രചന : കുന്നത്തൂർ ശിവരാജൻ✍

വർക്ക്ഷോപ്പിൽ നല്ല തിരക്കുണ്ടായിരുന്നു. ടയർ മാറിയിടാൻ സ്റ്റെപ്പിനിയില്ല.പുതിയത് വാങ്ങിക്കൊണ്ടുവന്നു മാറുകയാണ്.
കാലതാമസം ഉണ്ടായി.
അവൾ ഇപ്പോഴും പിൻസീറ്റിൽ കിടക്കുകയാണ്. വയറുവേദന കൂടുകയാണ്…
‘ പാഞ്ഞു പറിച്ച് പോന്നതു കൊണ്ടാ ‘
അയാൾ ജാക്കി തിരികെ വച്ച്
ഡക്കി അടച്ചിട്ടു കാറിലേക്ക് കയറുമ്പോൾ അവൾ ആരോടുമല്ലാതെ പറഞ്ഞു.
എണീറ്റാൽ തല ചുറ്റുമോ എന്ന ഭയം കൊണ്ടാണ് അവൾ കാറിൽത്തന്നെ കിടന്നത്.
റോഡിലെ കുണ്ടും കുഴിയും നോക്കാൻ നേരമില്ല.
‘ വേദന വന്നാൽ എത്രയും വേഗം….’ അങ്ങനെയാണല്ലോ ഡോക്ടർ പറഞ്ഞത്.
ബ്ലഡ് കുറവാണ്. അതിനുള്ള കുറെ ക്യാപ്സൂളുകളും കഴിഞ്ഞ തവണ തന്നതാണ്. അതുകൊണ്ട് തല ചുറ്റാം. അതിപ്പോൾ തന്റെ ഊഹമാണ്.
ഇത്ര ദൂരത്തുള്ള ഒരു ഹോസ്പിറ്റൽ തന്നെ വേണം ഡെലിവറിയ്ക്കെന്ന്‌ അവൾ വാശി പിടിച്ചത് എന്തിനാണെന്ന യുക്തിരഹിതമായ കാര്യം തന്നെ ഇടയ്ക്കെങ്കിലും ശുണ്ഠി പിടിപ്പിക്കുന്നുണ്ട്.
‘അല്ലാ…അപ്പോൾ ഡെലിവറി അവൾ അങ്ങ് നടത്തുമോ? നിന്റെ അങ്കിളിന്റെ മോള്? എടീ അവിടെ എത്ര നേഴ്സുമാർ ഉണ്ടെന്നാ നിന്റെ വിചാരം ?’
‘ എന്നാലും നമ്മുടെ ഒരാൾ അവിടെയുള്ളപ്പോൾ… പോരെങ്കിൽ എനിക്ക് സിസേറിയൻ പേടിയാ ‘
‘ ഇതൊക്കെ വിചിത്രമാണ് ഇക്കാലത്ത് അത് മതിയെന്ന് പറഞ്ഞ് പെണ്ണുങ്ങൾ നടക്കുകയാ’.
അവളോട് ഇനി തർക്കിച്ചിട്ട് ഫലമില്ലെന്ന് അയാൾ കരുതി. താൻ എപ്പോഴും തോറ്റു പോകത്തേയുള്ളൂ.
ആവശ്യം നടക്കില്ലെന്ന് കണ്ടാൽ പിന്നെപ്പിന്നെ പിണക്കവും പരിഭവങ്ങളും തുടങ്ങും.
‘ അടൂർ വരെ പതിനെട്ടു കിലോമീറ്റർ. അവിടെനിന്ന് കോട്ടയത്തിന് പത്തറുപത്തഞ്ച്… നിന്റെ വട്ടിന് താളം തുള്ളുന്ന എന്നെ പറഞ്ഞാൽ മതി.’
അയാൾ പകുതി അവളോടും പകുതി സ്വരംതാഴ്ത്തി ആത്മഗതമായും പറഞ്ഞു.
തലയിൽ ഒരു പാറത്തുണ്ട് നാലാൾ ചേർന്ന് പൊക്കിവെച്ചതു പോലെ അയാൾക്ക് തോന്നി…
‘ ഇങ്ങനെയൊക്കെ എന്തിനാ എപ്പോഴും പറയുന്നത്?’ അവൾ
പിറുപിറുത്തു.
സിഗ്നൽ ലൈറ്റുകളും ട്രാഫിക് ജാമുകളും യാത്രയെ തടസ്സപ്പെടു ത്തിക്കൊണ്ടിരുന്നു.
തുലാപ്പെയ്ത്തിന് കേളികൊട്ടെ ന്നവണ്ണം മേഘവും ഇടിനാദവും തുടങ്ങിയിട്ടുണ്ട്. വെയിൽ മെല്ലെ വിട വാങ്ങുകയാണ്.
നെൽപ്പാടങ്ങൾക്കപ്പുറം ദൂരെ കിഴക്കേ മലഞ്ചരുവിൽ ഇരുൾ പെറ്റ് കിടക്കുന്നുണ്ട്.
ഒരു ആംബുലൻസ് തങ്ങളുടെ കാറിനെ ഓവർടേക്ക് ചെയ്ത് പോയി.
ഹോസ്പിറ്റലിൽ ആരെയാണിനി കൂട്ടുനിർത്തുക? ഒന്നും ആലോചിക്കാതെ ചാടിയിറങ്ങി പുറപ്പെട്ടു.
