ന്യൂയോർക്ക്: അമേരിക്കയിലെ മലയാളികളുടെ മാതൃ സംഘടനയായ ഫൊക്കാനയുടെ കൺവൻഷനും തെരഞ്ഞെടുപ്പും സംബന്ധിച്ച് ഔദ്യോഗിക നേതൃത്വം മെമ്പർ അസോസിയേഷനുകൾക്ക് അറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി  ടോമി കോക്കാട്ട്  അറിയിച്ചു.  

ഫൊക്കാനയുടെ ഔദ്യോഗിക അറിയിപ്പെന്ന പേരിൽ മെമ്പർ അസോസിയേഷനുകൾക്ക് ചില കേന്ദ്രങ്ങളിൽ നിന്ന് തല്പര കക്ഷികൾ കത്തുകൾ അയച്ചിട്ടുള്ളതായി ഔദ്യോഗിക നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ കത്തുകൾക്കോ അറിയിപ്പുകൾക്കോ ഫൊക്കാനയുടെ ഭരണ നിയമാവലി പ്രകാരം യാതൊരുവിധ നിയമ സാധുതയുമില്ലെന്നും ഔദ്യോഗിക നേതൃത്വം യാതൊരുവിധ വിജ്ഞാപനവും തെരഞ്ഞെടുപ്പ് സംബന്ധിച്ചോ , കൺവൻഷൻ സംബന്ധിച്ചോ പുറപ്പെ ടുവിച്ചിട്ടില്ലെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.

 ലോകമാകെ കൊവിഡ് വ്യാപന ഭീഷണിയിൽ വിറങ്ങലിച്ചു നിൽക്കുന്ന വേളയിൽ അമേരിക്കയിലെ പ്രവാസി സമൂഹവും അതിന്റെ കെടുതികൾ അനുഭവിച്ച് വരികയാണ്. ഇത്തരം സാഹചര്യത്തിൽ പ്രവാസ ഭൂമിയിലെ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളാട് സഹകരിക്കേണ്ടതും തദ്ദേശിയർക്കൊപ്പം പ്രവാസി സമൂഹത്തിന്റെ കൂടി ബാധ്യതയും ഉത്തരവാദിത്വവുമാണ്. ഈ സാമൂഹിക പശ്ചാത്തലത്തിലാണ് ഫൊക്കാന സാമൂഹിക അകലം പാലിക്കണമെന്ന നിഷ്ക്കർഷ കൂടി പരിഗണിച്ച് ആഘോഷങ്ങളും മത്സരങ്ങളും മാറ്റി വച്ച് സന്നദ്ധ സേവന പ്രവർത്തനങ്ങൾ ആ വിഷ്ക്കരിച്ച് നടപ്പാക്കി വരുന്നത്.

വരും ദിവസങ്ങളിൽ അമേരിക്കയിലെ സ്ഥിതിഗതികൾ  വിലയിരുത്തിയ ശേഷം വരുന്ന മൂന്നു മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പിന്റെയും കൺവൻഷന്റെയും തീയതി നിശ്ചയിക്കുമെന്നാണ് ഫൊക്കാന നാഷണൽ കമ്മിറ്റി കൈക്കൊണ്ട തീരുമാനം. അതല്ലാതെ തെരഞ്ഞെടുപ്പു പ്രക്രിയകളുടെ ഏകോപനത്തിനായി തൽക്കാലം മറ്റൊരു സമിതി രൂപീകരിക്കുകയോ, ചുമതലപ്പെത്തുകയോ ചെയ്തിട്ടില്ല.

തെരഞ്ഞെടുപ്പ് സംബന്ധിച്ച് മെമ്പർ അസോസിയേഷനുകൾ അയക്കേണ്ട ഡെലിഗേഷൻ ലിസ്റ്റ്, രജിസ്ട്രേഷൻ അപേക്ഷ എന്നിവ അയക്കേണ്ട തീയതി ഔദ്യോഗികമായി തന്നെ ജനറൽ സെക്രട്ടറി അറിയിക്കുന്നതായിരിക്കും. ഫൊക്കാന ഇലക്ഷൻ കമ്മിഷന്റെ പേരിൽ ചില കോണുകളിൽ നിന്ന് വരുന്ന കുറിപ്പുകളൊന്നും തന്നെ നിയമാനുസൃതമല്ലെന്നും സംഘടനയുടെ യശസിന് കളങ്കമുണ്ടാക്കാൻ നടത്തുന്ന ബോധപൂർവമായ ശ്രമമാണെന്നും ഇവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും ജനറൽ സെക്രട്ടറി ടോമി കോക്കാട്ട് അഭ്യർത്ഥിച്ചു.

By ivayana