രചന : മൻസൂർ നൈന ✍
ആലപ്പുഴ ജില്ലയിലെ വടുതല – പൂച്ചാക്കൽ പ്രദേശത്തേക്ക് സുഹൃത്ത് മഹമ്മൂദ് പൂത്തറ – യ്ക്ക് ഒപ്പമുള്ള യാത്രയിലാണ് പാണാവള്ളിയിലെ അബൂ മുസ്ലിയാരുടെ വീട്ടിലൊന്നു പോകണം എന്ന ആഗ്രഹമുദിച്ചത് . പൂച്ചാക്കലിൽ നിന്നു തിരികെയുള്ള യാത്രയിൽ പാണാവള്ളി ആഞ്ഞിലത്തോട് എന്ന സ്ഥലത്തെത്തി അബൂ മുസ്ലിയാരുടെ ഏക മകൻ യഹിയയെ കണ്ടു സംസാരിച്ചു .
പാണാവള്ളി – പൂച്ചാക്കൽ പ്രദേശങ്ങൾക്ക് ഇന്നും ഗ്രാമീണ അന്തരീക്ഷമാണ്. അതിലൂടെയുള്ള യാത്ര നമ്മെ പഴയ കാല ഓർമ്മകളിലേക്ക് എത്തിക്കും. പാണാവള്ളിയിൽ നിന്ന് കൊച്ചങ്ങാടിയിലെത്തി കൊച്ചങ്ങാടിക്കാരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച അബു മുസ്ലിയാരെ കുറിച്ചാണ് പറയാനുള്ളത്.
പാണ്ഡിത്യവും വാഗ്വിലാസവും കൊണ്ടു നിരവധി പണ്ഡിതന്മാർ നമ്മുടെ ഓർമ്മയിലുണ്ടാവാം . വളരേ ലളിത ജീവിതം നയിച്ചിരുന്ന , സൂക്ഷ്മതയോടെ ജീവിച്ചിരുന്ന അബു മുസ്ലിയാർ തന്റെ വിനയത്താലും സ്വഭാവ ഗുണത്താലും കൊച്ചങ്ങാടിക്കാരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച വ്യക്തിയാണ്.
അബു മുസലിയാർ 22 വർഷം മുൻപാണ് മരണപ്പെടുന്നത് ( 2001 ) . മരണപ്പെടുമ്പോൾ 90 ലേറെ പ്രായമുണ്ടാവണം . അരനുറ്റാണ്ടിലേറെ കൊച്ചി കൊച്ചങ്ങാടിയിലെ ചന്ദന പള്ളിയിൽ സേവനം ചെയ്തു .
നാൽപ്പതുകളിൽ കൊച്ചി കരുവേലിപ്പടിയിലെ തക്യാവിൽ ഖുർആൻ ഓതി പഠിക്കാനെത്തിയ അബു മുസലിയാർ തന്റെ കൗമാര കാലത്ത് തന്നെ ചന്ദന പള്ളിയിലെത്തി . അക്കാലത്ത് കൊച്ചങ്ങാടിയും പരിസരവും മുസ്ലിം സമുദായത്തിലെ
നൈനമാരുടെ തറവാടുകളാൽ ചുറ്റപ്പെട്ട് കിടന്നിരുന്നു .ചന്ദന പള്ളി നിർമ്മിച്ചതും നൈന കുടുംബമാണ്.
അബു മുസ്ലിയാരുടെ സേവനത്തിന്റെ തുടക്ക കാലത്ത് കൊച്ചങ്ങാടിക്ക് പ്രൗഡിയുടെ കാലമായിരുന്നു . കൊച്ചിയിലെ ഏറെ തിരക്കേറിയ ഒരു തെരുവായിരുന്നു കൊച്ചങ്ങാടി . നിരവധി കമ്പിനികളാൽ ചലിച്ചിരുന്ന കൊച്ചങ്ങാടി വാഹനങ്ങളാലും തൊഴിലാളികളാലും എന്നും തിരക്കായിരുന്നു .
