ഓര്‍മ്മയുടെ തീവണ്ടി
കിതച്ചുകൊണ്ടു
വര്‍ഷങ്ങള്‍ പിന്നോട്ടേക്ക്
പാഞ്ഞപ്പോള്‍
തേങ്ങുന്നുവോ
ഉള്ളിലൊരു അരിപ്രാവ്

പാളംതെറ്റിയ
ചിന്തകളിലൂടെ നുഴഞ്ഞുകേറി
മനസ്സിന്‍ വാതായനങ്ങളില്‍
ചെറുകാറ്റായി
തഴുകിയുണര്‍ത്തുന്നു
പുസ്തകതാളിലൊരു –
കോണില്‍ നീ കോറിയിട്ട
പ്രണയാക്ഷരങ്ങൾ..

ചിതലരിച്ച ഏടുകള്‍ക്കിടയിലും
ചാവാതെ-കിടക്കുന്നതെന്തേ,
മൃതസഞ്ജീവിനിപോലെയാ
മൃദുലാക്ഷരങ്ങള്‍..
ആത്മഹത്യക്കൊരുങ്ങിയ
സ്വപ്നങ്ങളെ
പുനര്ജീവിപ്പിക്കാനോ ?

അറിഞ്ഞുമറിയാതെയും
ജീവിതപ്പാളങ്ങളിൽ
ചതഞ്ഞരഞ്ഞു പോകുന്ന
ചില നിമിഷങ്ങള്‍,
പേരറിയാത്ത
ഏതോ സ്റ്റേഷനില്‍ ഇറങ്ങിപ്പോയ
അജ്ഞാതസഞ്ചാരിയുടെ
ഓർമ്മകളും പേറി
കുതിച്ചു പായുന്ന
തീവണ്ടിപോലെ ,
കുതിച്ചും കിതച്ചും ഇഴഞ്ഞും
പോകുന്ന ജീവിതയാത്രയ്ക്കിടെ,
പച്ചക്കൊടി കാണിക്കുന്ന
ഗാര്‍ഡിനെപ്പോലെ
പുഞ്ചിരി പൊഴിക്കുന്നു
മധുരിക്കുന്ന ഓര്‍മ്മകൾ

ശ്രീരേഖ.എസ്

By ivayana