രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍

ആയിരം സൂര്യൻമാരൊന്നിച്ചുദിച്ചപോ-
ലായിരുന്നോമലേ നിന്റെ ചന്തം!
ഇന്നു നിൻ രൂപമെന്തിത്ര വികൃതമാ,-
യൊന്നു ചിന്തിക്കിലതെത്രകഷ്ടം!
കാലങ്ങളങ്ങനെ പാഞ്ഞുപോയീടവേ,
കോലങ്ങൾ മാറുകയല്ലിവേഗം
ഓരിലയീരിലയിട്ടുയർത്തുന്നൊരീ-
പാരിന്റെ വൈഭവം ഹാ വിചിത്രം!
കുഞ്ഞായിരുന്നോരു നാൾതൊട്ടുനമ്മളിൽ,
കുഞ്ഞായിരുന്നില്ല സ്വപ്നമൊന്നും
ഇന്നിരുന്നായതോരോന്നു,മോർത്തീടുകി-
ലൊന്നുമില്ലൊക്കെയു,മർത്ഥശൂന്യം!
കണ്ണാടി നോക്കുക,കണ്ണു തുറന്നുനാം
കണ്ണിണപോലും കുഴിഞ്ഞു കാൺമൂ!
എന്തുണ്ടു സൗന്ദര്യമെന്നതിൻ പിന്നിലെ,
ചിന്തുകൾതൻ ഭാവസാന്ദ്രദീപ്തം!
മൂടുപടങ്ങളണിഞ്ഞു നടക്കുന്ന
കാടത്തമാർന്ന മനസ്സിനാമോ,
ഈടുറ്റ സൃഷ്ടിതൻ സൂത്രവാക്യങ്ങളെ,
പാടേമനസ്സിലാക്കീടുവാനായ് ?
ജീവിതത്തിന്നർത്ഥവ്യാപ്തിയറിയുവാ-
നാകണ,മീനമുക്കെന്നുമെന്നും
ഇന്നിൻ മധുരിമ തെല്ലുംനുകരാതെ,
മന്നിൽ വസിക്കുവോരെത്ര മൂഢർ!
ഇപ്രപഞ്ചത്തിന്നമേയസൗന്ദര്യവും,
നിഷ്പ്രഭമായ് മാറുമിങ്ങൊരിക്കൽ
ബാഹ്യ സൗന്ദര്യത്തെ വർണ്ണിച്ചിടും കവി-
വാക്യങ്ങളെത്രമേൽ ശുഷ്കമെന്നോ!
ഇന്നലെപ്പൂവിട്ടു പുഞ്ചിരി തൂകിയ,
പൊന്നഴകാർന്നൊരപ്പൂക്കളൊന്നായ്,
ഇന്നിതാ,വീണുകിടക്കുന്നിതൂഴിയിൽ
ഒന്നതിൻ സാരംനാമോർപ്പു,നിത്യം
മാനത്തു,വാർമഴവിൽക്കുറിചാർത്തുമ്പോൾ,
മാനസമെത്ര സമുല്ലസിപ്പൂ!
കാലേയ,ക്കാർമുകിൽമൂടിയെന്നാലതിൻ;
ചേലെത്രവേഗം കവർന്നെടുപ്പൂ!
എന്നുമി,സൗന്ദര്യമങ്ങനെ നിൽക്കുമെ-
ന്നൊന്നുമിന്നാരും കരുതിടേണ്ട
എങ്കിലുമായതിനെപ്പുനരീ,നമ്മൾ
ശങ്കകൂടാതെ വാഴ്ത്തീടുകേവം.

By ivayana