രചന : ബിജു കാരമൂട് ✍

മുട്ട രണ്ടെണ്ണമൊഴിച്ചു വച്ചു
ഉള്ളി മുളകുമരിഞ്ഞു വച്ചു
ഉപ്പ് ചേർത്തൊന്ന് മഥിച്ചു വച്ചു
ചട്ടിയടുപ്പിലെടുത്തുവച്ചു
പച്ച വെളിച്ചെണ്ണ തീരെയില്ല
പൊട്ടിയൊരുത്തി കുനിഞ്ഞിരുന്ന്
കെട്ട മുഖത്തിൽ നിലം തുടപ്പൂ
ഇല്ലാതാത്തതിങ്ങനെയെണ്ണിയെണ്ണി
മാഴ്കുവാൻ പറ്റിയ
നേരമല്ല
നീലയമരിയും
വേപ്പിലയും
മുറ്റത്ത് കണ്ടോരിലകളെല്ലാം
അമ്മ പറിച്ചിട്ടുകാച്ചിവച്ച
ഉച്ചിയിൽ പൊത്തുന്നൊരെണ്ണയുണ്ട്
എണ്ണയും പിണ്ണാക്കുമൊന്നുമല്ല
മുട്ടിയാലെന്തുമുപായമല്ലേ
വല്ലതും ചൊന്നിട്ട്
വീട്ടുശാന്തി
ഇല്ലാതെയാക്കിലും മെച്ചമല്ലേ
മുട്ട വെന്തപ്പോൾ മണം പരന്നു
ചുറ്റിനും വൈദ്യശാലാസുഗന്ധം
അപ്പോഴേക്കെത്തീ നിലം തുടച്ച്
മുഗ്ധയായോളും
കുളിച്ചൊരുങ്ങി
ഒന്നിച്ചിരുന്നു
മകനൊടൊപ്പം
പങ്കിട്ടു തിന്നു രസിച്ചനേരം
തേടിയെടുത്തു മുടിയൊരെണ്ണം
മുട്ട പൊരിച്ച
മനസ്സ് ചത്തു
ഇത്രയും കാലം
പറഞ്ഞ കുറ്റം
ഒറ്റ നേരം കൊണ്ടെനിക്കുനേരെ
നീളമില്ലാത്ത
മുടിയൊരെണ്ണം
വീഴുമോ ഇങ്ങനെ
ജീവിതത്തിൽ
അമ്മ കാച്ചിതന്നൊരെണ്ണയെല്ലാം
തിന്നു വളർന്ന
മുടികളെണ്ണി
അന്നുമുറങ്ങി വെളുക്കുവോളം
ഒട്ടും വളരാത്തൊരുണ്ണിയൊപ്പം

ബിജു കാരമൂട്

By ivayana