ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : അബിദ ബി ✍

നീലുവിനെ ഇറുകെ പുണർന്ന് അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ വിരലുകൾ അവളുടെ ചെവിയെ തഴുകികൊണ്ടിരുന്നു. പൊമ്മു ഉണരും അവളെന്റെ ചെവിയിൽ പതുക്കെ പറഞ്ഞു. അതൊന്നും കേൾക്കാൻ നിൽക്കാതെ അവളുടെ കഴുത്തിലേക്ക് മുഖം ചേർക്കവേ തല എവിടെയോ മുട്ടി. തലയിൽകൈചേർത്ത് കണ്ണ് തുറന്നു ലൈറ്റ് ഇട്ടപ്പോൾ ചുറ്റും എന്തോ പോലെ,നീലുവില്ല.കണ്ണ് തുറക്കാനാകുന്നില്ല.പതിയെ കണ്ണ് തുറന്ന് നോക്കുമ്പോൾ മനസ്സിലേക്ക് വല്ലാത്തൊരു ശൂന്യത കേറിവന്നു. മുട്ടിൽ മുഖം ചേർത്ത് ഒരേ ഇരുപ്പിരുന്നു . എത്ര സമയം കഴിഞ്ഞെന്നറിയില്ല.മുറ്റത്ത് കരിയിലകൾ ഞെരിയണ ശബ്ദം.


ഏതോ ജീവി നടന്നു പോയതാവും. ഞാൻ മൊബൈൽ ഫ്ലാഷ് മിന്നിച്ചു, ഒന്നും കണ്ടില്ല.തണുപ്പ് അരിച്ചിറങ്ങുന്നു.ലൈറ്റ് അണച്ചു കിടക്കാൻ തുടങ്ങിയപ്പോഴാണ് പൊമ്മു ഉണർന്നത്. ഉറക്കത്തിൽ അവൾ അമ്മ അമ്മ എന്ന് വിതുമ്പുന്നു. എന്റെ ഉറക്കവും പോയി. ഞാനവളെ എന്നോട് ചേർത്തു കിടത്തി. നീലു കിടക്കും പോലെ അവളോട് ചേർന്നു കിടന്നു. അവളുടെ കുഞ്ഞി കൈകൾ എന്റെ കഴുത്തിൽ ചുറ്റി. എങ്ങോട്ടും വിടില്ലെന്നപോലെ.രാത്രി ഉറക്കമില്ലാതെചിമ്മുവിനെയും പൊമ്മുവിനെയും എടുത്ത് നീലു നടന്ന ദിവസങ്ങളിൽ ഒരിക്കൽ പോലും താൻ ഉണർന്നില്ല. രാവിലെ ജോലിക്ക് പോകുമ്പോൾ ഇത്തിരി വൈകിയതിനു പോലും അവളോടെത്ര ദേഷ്യപ്പെട്ടു. അസ്സഹനീയതകളുടെ എച്ചിൽ കൂമ്പാരങ്ങൾ പലതു ചാടി കടന്നിട്ടും പിന്നെയും ഞാനവളെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. ചിമ്മുവിനെയും കൊണ്ട്
അവളിറങ്ങിപോകുംവരെ അത് തുടർന്നു.

പിന്നീട് മുഴുവൻ അവരെ തേടിയുള്ള അലച്ചിലുകളായിരുന്നു.അങ്ങിനെ ഒരു യാത്രയിലാണ് ട്രെയിനിൽ വെച്ച് സീതക്കനെ പരിചയപ്പെടുന്നത്.തമിഴ് നാട് ബോഡറിൽ വാളയാർ ചെക്ക് പോസ്റ്റിനടുത്താണ് സീതക്കയുടെ വീട്. കെട്ടിയവന്റെ കള്ളുകുടിയും അതുകഴിഞ്ഞുള്ള പേക്കൂത്തുകളും അതിരുവിട്ടപ്പോൾ രണ്ട് പെൺകുട്ടികളെയും എടുത്ത് സീതക്കൻ റെയിൽവേ സ്റ്റേഷൻ പുറമ്പോക്കിൽ അഭയം തേടി.ട്രെയിനിൽ കരിമ്പ് വിൽപ്പനയും നാരങ്ങ വിൽപ്പനയും ഒക്കെ ആയി നന്നായി ജീവിക്കുന്നു.അവരുടെ കഥ കേട്ട് കഴിഞ്ഞപ്പോൾ ഞാൻ എന്റെ കഥകളും മെല്ലെ ഉരുക്കഴിച്ചു. അപ്പോൾ അവർ പറഞ്ഞ ഒരു വാചകം നെഞ്ചിലേക്ക് തുളഞ്ഞു കയറി. “പെണ്ണുങ്ങളെ എലികളെ പോലെ നിങ്ങൾ കരുതും.

