രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍

യുദ്ധംകൊണ്ടെന്തൊക്കെ നേടി മനുഷ്യൻ
യുദ്ധംകൊണ്ടെവിടെച്ചെന്നെത്തി?
രക്തംകൊണ്ടാരിവിടെ എഴുതി വിജയം
ചോരവാർന്നാരൊക്കെയാർത്തു കൂവി?

യുദ്ധംനാമെത്രയോ കണ്ടൂ…. ഭൂമിയിൽ
യുദ്ധത്തിൽ ജയിച്ചവരുണ്ടോ…?
യുദ്ധംകൊണ്ടാരൊക്കെ ജയിച്ചോപലപ്പോഴും
ജയിച്ചവർ തോറ്റവരായി മാറി

കാലങ്ങളായിത്തുടരുന്നു കയ്യേറ്റം പാരിതിൽ
അധിനിവേശത്തിന്റെ രക്തക്കറകൾ
കാലമൊരുപാടു മാറിയെന്നാലും തമ്മിൽ
കാര്യമറിയാതെ യുദ്ധം തുടരുന്നു

നാശം വിതച്ചുവിതറുന്നു തമ്മിൽ കഷ്ടം
എത്രയോ ജീവൻ പിടഞ്ഞു മരിക്കുന്നു
രാജ്യങ്ങൾതമ്മിലെ യുദ്ധത്തിൽ കാണ്മൂ
അസഹിഷ്ണുത കൊണ്ടുള്ള തീക്കളിയേറേ

രാജ്യത്തു പട്ടിണിയാളിപ്പടരുമ്പോഴും കാണാം
രാജാക്കൾ ബോംബുകൾ നിർമ്മിച്ചു കൂട്ടുന്നു
രാജ്യങ്ങൾ പിന്നോട്ടു നടന്നുനീങ്ങുമ്പോഴും
ആണവായുധങ്ങൾ വാരിക്കൂട്ടുന്നു

മതത്തിന്റെ പേരിലും, സ്ഥലത്തിന്റെ പേരിലും
രാജ്യങ്ങൾ തമ്മിലിടയുന്നു, തെറ്റിപ്പിരിയുന്നു
വീണ്ടുവിചാരങ്ങളില്ലാതെ നേതാക്കൾ
തീപ്പെട്ടികൊണ്ടു തല ചൊറിയുന്നു, ചിരിക്കുന്നു

തീപ്പൊരിയിൽനിന്നു രാജ്യങ്ങൾ കത്തുന്നു
തീരുമാനം തെറ്റി യുദ്ധവും വഴിതെറ്റിപ്പോകുന്നു
കാലം സാക്ഷി… വിളിച്ചു കൂവുന്നതു കേൾക്കൂ
യുദ്ധമൊന്നിനും ശാശ്വത പരിഹാരമല്ല ലോകമേ

ചോദ്യമിന്നുമുയരുന്നു പരിഹാസമായ്, കേൾക്കുക
യുദ്ധംകൊണ്ടെന്തു നീ നേടീ വിശ്വമാനവാ…….?
കാലം കാതിൽപ്പറയുന്നതും കേൾക്കുക
യുദ്ധമൊന്നിനും പരിഹാരമാവില്ല കഷ്ടമേ…..!

മോഹനൻ താഴത്തേതിൽ

By ivayana