‘ വേദന വരുമ്പോൾ എത്രയും വേഗം’ എന്നല്ലേഡോക്ടർ പറഞ്ഞതും.
അല്ലാത്തപക്ഷം ചാപിള്ളയാകാമെന്ന്!
അങ്ങനെ കുട്ടികൾ മരിച്ച സംഭവങ്ങൾ ഏറെ ഉണ്ടെന്നാണ് ജനാർദ്ദനൻ മേശിരി കഴിഞ്ഞമാസം
പുറത്തെ കുളിമുറിയിൽ ടൈൽ പാകുമ്പോൾ പറഞ്ഞത്.
‘ നല്ല ഗ്രിപ്പുള്ള ടൈൽ വേണം. ഒരു ചെറിയ വീഴ്ച പോലും ഡെയിഞ്ചറാ ‘മേശിരി പറഞ്ഞു.
‘ മക്കളില്ലാ…മക്കളില്ല. ജീവിത ത്തിനർത്ഥമില്ല ‘ എന്ന് ഇവൾ വിലപിക്കാൻ തുടങ്ങിയിട്ട് കൊല്ലങ്ങൾ ഏറെയായി.
പനയ്ക്കലെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തങ്ങളുടെ വിവാഹം കൂടാതെ അന്ന് ഗിരീഷിന്റേതും ഉണ്ടായിരുന്നു. അവന്റെ മൂത്തമകളുടെ താലികെട്ട് കഴിഞ്ഞമാസം ആ ക്ഷേത്രത്തിൽ വച്ച് തന്നെ നടന്നു.
‘ ഇത്ര വൈകി ഒരു ഡെലിവറി വേണമായിരുന്നോ ? ഇത്രയ്ക്ക് റിസ്ക് എടുക്കാതെ ഒന്നിനെ അഡോപ്റ്റ് ചെയ്താൽ പോരേ?’
തന്റെ ഓഫീസിൽ മധുരം വിളമ്പി സന്തോഷം അറിയിച്ചപ്പോൾ സീനിയർ അക്കൗണ്ടന്റ് സുമിത്ര അന്തർജനം ചോദിച്ചതാണ്. അവർ അവരുടെ മകനെ ദത്തെടുത്തതാണ്.
അതിന് അവൾക്ക് മനസ്സില്ല എന്ന് പറയണമെന്ന് തോന്നി.അത് വേണ്ടെന്നുവച്ചു. മൗനം നടിച്ചു.
മഴ ഇരച്ചു വീഴുന്നു. കാറിന്റെ വൈപ്പർ ശരിയാകുന്നില്ല. കാഴ്ചയ്ക്ക് വ്യക്തത പോരാ. അന്തരീക്ഷമാകെ പെട്ടെന്ന് ഇരുൾ മൂടി കെട്ടിയത് പോലെ.
ഇനി ഇവളെ എപ്പോഴാണ് ഒന്ന് ഹോസ്പിറ്റലിൽ ആക്കുക? എന്തെങ്കിലും ഒരു ഇടവേള കിട്ടിയിട്ട് വേണം കുമാരനെല്ലൂരുള്ള പെങ്ങളുടെ വീട്ടിൽ നിന്നും അമ്മയെ വിളിച്ചു കൊണ്ടുവരാൻ. അമ്മ യ്ക്കും അവശത കൂടി വരുന്നു.
പ്രായം ഏറുകയല്ലേ? ഒരു കാവൽ അത്രയ്ക്കേ പറ്റൂ.
ഈശ്വരാ അമ്മയ്ക്കൊന്നും വരുത്തല്ലേ എന്ന് അയാൾ പ്രാർത്ഥിച്ചു.
അമ്മയ്ക്ക് എന്തെങ്കിലും വന്നാൽ പെങ്ങൾ ആദ്യം വിളിക്കുക തന്നെയായിരിക്കും.
‘ ചേട്ടാ അമ്മയ്ക്ക് വയ്യ. ചേട്ടൻ ഒന്ന് വേഗം വാ’
അതു പതിവാണ്. രണ്ടുമാസം കൂടിയെങ്കിലും അതുണ്ടാകും. രണ്ടു നാൾ മുൻപും പെങ്ങൾ വിളിച്ചിരുന്നു. അമ്മയ്ക്ക് ചെറിയ കുളിരും പനിയും ഉണ്ടെന്ന്.
പുറത്ത് മിന്നലും ഇടിയൊച്ചയും.
‘ നമ്മളിപ്പോ… എവിടെയായി?’
അവൾ ചോദിച്ചു.
‘തിരുവല്ല കഴിഞ്ഞു’
‘ വേദന എങ്ങനെ?’ അയാൾ ചോദിച്ചു.
‘ നല്ലപോലുണ്ട് ‘ അവൾ മന്ത്രിച്ചു.
ആ ശബ്ദത്തിനു തീരെ ബലം ഇല്ലായിരുന്നു.
പോക്കറ്റിൽ അയാളുടെ ഫോൺ ബെൽ അടിച്ചു.
അത് ആരുടേതാണെന്ന് അയാൾ നോക്കിയില്ല.
‘ വേഗത പോരാ ‘
അയാൾ സ്വയം പിറുപിറുത്തു.
ആക്സിലേറ്ററിൽ ഒന്നുകൂടി അമർത്തി ചവിട്ടി.

By ivayana