രചന : വൈഗ ക്രിസ്റ്റി✍

പോകണമെന്നുണ്ടായിരുന്നെങ്കിൽ
പറയാമായിരുന്നല്ലോ
എന്നിൽ നിന്നും വേർപെട്ട്
ഇപ്പോൾ കവിതകളുടെ തെരുവിൽ
അലയണമായിരുന്നോ ?
ഇങ്ങനെ ,
നിരന്തരം വരികൾക്കിടയിൽ
വായിക്കപ്പെടണമായിരുന്നോ ?
ഹൃദയമെന്നാണ് ഞാനെഴുതിയത്
പക്ഷെ ,
നാവിൽ നിന്നും വേർപ്പെട്ട്
കവിതയുടെ ഏതോ മുടുക്കുവഴിയിൽ വച്ച്
അത്,
സ്വയം കത്തിയെന്ന് വേഷം കെട്ടുന്നു .
ഞാനത്ഭുതപ്പെടുകയാണ് ,
വാക്കുകൾക്കെങ്ങനെ ഇത്ര വേഗം
അർത്ഥം മാറാൻ കഴിയും !
അതും പരപ്രേരണയില്ലാതെ !
മഞ്ഞുകാലത്ത് ,
ഉണങ്ങിയതെന്ന് തെറ്റിദ്ധരിപ്പിച്ച്
ശ്വാസമടക്കിനിന്ന ഒരു മരച്ചില്ലയിൽ
ഊഞ്ഞാലാടുന്ന
നിലയിലാണ് അവസാനം കാണപ്പെട്ടത്
അതിന്
തൊട്ടുമുമ്പത്തെ ദിവസമാണ്
ലോകനാഥൻ്റെ തട്ടുകടയിലിരുന്ന്
എൻ്റെ കൂടെ
വെറും കട്ടൻകാപ്പി കുടിച്ചത്
അന്നൊന്നും ഒരു സൂചന തന്നില്ല ,
ഒരു അതൃപ്തിയും കാണിച്ചില്ല ,
ഒളിച്ചു വച്ചേക്കുവായിരുന്നു
അതങ്ങനല്ലേ വരൂ
ആ കള്ളമരമല്ലേ കൂട്ട് !
പിന്നീട് ,
മരുഭൂമിയിലേയ്ക്ക്
ഓടിപ്പോയെന്ന് മരച്ചുവട്ടിൽ
വീണുകിടന്ന ചില്ലയാണ്
പറഞ്ഞത്
പിടിച്ചു കൊണ്ടുവരാൻ
പലവട്ടം പുറപ്പെട്ടതാണ്
പക്ഷെ ,
ഏതു തെരുവിലാണിപ്പോൾ
വായിക്കപ്പെടുന്നതെന്നാർക്കറിയാം !
എന്നാലും ,
പോകും മുമ്പ്
എന്നോടൊന്നു പറയാമായിരുന്നില്ലേ ?
പൊന്നേ തേനേന്ന് നോക്കിയതല്ലേ ?


വൈഗ

By ivayana