തെറി പറയാം,തല്ലാം, വിഷം കൊടുക്കാം, കെട്ടി തൂക്കാം, മുക്കി കൊല്ലാം, പാമ്പിനു കൊടുക്കാം പക്ഷെ അവർ മുറിച്ചിടാൻ തീരുമാനിക്കുന്നിടത്ത് കളി അവസാനിക്കും. മുറിച്ചിട്ടതൊന്നും മുറികൂട്ടി ശീലം പെണ്ണുങ്ങൾക്കില്ല .ഞാൻ നീലുവിന്റെ കണ്ണിലെ കൂർപ്പിലേക്ക് മുറിഞ്ഞു വീണു.ഞാൻ തോറ്റുപോകുമോ എന്നൊരു ഭയം എന്നെ മൂടി.അക്കൻ പറഞ്ഞ കുറേ അടയാളങ്ങൾ വച്ച് ഞാൻ ഒരു നാടോടി കൂട്ടത്തെ തിരയാൻ തുടങ്ങി. ഓരോ യാത്രയും അവസാനിക്കുമ്പോൾ നിരാശയായിരിക്കും ഫലം.ഒരു ശിശിരകാല യാത്രയിലാണ് ഞാനവരെ കണ്ടത്
ഒറ്റപ്പെട്ട കൂടാരങ്ങളിലായി
ഏകാന്തതയിലെ മഞ്ഞുപക്ഷികളെ പോലെ അവർ.


ഞാൻ അരികിലേക്ക് നീങ്ങും തോറും അവർ അകലേക്ക്‌ നീങ്ങി.
അവരുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ മൂളിപ്പാട്ടുകളില്ലായിരുന്നു
അവരുടെ കൈകളിൽ വയലറ്റ് പുഷ്പങ്ങളും കണ്ടില്ല.
ഈ പട്ടുപാതയിൽ കൊടും തണുപ്പിൽ കീറതുണിയുമായി ഇവരെങ്ങിനെ കഴിഞ്ഞു പോകുന്നു.നിറയെ ചോദ്യങ്ങളുമായാണ് ഞാനവരെ നേരിട്ടത്.എന്റെ ചോദ്യങ്ങൾ അവരെ ബുദ്ധിമുട്ടിച്ചോ എന്ന് എനിക്ക് വേവലാതിയായി. ഞാൻ പതിയെ അവരോട് എന്റെ യാത്രയെ കുറിച്ച് പറയാൻ തുടങ്ങി.ഭാഷ കയ്യും കണ്ണും പൂരിപ്പിച്ചു തുടങ്ങിയപ്പോൾ ഞാൻ അവരിലൊരാളായി.


അവർക്ക് ഞാൻ എന്റെ കൈയിലെ കരിമ്പിൻ തണ്ടുകൾ നൽകി. ട്രെയിനിൽ നിന്ന് അത് എനിക്ക് തന്ന സീതക്കയെ ഓർമ്മ വന്നു. ഒപ്പം അവരുടെ തടിച്ച ചുണ്ടുകളും വെറ്റില കറയുള്ള പല്ലുകളും ചുവന്ന മൂക്കുത്തിയും ..അതിലൊരു ചുരുളൻ മുടിക്കാരി എനിക്ക് മൺകുടത്തിൽ വെള്ളം നീട്ടി. അത് എനിക്ക് അത്യാവശ്യമായിരുന്നു അവളെന്റെ അരികിലേക്ക് മെല്ലെ നീങ്ങി നിന്നു മെല്ലെ
എന്റെ മുടി തൊട്ടുനോക്കി
അവളുടെ ചെമ്പിച്ച ചുരുളൻ മുടിയിഴകളിൽ ഞാനും തലോടി
അപ്പോളവൾ എന്നോട് ചിരിച്ചു
മെല്ലെ മറ്റുള്ളവരും.ഖൈബർ ചുരത്തിലെ കാറ്റ് അവളുടെ മുടിയിഴകളിൽ ഉമ്മ വെക്കുന്നു.ഒരു നിമിഷം ചിമ്മുവിനെ ഓർത്തുപോയി. താറുമാറായി പോയ ഒരാകാശത്തിലെ എന്റെ കുഞ്ഞു നക്ഷത്രം


