രചന : ഒ.കെ.ശൈലജ ടീച്ചർ✍

ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ ജന്മനാടായ കേരളം പ്രകൃതി രമണീയമാണ്.
കുന്നുകളും മലകളും താഴ്വരകളും നദികളും . കായലുകളും കൊണ്ട് അനുഗ്രഹീതമായ പച്ച പട്ടുടയാടയണിഞ്ഞൊരു ഹരിത സുന്ദരി.
പ്രകൃതി സമ്പത്ത് കൊണ്ട് സമ്പുഷ്ടമായ കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം അർഹം തന്നെ.
ഭാഷയുടെ അടിസ്ഥാനത്തിൽ’ കേരളം’ എന്ന സംസ്ഥാനം 1956 നവംബർ 1 നാണ് രൂപം കൊണ്ടെതെങ്കിലും പൗരാണികമായ ചരിത്രവും , കല, ശാസ്ത്രം തുടങ്ങിയ രംഗങ്ങളിലെ പാരമ്പര്യവും ഈ നാടിന്റെ മേന്മ വിളിച്ചറിയിക്കുന്നു. മത സൗഹാർദ്ദവും ആതിഥേയ മര്യാദയും. ദാനധർമ്മാദികളും കേരളത്തിന്റെ മുഖമുദ്രയാണ്.
നദികൾ . തടാകങ്ങൾ. കായലുകൾ, കുളങ്ങൾ എന്നിവ നൽകുന്ന ജല സമ്യദ്ധി ഇവിടുത്തെ കാർഷിക മേഖലയ്ക്കും, വനസമ്പത്തിനും കൂടുതൽ ചൈതന്യം നൽകുന്നു.
ഇവിടുത്തെ സുഗന്ധവ്യഞ്ജനങ്ങൾ. മത്സ്യ സമ്പത്ത് വനസമ്പത്ത്, കാർഷികോല്പന്നങ്ങൾ എല്ലാം തന്നെ വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധം സുദൃഢമാക്കുന്നു.
സമശീതോഷണമായ കാലാവസ്ഥ, കലാ സാംസ്ക്കാരിക പാരമ്പര്യങ്ങൾ . ഉത്സവങ്ങൾ: ആഘോഷങ്ങൾ എല്ലാം തന്നെ വളരെയേറെ പ്രത്യേകതയുള്ളതും . എടുത്തു പറയേണ്ടതുമായ വസ്തുതകളാണ്.
കേരളത്തനിമ വിളിച്ചോതുന്ന കലാ രൂപങ്ങളായ കഥകളി, കൂടിയാട്ടം, വള്ളംകളി, കളരിപ്പയറ്റ് തുടങ്ങിയവ ഈ കൊച്ചു നാടിന്റെ മഹത്വം വിളിച്ചറിയിക്കുന്നു.
കേരളത്തിന്റെ ഭൂപ്രകൃതിയും ജനജീവിതത്തിനനുയോജ്യം തന്നെ. സുലഭമായി മഴ കിട്ടാൻ സഹായിക്കുന്നു.
ഇതൊക്കെയാണെങ്കിലും ദൈവത്തിന്റെ നാട് ഇന്ന് ചെകുത്താന്മാരുടെ നാടായോ എന്ന് ഭയപ്പെട്ടു കൊണ്ടിരിക്കുന്നു
ദിനം പ്രതി സംഭവിച്ചു കൊണ്ടിരിക്കുന്നത് അതി നീചവും ദാരുണവും , അനീതിയും നിറഞ്ഞതാണ്.
രാഷ്ട്രീയത്തിന്റെ അതിപ്രസരം കൊണ്ടു ബുദ്ധി മരവിച്ചവരുടെ അക്രമങ്ങൾ,
ലഹരിമാഫിയയുടെ നീരാളിപ്പിടുത്തത്തിൽ നാശത്തിലേക്കു കൂപ്പുകുത്തുന്ന യുവ തലമുറ കുടുംബബന്ധങ്ങളിലെ വിള്ളലുകൾ മൂലം കൊലയും. വിവാഹ മോചനവും. അതുമൂലം അരക്ഷിതരാകുന്ന കുട്ടികൾ. അന്ധവിശ്വാസത്തിലും, മന്ത്രവാദത്തിലും അകപ്പെട്ട് ഭ്രാന്തായവർ.പീഢനങ്ങൾ ഇങ്ങനെ പോകുന്ന ദയനീയക്കാഴ്ചകൾ .
പ്രകൃതി ചൂഷണത്തിന്റെ ഫലമായിട്ടനുഭവിക്കുന്ന ഉരുൾ പൊട്ടലും . പ്രളയവും . മലിനീകരണത്തിന്റെ തിക്തഫലമോ പലതരം രോഗങ്ങൾ . വ്യത്യസ്തയിനം വൈറസുകൾ പല പേരുകളിൽ മനുഷ്യജീവനോട് പൊരുതുകയാണ്.
അതിനിടയിൽ സ്വാർത്ഥ താല്പര്യങ്ങളുമായി എല്ലാം നേടണമെന്ന അതിമോഹത്തോടെ സഹജീവികളെ പരിഗണിക്കാതെ ഭക്ഷണസാധനങ്ങളിലെല്ലാം തന്നെ കൊടുംവിഷം കലർന്ന കീടനാശിനികളും, വളപ്രയോഗവുമാണ്.
