ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : പൂജ ഹരി✍

നേരം വെളുത്തു.. പരശുരാമേട്ടൻ എണീറ്റു.. മൊബൈൽ നോക്കി.. ഓ ദൈവമേ.. എന്തോരം മെസ്സേജ് ആണ്.. വെറുതെ തുറന്നു നോക്കി.. കറന്റ്‌ ബില്ല് കണ്ട പോലെയൊരു ഫീൽ വന്നു..കണ്ണു തള്ളിപ്പോയി.ചാഞ്ഞും ചരിഞ്ഞും ഉള്ള സെൽഫികൾ..വെറുതെ ദേവലോകം ഗ്രൂപ്പ്‌ നോക്കി.. ആഹാ രംഭ,തിലോത്തമ, ഉർവശി എല്ലാരും സെറ്റ്മുണ്ടും സാരിയുമൊക്കെ.. ദേവന്മാരൊക്കെ കസവുമുണ്ടിൽ നിറഞ്ഞു നിൽക്കുന്നു.പരശു സ്വയം ഒന്ന് നോക്കി. അയ്യേ കാലം മാറിയിട്ടും താൻ മാത്രം ഈ കോസ്റ്റുമിൽ..


ഛെ.. ലജ്ജാവഹം. തുരുമ്പ് വന്ന അമ്പും വില്ലും കളഞ്ഞു പുതിയ മോഡൽ തോക്ക് വാങ്ങണം. മഴു മാറ്റണ്ട ഇമ്മടെ ഐഡന്റിറ്റിയല്ലേ..
നിറയെ പച്ചപ്പും ഹരിതാഭയും കൊണ്ട് ഗാലറി നിറഞ്ഞു. ഫോൺ മാറ്റാറായി… ഹാപ്പി കേരളപ്പിറവി ഇന്നാണല്ലേ ആ ദിവസം ഏത് നേരത്താണോ പൊന്നെ മഴു എറിയാൻ തോന്നിയത്.അന്ന് മൊബൈൽ ഇല്ലാത്തത് കൊണ്ട് നേരം പോക്കില്ലായിരുന്നു..ബെർതെ ഒന്ന് എറിഞ്ഞു പോയതാ.. കയ്പക്കാ പരുവത്തിൽ തൂങ്ങികിടക്കുന്ന മ്മടെ കേരളമുണ്ടായി.. എല്ലാരും ഇന്നെന്നെ ഓർക്കുന്നുണ്ടാവും.


മാവേലിയുടെ മെസ്സേജ് വന്നു ” അളിയാ ഇന്ന് നിന്റെ ദിവസമല്ലേ ” എൻജോയ്..
😏 ഹും ഓനു ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷമുണ്ട്. ഇമ്മക്ക് വെറും ഒരു ദിവസം.
ഒരു റിപ്ലൈ ഇട്ടേക്കാം.. താങ്ക്സ് ബ്രോ.. ഇപ്പൊ എവിടെയാ??
മാവേലിയുടെ റിപ്ലൈ വന്നു ‘ ജിമ്മിലാ.. കുടവയറാ എന്നുള്ള വിളിക്കേട്ട് മടുത്തു. ബോഡി ഫിറ്റ്‌ ആക്കണം. കഴിഞ്ഞ വർഷം കേരളത്തിൽ പോയപ്പോ പട്ടികൾ കൂട്ടമായി കടിച്ചു പറിക്കാൻ വന്നു.. ഓടാൻ പറ്റിയില്ല. കുണ്ടിക്ക് കടിയും കിട്ടി. ഇനി നല്ല പോലെ ഓടാൻ പറ്റണം റിസ്ക്ക് എടുക്കാൻ വയ്യ.പിന്നെ നീന്താൻ പോകുന്നുണ്ട്.. വെള്ളപൊക്കം വന്നാലും മുങ്ങിചാവരുതലോ.. അതു കഴിഞ്ഞിട്ട് ട്രക്കിങ് ഉണ്ട്. കുണ്ടും കുഴിയും കേറി ശീലമാക്കണം.. എല്ലാം ശരിയാവും ബ്രോ.. പരശു പറഞ്ഞു..


നാരദന്റെ മെസ്സേജ് കണ്ടിട്ടും സീൻ ആകാത്ത പോലെ ഇട്ടു. കാലമിത്ര കഴിഞ്ഞിട്ടും പഴേ സ്വഭാവം തന്നെ. കേരളത്തിൽ പോകുന്നില്ലേ? എന്ന കുത്തിപറച്ചിലും…
അവന് എന്തറിയാം എന്റെ കേരളം സുന്ദരമായിരുന്നു..കുന്നും മലകളും കാടും പുഴകളും പച്ച വിരിച്ച പാടങ്ങളും നന്മ നിറഞ്ഞ നാടായിരുന്നു.. വേറെ എവിടെയുമില്ലാത്ത കാലാവസ്ഥ.. 😌അതിസുന്ദരിമാരായ സ്ത്രീകൾ.. ഈ നെഗറ്റീവ് പറയുന്നതൊക്കെ ഇപ്പോളല്ലേ.. ഫേസൂക്കും insta യുമൊക്കെ ഉള്ളതുകൊണ്ട് എത്ര വേണേലും ട്രോളാം, കുറ്റംപറയാം.. ന്തൊക്കെ പറഞ്ഞാലും മ്മടെ നാട്, ജനിച്ചു വളർന്ന മണ്ണ്.. ലോകത്തിന്റെ ഏത് കോണിൽ പോയാലും മലയാളി സ്വന്തം മണ്ണിലെത്താൻ കൊതിക്കാറില്ലേ?? അതാണ്‌..


മ്മടെ മഴ, പുഴകൾ, കാറ്റ് ( കൊച്ചിയെത്തി ).ആനയും പൂരവും പെരുന്നാളും ഒക്കെ ഇവിടല്ലേ ഉള്ളൂ.. ഏതോ ഇംഗ്ലീഷുകാരി ഫോർവേഡ് ചെയ്ത വോയിസ്‌ ക്ലിപ്പ് വെറുതെ തൊട്ടു നോക്കി
“എന്റെ കേരളം എത്ര സുന്ദരം ” ആഹാ കോരിത്തരിച്ചു..


എല്ലാവർക്കും സന്തോഷം നിറഞ്ഞ കേരളപ്പിറവി ആശംസകൾ എന്നു സ്വന്തം വാളിൽ അഭിമാനത്തോടെ പരശു പോസ്റ്റ്‌ ചെയ്തു.. അതിന്റെ അടിയിൽ വരുന്ന കമന്റുകൾ കാണാൻ ശക്തിയില്ലാതെ മൊബൈൽ ഓഫ്‌ ചെയ്തു വെച്ചു..

By ivayana