രചന : ചെറുകൂർ ഗോപി ✍

സ്നേഹത്തിൻ മുള്ളാലെന്റെ
ഹൃത്തിൽ കുത്തി നോവിച്ചും
കൊല്ലാതെകൊല്ലുവതെന്തിനായി ?
വിശ്വാസമോടെന്റെ കരങ്ങൾ
ചേർത്തു നീ പോകുവതേതൊരു
ഓടയിലുപേക്ഷിപ്പതിന്നായി!

ജീവിതം കണ്ടതില്ല
ജീവിച്ചനാളുകൾ ഓർമ്മയില്ല
ജീവിതമെന്തെന്നുമറിയുകില്ല!
മോഹങ്ങളൊന്നുമേ നശിച്ചുമില്ല
സങ്കല്പമായ് നിറം ചാർത്തുന്നു
വർണ്ണങ്ങളും, എന്തിനെന്നറിയാതെ!

ഏതോ ഒരു വസന്ത
കാലത്തിലെന്ന പോലെ
എന്നിലേക്കടുക്കുന്നു
കാലം ബാക്കിവെച്ചൊരു
സ്നേഹ പാത്രം കണക്കെ!

അറ്റുപോയബന്ധങ്ങളിൽ
നിന്നൊരിഴ;തുന്നിച്ചേർത്തു വീണ്ടും,
സ്വന്തമാണെന്നൊരു വിശ്വാസമോടെ
അന്ധമായതു നാൾക്കു നാൾ
കഴിഞ്ഞു പോകെ.
വാക്കുകൾ പുതുമയേകുന്നു
സാന്ത്വനമാകുന്നു ,സ്‌മൃതികളായി കവിതയായി,
രാവിനോ പകലിനു പോലുമറിയാതെയൊഴുകി
ഒടുവിൽ പഴങ്കഥകളായും!

കാലമിങ്ങനെ കടന്നു പോകെ
കാണാക്കാഴ്ചകൾ മാത്രമായി
ഓരോ ദിനവും ദിനചര്യകളും.
മോഹിച്ചിടുന്നെന്നെ നോവിച്ചിടുന്നതും
ദൂരമേറുന്നൊരാ വാക്കിലും നോക്കിലും!

അറിയാം, നമുക്കന്നൊരതിരുമില്ല
ഇന്നോ?അറിയില്ല പറയില്ല
പരിധികൾ പോലും മറകെട്ടി
നിൽപ്പാണു ചുറ്റിലും !

അതുവരെ കണ്ട ജീവിത
വീഥിയിലൊരൂന്നുവടിയായ്
നിന്നു പോയതും
ഇതുവരെ എനിക്കായൊരൂന്നു
വടിയാകാതെ പോവതും!

ചേർത്തു വെച്ചോരോ വിശ്വാസവും
നോവുപോലെന്റെയുള്ളിൽ നീറുന്നു
സ്നേഹമുള്ളുകൾകൊണ്ടെന്റെ
ഹൃത്തിൽ കളം വരക്കുന്നു!

എന്നെങ്കിലുമൊരു നാൾ
പടിയിറങ്ങുന്നൊരു
കാലമുണ്ടായിടാം
നിന്റെ മനസ്സിൽനിന്നും,
അതുവരെയെങ്കിലും
ഹൃത്തിലിടം തേടുന്നു
എന്റെ വിശ്വാസത്തിൻ
നോവിനൊരാശ്വാസമായി!
Gk… 🖊️

By ivayana