വരുംതലമുറയ്ക്ക് വാസയോഗ്യമല്ലാതാക്കിക്കൊണ്ടിരിക്കുകയാണ് എല്ലാ തലത്തിലും.
വിദ്യാഭ്യാസവ്യം. പണവും, പദവിയും കൂടുന്തോറും സഹജീവി സ്നേഹവും. സത്യധർമ്മാദികളും കുറഞ്ഞുവരുന്നു.
ഇതിനൊക്കെയും കാരണം മറ്റാരുമല്ല. നമ്മൾ തന്നെയാണ്. നാം നന്നായാലേ നമ്മുടെ നാട് നന്നാകൂ. അടുത്ത തലമുറയ്ക്ക്‌വകാശപ്പെട്ട നമ്മുടെ നാടിന്റെ പരിശുദ്ധിയും, തനിമയും നഷ്ടപ്പെടുത്താതെ അവർക്ക് നല്കാൻ നമ്മൾ ബാധ്യസ്ഥരാണ്.
നമ്മുടെ പൂർവ്വികരുടെ നന്മ പ്രവൃത്തിയുടെ ഫലമാണ് നാമിന്നനുഭവിക്കുന്ന ഈ സമൃദ്ധിയും സന്തോഷവും.
ഒരു നല്ല നാളെ സംജാതമാവാനുള്ള പ്രയത്നം കേരളീയരായ നമുക്കുണ്ടാവട്ടെ .
മഹാകവി വള്ളത്തോളിന്റെ വരികൾ ഉച്ചത്തിൽ പാടിക്കൊണ്ട് നമുക്ക് പ്രതിജ്ഞയെടുക്കാം.
ഭാരതമെന്നപേർ കേട്ടാലഭിമാനപൂരിതമാകണമന്ത:രംഗം
കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ .
കേരവൃക്ഷങ്ങൾ നൃത്തമാടുന്ന പുണ്യകേ ദാരമേ…. നിന്നഴകിനെ വാഴ്ത്തിപ്പാടിയ കവിശ്രേഷ്ഠന്മാർ ഇന്നത്തെ പരിതാപകരമായ ദുരവസ്ഥയോർത്ത് ലജ്ജിച്ചു തലതാഴ്ത്തുമെന്നതിന് ഒരു സംശയവുമില്ല.
മാലിന്യക്കൂമ്പാരത്തിലമർന്ന് ശ്വാസംമുട്ടി മൃതപ്രായയായിക്കൊണ്ടിരിക്കുന്ന നിന്നെ ആരെല്ലാമാണ്, എന്തിനെല്ലാമാണ് ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നത്.
കേരളമെന്ന പേര് കേട്ടാലിന്ന് അന്ത:രംഗം ഞെട്ടിവിറയ്ക്കുന്നു. പ്രണയ പ്പകയും മതവൈരവും കൊടികുത്തിവാഴുകയാണിവിടെ.
ദുഷ്പ്രവണതകളെ ഉന്മൂലനം ചെയ്യുന്നതിനായി മുന്നിൽ നിന്ന് പ്രവർത്തിക്കേണ്ട യുവതലമുറയാകട്ടെ ലഹരിയിലാറാടിത്തിമർക്കുകയാണ്.
നമ്മുടെ നാടിനെ നന്മയിലേക്കും ഉയർച്ചയിലേക്കും നയിക്കേണ്ട പൂർണ്ണഉത്തരാവാദിത്വം ഓരോ കേരളീയനുമുണ്ട്. അതായിരിക്കട്ടെ മലയാളികളായ നമ്മുടെ പ്രഥമ കർത്തവ്യം.
ലോകത്തിന്റെ നെറുകയിൽ നന്മയുടേയും സമൃദ്ധിയുടേയും വിളനിലമായി കേരളഭൂമി അടയാളപ്പെടുത്തണം. ലോകത്തിന്റെ നാനാഭാഗങ്ങളിലു വസിക്കുന്ന, തൊഴിൽ ചെയ്യുന്ന ഓരോ കേരളീയനും പ്രതിജ്ഞ എടുക്കട്ടെ .”ജന്മനാടിന്നുയർച്ചയും വളർച്ചയുമാണെന്റെ ലക്ഷ്യം. അതിനായി പ്രവർത്തിക്കുമെന്ന്.
കേരവൃക്ഷ സമൃദ്ധിയാൽ ഹരിതാഭയായ , സസ്യശ്യാമളയായ നമ്മുടെ കേരളത്തിൽ പിറക്കാനായത് പുണ്യം തന്നെയാണ്. ആ മഹത്വം അനുഭവിച്ചവരായ മറുനാട്ടിലെ മലയാളികൾ.തൊഴിൽ തേടി കേരളംവിട്ട് അന്യദേശത്തു ജീവിക്കുന്നവർ നമ്മുടെ നാടിനെ പെറ്റമ്മയ്ക്കു തുല്യം തന്നെ സ്നേഹിക്കുന്നു. അഭിമാനിക്കുന്നു.
ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള എല്ലാ കേരളീയർക്കും കേരളപ്പിറവി ദിനാശംസകൾ നേരുന്നു.

ഒ.കെ.ശൈലജ ടീച്ചർ

By ivayana