൽ തൂങ്ങാൻ തക്കമിതെന്നോർത്തു
ഭദ്രമാക്കുന്നിതാ തൻ ഭരണകൂടം!

ആകാശമാകെയും യുദ്ധവിമാനങ്ങൾ
ആജ്ഞയാൽ ബോംബുവർഷിച്ചു മടങ്ങുന്നു
ആ നാട്ടിൽ കുഞ്ഞുങ്ങൾ ചത്തുമലർക്കുന്നു
അമ്മമാർ നെഞ്ചത്തടിച്ചു കരയുന്നു!

അംബര ചുംബികളാം മണി സൗധങ്ങൾ
അനുമിഷത്തിൽ നിലംപരിശ്ശാക്കുന്നു
അതിനടിയിൽ ജനം ചത്തൊടുങ്ങുന്നു
അവരുടെ ജീവന് വിലയേതുമില്ല?!!

ആശുപത്രിക്കിടക്കകൾ നിറയുന്നു
അംഗങ്ങളറ്റ നിരാലംബ ദേഹങ്ങൾ
അലമുറയിട്ടുകേഴുന്നു കുഞ്ഞുങ്ങൾ
അവിടെ പിടയുന്നു പച്ച ദേഹങ്ങൾ!

ആശുപത്രികൾ തകർക്കുന്ന ക്രൂരത
അഭയാർത്ഥി കേന്ദ്രം ശവപ്പറമ്പാക്കി
അന്നവും വസ്ത്രവും വെള്ളവും കിട്ടാതെ
അന്ധകാരത്തിലമരുന്നിതാ മർത്യൻ!

നാട്ടിൽ ജനങ്ങൾ പ്രതികരിക്കുന്നാളിൽ
നാട്ടാരുടെയാകെ ശ്രദ്ധ തിക്കുവാൻ
നാട്ടിലും ബോബിട്ടുമർത്യരെ കൊന്നവൻ
നാട്ടാരുടെ നെഞ്ചിൽ തീപ്പൊരിയിട്ടവൻ!

ഐക്യപ്പെടുന്നുവോ ക്രൂരതയോടൊപ്പം?
ഐക്യമീമനുഷ്യക്കുരുതിക്കൊപ്പമോ?
ഐക്യരാഷ്ട്രസഭ നോക്കുകുത്തിയെന്നോ?
ഐക്യമൊട്ടുമില്ലാത്തൈക്യരാഷ്ട്രസഭ!

വിടവാങ്ങുമുണ്ണിയെ വാരിപ്പുണർന്നു
വിലപിക്കുമമ്മതൻ നിണമിറ്റു വീഴവേ..
വിപഞ്ചികയിൽ തന്ത്രി താനേ തകർന്നു
വിതുമ്പുമെൻ ചുണ്ടുകൾ ഗാനം മറന്നു!

By ivayana