രചന : ടി.എം. നവാസ് വളാഞ്ചേരി✍

മരണം ശാസ്ത്രത്തിന്റെയും സമ്പന്നതയുടെയും
പുരോഗതിയുടെ പരമോന്നതിയിൽ വിരാജിക്കുമ്പോഴും മനുഷ്യൻ പരാജയപ്പെടുന്ന കൈമലർത്തുന്ന നിത്യ സത്യം.

കാല ചക്രത്തിൻ ഗതി മാറ്റി എഴുതുന്ന മരണമേ
നിൻ മുന്നിൽ തോറ്റു ഞങ്ങൾ
വാക്കില്ല പറയുവാൻ കെൽപില്ല എഴുതുവാൻ മരണമേ
നിൻ മുന്നിൽ തോറ്റു ഞങ്ങൾ
പറയാതെ മിണ്ടാതെ അറിയാതെ വന്നു നീ
കൊതിയൂറും ജീവനെടുത്തു പോയി
നെയ്തുള്ള സ്വപ്നങ്ങൾ കണ്ട പ്രതീക്ഷകൾ
എല്ലാമതഖിലം തകർത്ത് പോയി
എൻ പേര് പോലും തിരുത്തി വിളിപ്പിച്ച്
ചരിതം രചിച്ചുള്ള മരണമേ നീ
എൻ ഗുണം വാഴ്ത്തിടാൻ സ്നേഹത്തിൽ പൊതിയുവാൻ
അതിഥിയായെത്തിയ മരണമേ നീ
കുഞ്ഞായ് ജനിച്ചു കരഞ്ഞു ഞാൻ വന്നപ്പോൾ
ചുറ്റിലുമന്നവർ പുഞ്ചിരിച്ചു.
ഇന്നങ്ങ് നീ വന്നെൻ ആത്മാവെടുക്കുമ്പോൾ
ചുറ്റിലും നിന്നവർ ആർത്തലച്ചു.
കൂട്ടായി നിന്നവർ
കൂടെ കഴിഞ്ഞവർ കദനത്താൽ
കൈവിട്ട് പോയിടുമ്പോൾ
ഒരു മൂന്ന് പിടി മണ്ണ് കണ്ണീര് ചേർത്തവർ
വാരി എറിഞ്ഞെന്റെ പൂമേനിയിൽ
കാലത്തിൻ ചുവരിൽ വരച്ചുള്ളൊരു
നൂറ് ചിത്രങ്ങൾ ഖൽബിൽ തെളിഞ്ഞ നേരം
തനിച്ചെന്നെ യാത്രയാക്കുമ്പോളുമവർ ചൊല്ലി
എന്നെ തനിച്ചാക്കി പോയി എന്ന്
കാലചക്രത്തിൻ ഗതി മാറ്റി എഴുതുന്ന മരണമേ
നിൻ മുന്നിൽ തോറ്റുപോയി
വാക്കില്ല പറയുവാൻ
കെൽപ്പില്ല എഴുതുവാൻ മരണമേ
നിൻ മുന്നിൽ തോറ്റുപോയി.

ടി.എം. നവാസ്

By ivayana