അബു മുസലിയാർ ചന്ദന പള്ളിയിൽ സേവനം തുടങ്ങുമ്പോൾ ഓബ എന്ന് വിളിക്കപ്പെട്ടിരുന്ന മുഹമ്മദ് ഹുസൈൻ ഷാദുലി നൈനയായിരുന്നു പള്ളിയുടെ മുത്തവല്ലി . ഇദ്ദേഹം പ്രശസ്തനായ അബ്ദുൽ ഖാദിർ വക്കീലിന്റെ ഭാര്യാ പിതാവാണ് . പിന്നീട് മുത്തവല്ലി സ്ഥാനം അദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ മമ്മാച്ചിക്ക എന്ന മുഹമ്മദ് ഹസ്സൻ നൈന എന്ന വ്യക്തിയിൽ നിക്ഷിപ്തമായി . ഇപ്പോൾ ചന്ദന പള്ളിയുടെ മുത്തവല്ലി സ്ഥാനം മമ്മാച്ചിക്കയുടെ മകൻ ഗഫൂർ നൈനയുടെ കൈകളിലാണ് . രണ്ട് നൂറ്റാണ്ടിനടുത്ത് പഴക്കമുണ്ടാവാം ഇന്ന് ചന്ദന പള്ളിക്ക്. എങ്ങനെ ഈ പേര് വന്നുവെന്ന് ഇന്നും പലർക്കും അറിയില്ല.
കേരളത്തിൽ മറ്റൊരു ചന്ദന പള്ളിയുണ്ട് പക്ഷെ അതൊരു ചർച്ചാണ്. ദക്ഷിണേഷ്യയിലെ വലിയ പള്ളികളിൽ ഒന്നായി അറിയപ്പെടുന്ന പത്തനംതിട്ടയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി ,
ചന്ദന പള്ളി എന്ന പേരിലാണ് അറിയപ്പെടുന്നത് . പണ്ടു കാലത്ത് ഈ പള്ളിയിൽ ചന്ദന മരങ്ങൾ നിന്നിരുന്നു എന്ന് പറയപ്പെടുന്നു . ഒരു പക്ഷെ കൊച്ചങ്ങാടിയിലെ ചന്ദന പള്ളിക്കും ഇങ്ങനെയൊരു കാരണമാകാം ഈ പേരിനു പിന്നിൽ
കൊച്ചി കായലിന്റെ കാറ്റേറ്റ് കിടക്കുന്ന ചന്ദന പള്ളിക്ക് നിശബ്ദതയുടെ സൗന്ദര്യമുണ്ട്. വർഷങ്ങൾക്ക് മുൻപ് കൊച്ചങ്ങാടിയിലെ തറവാട് വീട്ടിൽ താമസിക്കുമ്പോൾ രാത്രിയിൽ പ്രാർത്ഥനയ്ക്കായി അൽപ്പം വൈകിയാവും പള്ളിയിലെത്തുക .
നമസ്ക്കാരമൊക്കെ കഴിഞ്ഞു ആളുകൾ പള്ളിയിൽ നിന്നു പിരിഞ്ഞു പോയിട്ടുണ്ടാവും . പള്ളിയിലെ വരാന്തയിൽ നമസ്ക്കാരവും കഴിഞ്ഞു അങ്ങനെ ഒറ്റയ്ക്കിരിക്കും കൂട്ടിന് രാത്രിയുടെ നിശബ്ദതയും . രാത്രി ഏകദേശം 8 മണി കഴിയുമ്പോഴേക്കും അന്നൊക്കെ ഒരു നിശബ്ദതയാണ് അവിടം . നിശബ്ദതയെ ഭേദിച്ച് ഇടയ്ക്കിടെ കടന്നു പോകുന്ന ബോട്ടുകളുടെ ശബ്ദവും , ഐലന്റിൽ നങ്കുരമിട്ടിട്ടുള്ള കപ്പലുകളിൽ നിന്നു ഇടയ്ക്കുള്ള സൈറണും കേൾക്കാം . മനസ്സിനും ശരീരത്തിനും കുളിര് നൽകി കായലിനെ തൊട്ട് കാറ്റെത്തും എന്തൊക്കെയൊ ചിന്തിച്ചു കൊണ്ടുള്ള പള്ളിയിലെ ആ ഇരിപ്പിന് ഒരു സുഖമുണ്ടായിരുന്നു .
