രചന : യാസിർ എരുമപ്പെട്ടി ✍

ഒരു പത്ത് ജീവനില്ലാത്ത ഈച്ചകളെ കൂട്ടിയിട്ട് നോക്കുമ്പോൾ എന്ത് തോന്നും…!!
അപ്പൊ… നാലായിരം പൈതങ്ങളുടെ മയ്യിത്ത് നിങ്ങടെ വീടിന്റെ ഒരറ്റം മുതല് കിടത്തി തുടങ്ങിയാൽ എവിടെയാവും അതിന്റെ നിര അവസാനിക്കുന്നത്…
ഒന്നര കിലോമീറ്റർ..?
രണ്ട്… രണ്ടര..?? മൂന്ന്…???
അറിയില്ലല്ലോ ലെ….
ആ കൂട്ടിയിട്ട കുഞ്ഞു മയ്യിത്തുകളിൽ എന്തോരം മണങ്ങളുണ്ടാകും…!!
പാല് കുടിക്കവേ റൂഹ് പോയവർ…
കളിപ്പാട്ടം പെറുക്കി വെക്കവേ നിലച്ചുപോയവർ….
ചിണുങ്ങി കരയുമ്പോൾ ശ്വാസം ഇല്ലാതായവർ…
ഭക്ഷണം കഴിക്കവേ തൊണ്ടയിൽ നിന്ന് റൂഹ് പോയവർ….
ഉമ്മാനേയും ഉപ്പാനെയും തിരഞ് കണ്ണ് കലങ്ങി ബോംബിനാൽ ഉടല് വേർപ്പെട്ടവർ….
യാ റബ്ബ്….
ഇക്കാക്ക അനിയന്റെ പാതി മുറിഞ്ഞ കാല് തടവിക്കൊടുക്കുന്നു…
ചലനമറ്റ അനിയത്തിയുടെ കവിളത്ത് ചോരകൊണ്ട് ഇത്താത്ത ചുണ്ടമർത്തുന്നു…
മിടിപ്പ് നിന്ന കുഞ്ഞു പൈതലിനെ വെള്ള തുണിയിൽ പൊതിഞ് ഉമ്മ മാറോട് ഒട്ടിച്ചുവെക്കുന്നു….
എന്റെ കുഞ്ഞൊന്ന് വീണാൽ ഇടങ്ങേറ് ചങ്ക് തുളച്ചു കയറുന്ന എനിക്ക് അവരുടെ ധൈര്യം കണ്ട് വിശ്വസിക്കാനേ കഴിയാതാവുന്നു….
റൂഹ് ചുറ്റിലും അടർന്ന് വീഴുന്നത് കണ്ടിട്ടും ഇവർക്കെങ്ങനെയാണിത്ര കരുത്ത് കിട്ടുന്നത് റബ്ബേ….
ഒരു മൊട്ട് സൂചി കയറിയാൽ കാറിവിളിക്കുന്ന ഞങ്ങളുടെ കുഞ്ഞുങ്ങളുടെ മുഖമാണല്ലോ അവർക്കും….
എങ്ങനെയിത്ര അചഞ്ചലമായ നാഥനിലുള്ള ആഴമേറിയ വിശ്വാസം മുലപ്പാലിലൂടെ ലഭിച്ചുവെന്നോർത്ത് ആശ്ചര്യപ്പെടുന്നു….
മയ്യിത്തായ പൈതലിനെ ചങ്കോട് ചേർത്ത് എന്ത് വിപ്ലവ താരാട്ടാണ് നിങ്ങള് പാടിക്കൊടുക്കുന്നത്…!
നിങ്ങള് ഞങ്ങളുടെ ഉറക്കം കളഞ്ഞിരിക്കുന്നു…
കളിപ്പാട്ടങ്ങൾ തന്റെ സുഹൃത്തുക്കൾക്ക് വീതിച്ചു കൊടുക്കണമെന്നൊക്കെ പറഞ് മരിച്ചു പോകുന്ന കുഞ്ഞുങ്ങൾ ഞങ്ങളെ കരയിക്കാതിരിക്കുന്നതെങ്ങനെ…
കണ്ണ് കനം വെക്കുന്നപോലെ നിങ്ങൾക്ക് വേണ്ടി കരയുന്നു….
ഫാത്തിഹയിൽ തുടങ്ങി നിങ്ങളുടെ വിജയത്തിനായി ആമീനിൽ ഞങ്ങൾ മുഖംമുത്തി സലാം പറയുന്നു…
തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് കളിപ്പാട്ടം എടുക്കുന്ന പോലെ നിങ്ങള് പൈതങ്ങളെ എടുത്ത് മുത്തുന്നത് കാണുമ്പോൾ ചങ്ക് പൊളിയുന്നു….
നിങ്ങൾക്കറിയാം നിങ്ങള് ജയിക്കുമെന്ന്….
എന്നിട്ടും ഞങ്ങൾക്ക് കരയാതെ പറ്റുന്നില്ല…
ഒന്നുമില്ല പകരം തരാൻ….
പിടഞ്ഞു വീണ ഓരോ പൈതങ്ങളും ചിണുങ്ങിക്കരയുന്നതൊക്കെയും ദുആയായി എന്റെ നാഥൻ സ്വീകരിക്കുമെന്ന ഉറപ്പല്ലാതെ മറ്റൊന്നുമില്ല…..!!
വള്ളാഹി….
സുമ്മ വള്ളാഹി….✨
നിങ്ങള് ജയിക്കും…. നിങ്ങളേ ജയിക്കൂ…!!

By ivayana