രചന : ജയേഷ് പണിക്കർ✍

അകലേക്കു നീയും നടന്നു നീങ്ങി
അറിയാതെയെന്തിനോ ഞാൻ വിതുമ്പി
അകതാരിലുയരുന്ന നൊമ്പരത്തിൽ
അശ്രുകണങ്ങളുതിർന്നീടവേ
നിറമകന്നങ്ങനെ മായുന്ന
മഴവില്ലിനിനിയില്ല നേരം മടങ്ങിടട്ടെ.

പറയുവാനെന്തോ ബാക്കിയാക്കി
പ്രിയസഖീ നീയിന്നു മറയുന്നുവോ
കതിരിട്ടു നിന്നൊരാ മോഹങ്ങളും
കൊഴിയുന്നിതീ മണ്ണിൽ നോവായിതാ
ഉയരുന്നിതുള്ളിൽ പ്രതിധ്വനിയായ്
ഉണർവ്വേകും നിൻ പദ സ്വനങ്ങൾ
ഇനിയെന്നു തിരികെ വരുമരികിൽ
ഇതളിട്ടുണർത്താൻ വസന്തമെന്നിൽ.

ഇതുവരെ മറ്റൊരു മുഖമതിലെൻ
ഇരുമിഴിയിത്ര പതിഞ്ഞതില്ല
ഉണരുന്നിതെന്നിൽ നിൻ രൂപവും
ഉറക്കത്തിലെന്നുമുണർവ്വിലുമേ
ഞാനറിയുന്നു നിന്നുള്ളിലെന്നുമെൻ
ജീവൻ്റെ താളപ്രതിധ്വനികൾ.

ജയേഷ് പണിക്കർ

By ivayana