ഇപ്പോൾ 78 വയസ്സുള്ള TP മുഹമ്മദാലിക്കയെയും അദ്ദേഹത്തിന്റെ കുടുംബാക്കാരെ മുഴുവനും ഖുർആൻ ഓതി പഠിപ്പിച്ചതും അബു മുസലിയാരാണ് . എന്റെ ഉമ്മ , പിതാവിന്റെ സഹോദരി എന്നിവരെ ഓതി പഠിപ്പിച്ചിരുന്ന കാര്യം അവർ ഇടയ്ക്കിടെ പറയുമായിരുന്നു . നൈന തറവാടുകളിലുള്ള അക്കാലത്തെ ഒട്ടുമിക്ക വ്യക്തികളെയും ഇദ്ദേഹം ഓതി പഠിപ്പിച്ചിട്ടുണ്ട് .
ഇടയ്ക്ക് അബു മുസ്ലിയാരുടെ ബാപ്പയും പള്ളിയിൽ സേവനം ചെയ്തിട്ടുണ്ട് . അടയ്ക്കാ മരത്തിന്റെ പാളി കൊണ്ടുണ്ടാക്കിയ വിശറിയുമായി നടക്കുന്ന അബൂ മുസ്ലിയാരുടെ ബാപ്പയെ TP മുഹമ്മദാലിക്ക ഇപ്പോഴും ഓർക്കുന്നു .
അര നൂറ്റാണ്ടിന്റ സേവനത്തിനിടയിൽ 1000 ത്തോളം ശിഷ്യഗണങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു . പ്രായമേറെയായി ചന്ദന പള്ളിയിൽ നമസ്ക്കാരത്തിന് നേതൃത്വം നൽകാൻ വയ്യെന്നായപ്പോൾ ഒരിക്കൽ എല്ലാവരും നിർബന്ധപൂർവ്വം ജോലിയിൽ നിന്ന് വിടുതൽ നൽകി പാണാവള്ളിയിലെ വീട്ടിൽ കൊണ്ടാക്കി . ദാ… കുറച്ചു ദിവസം കഴിഞ്ഞു നോക്കുമ്പോൾ അബു മുസലിയാർ കൊച്ചങ്ങാടിയിലെ ചന്ദന പള്ളിയിൽ തന്നെ തിരിച്ചെത്തി . തനിക്ക് കൊച്ചങ്ങാടിയിൽ തന്നെ കിടന്നു മരിച്ചാൽ മതിയെന്ന് പറഞ്ഞാണ് തിരിച്ചെത്തിയത് . പിന്നെയും കുറച്ചു വർഷങ്ങൾക്ക് ശേഷം തീരെ വയ്യാതെ വന്നപ്പോൾ കൊച്ചങ്ങാടിക്കാർ സ്നേഹത്തോടെ അദ്ദേഹത്തെ പാണാവള്ളിയിലേക്ക് തിരികെ എത്തിക്കുകയായിരുന്നു .
ഇന്ന് പാണാവള്ളിയിൽ നിന്നു കൊച്ചങ്ങാടിയിലെത്താൻ 50 മിനിറ്റ് എടുക്കുമെങ്കിൽ , 40 – 50 കളിൽ കടത്തും ബോട്ടും ചങ്ങാടത്തിലുമൊക്കെയായി 4-5 മണിക്കൂർ യാത്ര ചെയ്യേണ്ടി വരും പാണാവള്ളിയിൽ നിന്നു കൊച്ചങ്ങാടിയിലെത്താൻ .
പൂച്ച കണ്ണുള്ള അബു മുസ്ലിയാരെ എന്നും ചിരിയോടെ മാത്രമേ കണ്ടിട്ടുള്ളൂ . അബു മുസ്ലായാരുടെ ഒത്തിരി ഓർമ്മകളുണ്ട് ഇന്നും കൊച്ചങ്ങാടിക്കാർക്ക് . ചന്ദന പള്ളിയുടെ ചരിത്രത്തിന് ചന്ദനത്തിന്റെ സുഗന്ധവും…..