രചന : അനീഷ് കൈരളി ✍
പകലിനെ
ആർത്തിയോടെ
വായിക്കുന്നൊരു കടൽ.
മറുകരയിലിപ്പോഴും
സങ്കടപെയ്ത്ത് …
ഞണ്ടിൻകാലുകൾ പോലെ
തെറ്റിയോടുന്ന വരികൾ.
വായിച്ചുതീരും മുമ്പേ –
മറിയുന്നതാളുകൾ.
‘ഞാൻ കള്ളി’
എന്നൊരു കടൽ
കുട്ടി വന്നതു മായ്ച്ചുപോകുന്നു.
ലക്ഷ്യമില്ലാതെ പറന്നകലുന്നു
നൂലു പൊട്ടിയ മേഘങ്ങൾ.
നാവുകളാൽ വിഷം തുപ്പുന്നു,
കണ്ണുകളിൽ കടലളന്നൊരു പ്രണയം.
മുന്നിൽ പറക്കുന്നവയ്ക്കൊപ്പം
ദിക്കുതെറ്റിയ പക്ഷികൾ.
ആകാശം ചാലിച്ചെടുത്ത നിറങ്ങളിൽ
ചുവപ്പു പടരുമ്പോൾ,
ഉപ്പുതരിപോലൊട്ടുന്ന
നോട്ടങ്ങളെ കുടഞ്ഞിട്ട്
കുടിലിലേക്കോടുന്നു –
ശംഖുവിൽക്കുന്ന പെൺകുട്ടി.
മീനുകൾ വീശിയെറിഞ്ഞ
വലയിൽ കുടുങ്ങി –
ഉള്ളുപിടയുന്ന സൂര്യൻ.
ചെവിയോർത്താൽ കേൾക്കാം…
കാൽപ്പാടുകളെ നെഞ്ചോടൊതുക്കി
കരയാതെ കരയുന്നൊരു കടൽ. 🖤