നാലുവർഷമായി തുടരുന്ന അലച്ചിലുകൾ.ഒരോ മനുഷ്യ കൂടാരങ്ങളിലും ഞാൻ എന്റെ ചിമ്മുവിന്റെ ചിരി തേടുന്നു. എന്റെ കഥ കേട്ട് കഴിഞ്ഞപ്പോൾ ആ കൂട്ടത്തിൽ ഒരു വൃദ്ധൻ മുന്നോട്ട് വന്നു. അവരുടെ ഫോട്ടോ എന്തെകിലും ഉണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാൻ ബാഗിൽ നിന്നും ഒരു കെട്ട് ഫോട്ടോസ് എടുത്ത് അദ്ദേഹത്തിന് മുന്നിൽ നിവർത്തി വെച്ചു. അവർ പരസ്പരം എന്തൊക്കെയോ പറയാൻ തുടങ്ങി.കുറേ സമയം കഴിഞ്ഞും അവർ ഒന്നും പറയാതായപ്പോൾ, നിങ്ങൾ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല എന്ന് ഞാൻ ഭ്രാന്തനെ പോലെ അലറി.ആ വൃദ്ധൻ എന്റെ കയ്യിൽ പിടിച്ചു ഒരു കൂടാരത്തിനടുത്തേക്ക് നീങ്ങി.

യുഗങ്ങളിലേക്ക് സഞ്ചരിക്കും പോലെ എനിക്ക് തോന്നി, എത്ര നടന്നിട്ടും എത്താത്ത പോലെ, ഞാൻ തളർന്നു പോകും പോലെ, ചുവന്ന കമ്പളം കൊണ്ട് മൂടിയ കൂടാരത്തിനകത്ത് നിന്നും ചിമ്മുവിന്റെ ചിരി. ഞാൻ അവരുടെ ഒക്കെ മുഖങ്ങളിലേക്ക് നോക്കി. അവരും ചിരിക്കുകയാണ്. എനിക്ക് കരച്ചിൽ വന്നു.ഒരു വൃദ്ധ കൂടാരത്തിനകത്തേക്ക് നീങ്ങി. അതിനകത്ത് എന്തൊക്കെയോ സംസാരങ്ങൾ. ആ ചുവന്ന കമ്പളം മാറ്റപെട്ടു. എന്റെ ചിമ്മു കൂടെ അവളുടെ അമ്മയും.അവൾ ഓടിവന്നെന്റെ ഇടുപ്പിൽ കേറി. തലകുനിച്ചു കണ്ണുനിറഞ്ഞു നിന്ന എന്റെ നീലുവിനെ ഞാൻ നെഞ്ചോട് ചേർത്തു. അവളുടെ പൊട്ടികരച്ചിൽ എന്നെ ശരിക്കും അത്ഭുതപെടുത്തി.അത്രയും പിരിയുവാൻ മാത്രം ഒന്നും ഞങ്ങളിൽ സംഭവിച്ചിരുന്നില്ലെന്നെനിക്ക് തോന്നിപോയി.അപ്പോഴും അവൾ പൊമ്മുവിനെ എടുക്കാതെ വന്നത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല.

ഞാൻ ഒറ്റപ്പെട്ടുപോകരുതെന്ന് അവൾ ആഗ്രഹിച്ചിരിക്കാം. ഞാനവളെ ചേർത്തു പിടിച്ചു നടന്നു. ആ പാതയിലൂടെ തിരികെ വരുമ്പോൾ ദൂരെ കൈ വീശിക്കൊണ്ട് അവർ നിന്നു.അപ്പോഴും അവർ അഭയാർത്ഥികളായിരുന്നു.
അബി ❤️

By ivayana