രചന : ശങ്കൾ ജി ടി ✍

അടഞ്ഞ വാതില്‍
ഓരടഞ്ഞ വാതിലേയല്ല…!
ഒരടഞ്ഞ വാതിലില്‍
തുറന്നേക്കാമെന്നൊരു പ്രതീക്ഷ
എപ്പോഴും തുറന്നുകിടപ്പുണ്ട്…
അടഞ്ഞ വാതിലില്‍
ഒരു തുറന്ന വാതില്‍
ഉറങ്ങിക്കിടപ്പുണ്ട് എന്നു് പറയാം
അടഞ്ഞ വാതിലില്‍ ഒരു തുറന്ന വാതില്‍
അടഞ്ഞു കിടുപ്പുണ്ട് എന്നു പറയാം..
അടഞ്ഞ വാതില്‍
അകം പുറം എന്ന് പ്രപഞ്ചത്തെ
രണ്ടായി വിഭജിക്കുന്നു…
അകത്തുള്ളത് പുറത്തുള്ളത്
സ്വന്തം അന്യം എന്നിങ്ങനെ
സകലതിനേയും രണ്ടായി വര്‍ഗ്ഗീകരിക്കുന്നു….
അടഞ്ഞതോ തുറന്നതോ ആവട്ടെ
അപ്പോള്‍ വാതില്‍
മനുഷ്യന് പുറത്തുവരാനൊ
അകത്തുകടക്കാനൊ കഴിയാത്ത
ഒരു സമസ്യയാകുന്നു എന്നു വരുന്നു…….
രാത്രിയില്‍
തുറന്നുകിടക്കുന്നതായി കാണുന്ന വാതില്‍
ഒരു ദുശ്ശകുനമാകുന്നു…….
അത് ഇരുട്ടിനെ ആഗീരണം ചെയ്യുന്നു
പകല്‍
അടഞ്ഞുകിടക്കുന്ന വാതില്‍ ദുശ്ശകുനമാകുന്നു
അത് പ്രകാശത്തെ ചെറുക്കുന്നു……..!
അടഞ്ഞ വാതില്‍
നിത്യതയും അതിന്റെ അഹങ്കാരവുമാകുന്നു
തുറന്നവാതില്‍
കാലവും അതിന്റെ സൗഹൃദവുമാകുന്നു
പാതിതുറന്ന വാതില്‍
സ്ത്രൈണതയും സൗമ്യതയുമാകുന്നു…
ഇങ്ങനെ
അടഞ്ഞും തുറന്നും
വാതില്‍ ജീവിതത്തേയും നിത്യതയേയും
ഒരുപോലെ പ്രഘോഷിക്കുന്നു…

ശങ്കൾ ജി ടി

By ivayana