രചന : അനു സാറ✍

വെയിലേറ്റു വാടിയ കാനനപൂവുപോൽ നീ
വാടിത്തളർന്നുവോയീയുലകിൻ മാറിടത്തിൽ
പറയാതെ നീയേറ്റ യാദനകളും
കരയാതെ നീ കരഞ്ഞ നിമിഷങ്ങളും
നിന്നിലൊരു രണഭൂമിയായി പിറവികൊണ്ടു
ഏകയായ് നീയലഞ്ഞ വഴിത്താരകളിൽ
നിന്റെ പാദുകങ്ങൾ ആഴ്ന്നിറങ്ങി
പകലിൽ നീ പുഞ്ചിരിയുടെ പൊയ്മുഖം ചാർത്തി
സന്ധ്യകൾ നിന്റെ നോവുകൾ തുടച്ചുമാറ്റി
രാവുകളിൽ പെയ്തിറങ്ങിയ നീർക്കണങ്ങൾ
നിന്റെ മിഴിച്ചിരാതിൽ നിറഞ്ഞു നിന്നു
നിന്റെ മിഴികളൊരു കെടാവിളക്കായ് തെളിഞ്ഞു നിന്നു
അലറിപ്പാഞ്ഞൊഴുകും തിരമാല പോലിന്നൊരു
ഭ്രാന്തിയെപോൽ നീ കഴിഞ്ഞു കൂടി
പുതുപുലരിയിൽ കുയിലുകൾ
നിൻ സ്വപ്നങ്ങളെയേറ്റു പാടി
അതിന്റെ താളത്തിൽ
മയിൽ കുഞ്ഞുങ്ങൾ ആനന്ദനൃത്തമാടി
അറിയാതെ വന്നൊരു ഇളം തെന്നലോ
നിൻ മനസ്സിനെ താണുവോടെ തഴുകിയുണർത്തി
സുഖദുഖങ്ങളുടെ കുസൃതികളും
പ്രണയം കൊതിച്ച നിമിഷങ്ങളും
നിന്നിലൊരു സുവർണ ഗോപുരം പണിതുയർത്തി
കാരാഗ്രഹ വാതിലുകൾ തുറക്കുവാൻ
ഇടിമിന്നൽപിണരുകൾ സ്വർണവാളുപോൽ തിളങ്ങി നിന്നു
നിരാശകൾക്കപ്പുറം നീയൊരു
ഏകാകിനിയായ് പടിയിറങ്ങി
എൻ പ്രണയസരോവരത്തിൽ
നീയൊരു പ്രണയപുഷ്പമായ് വിരിഞ്ഞു നിന്നു.

അനു സാറ

By ivayana