രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍

ഇന്നു കേരളംപിറവികൊണ്ടൊരാ ദിനം! നമു-
ക്കൊന്നടിച്ചഹോ,പൊളിച്ചു തന്നെ ഘോഷമാക്കിടാം
എത്രകണ്ടിവിടെ നാംകടത്തിൽമുങ്ങി നിൽക്കിലും
അത്രയൊന്നുമുള്ളിൽ ദുഃഖമേറിടേണ്ട മക്കളേ

വേണ്ടപോലെബാറുകൾ സുസജ്ജമാക്കി മാറ്റിയി-
ങ്ങുണ്ടുരണ്ടു ചങ്കുമായി മുന്നിൽ മുഖ്യനിന്നൊരാൾ
ആയതിൽപരം നമുക്കു വേറെയെന്തു വേണമീ-
ജീവിതം സുഖസമൃദ്ധമായ് പുലർത്തുവാൻ ചിരം!

‘കേരളീയ’മാണു ചുറ്റിനും നടപ്പതൊക്കെയും
കേരളം കടക്കെണിയിലെന്നു ചൊന്നതാരെ ടോ ?
കൊല്ലണം,’മനുഷ്യനായി മാറുവാൻ’ മനുഷ്യനെ
കൊന്നുകൊന്നുചോരയൂറ്റിയൂറ്റിനാം കുടിക്കണം!

പാടിടുന്നു,ചെങ്കൊടികൾ കൈയിലേന്തിയങ്ങനെ;
പാടെ,ജീവിതം സ്ഥിതിസമത്വമാർന്നുയർന്നിടാൻ!
ഈടുവയ്പുകൾസമസ്തവുംതകർത്തെറിയുകിൽ
നാടിലുള്ളതെന്തു പിന്നെ,യൊന്നതോർക്കുവിൻ സ്വയം

‘ക്യാമറകൾ’ കൺമിഴിച്ചു നോക്കിടുന്ന തൊക്കെയും!
കേമമാണതിന്റെപിന്നിലുള്ളകൊള്ളയത്രയും!
കേരളംപിറന്നു,നമ്മൾ കഞ്ഞിയിപ്പൊഴും സദാ-
കോരനായി,കുമ്പിളിൽ വിളമ്പിടുന്നു,നിസ്ത്രപം!

നാടനാഥമായധപ്പതിക്കിലും സഖാക്കളേ,
ചോടുവച്ചു ചൊടുവച്ചു തന്നെയങ്ങു നീങ്ങിടൂ
നേരു,നേരിലുള്ളിലായ്ജ്വലിച്ചുനിന്നിടുമ്പൊഴും
പാരമീ,നമുക്കു ചോരതന്നെയല്ലി കൗതുകം!

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana