രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍

തീരാത്ത ബോംബുവർഷത്തിൽ
ഗാസയെരിയുന്ന ഘോരദൃശ്യം
മുഖപുസ്തകത്തിൻറെ താളുകളിൽ
ആരോ കൊടുത്തുകരഞ്ഞിരുന്നു

ചോദിച്ചിതദ്ദേഹം എല്ലാവരോടുമായ്:
‘ലോകമേ നന്നായുറങ്ങിയോ നീ?’

സത്യത്തിൽ ഞാനൊരാധിയുംകൂടാതെ
അത്യന്തനിദ്രയിൽ വീണിരുന്നു
അതൊരലട്ടുന്ന ചിന്തയാണേ
സത്യസന്ധൻ ഞാൻ കപടനല്ല

ചർച്ചകൾ വേണ്ട ഈ കാലദോഷം
എങ്ങിനെ വന്നു ഭവിച്ചതെന്ന്
നമ്മളെവിടെയുമെത്തുകില്ല
ചൂടും വെറുപ്പുമേ ബാക്കിക്കാണൂ

ചോരപ്പുഴകളുമങ്കലാപ്പും
ഘോരവിനാശാഗ്നിജ്വാലകളും
കണ്ടുശീലിച്ചവർ നമ്മളെല്ലാം
യുദ്ധക്കെടുതികൾ വീട്ടുപടിക്കൽനിന്നി-
ത്തിരിപോലുമകലെയെങ്കിൽ
ഇണ്ടലില്ലാതെയുറങ്ങുവോർ നാം

തത്വജ്ഞാനിയാമാരോപാടി
എതോകിഴക്കനാം ചിന്തകനാം
ലോകം നിനക്കുള്ളിലത്രേ കുടികൊൾവു
നോവുകൾ നീകാണുമാഘാതവും
നിൻറെ കർമ്മത്തിൻ ഫലങ്ങളത്രെ
നിന്നെ നീ ശുദ്ധീകരിക്കുകാദ്യം
കൺമുന്നിൽ കാണുന്ന ലോകത്തെക്കാൾ
നല്ലോരുലകം ഭവിപ്പതിന്നായ്

ചിന്തിക്കാൻ നമ്മൾക്കുനേരമില്ല
തെരുവിലിറങ്ങി നാം ബഹളിക്കുന്നു
നീതിക്കായലറിവിളിച്ചിടുന്നു
ആരുമില്ലാരുമില്ലീയുലകിൽ
ആവശ്യദാനങ്ങൾ നൽകീടുവാൻ –
ഗാസയവിരാമം കത്തിടുന്നു

പ്രാർത്ഥനമാത്രം ശരണാഗതി
പ്രാർത്ഥനയിൽ ഞാൻ മുഴുകിടട്ടെ
ഇനിയും ഞാൻ കണ്ണുതുറന്നിടുമ്പോൾ
വിശ്വം വിളങ്ങിച്ചിരിച്ചുനിൽക്കാം
കാലാഗ്നിവർഷവും ചോരപ്പുഴകളും
ലോകാവസാനത്തിൻ ഭീതികളും
എല്ലാമെ പോയിമറഞ്ഞിരിക്കാം
ആകാശനീലിമ പൂത്തിരിക്കാം

അള്ളാഹുനീയെങ്കിൽ കർത്താവുമാം
അള്ളോ നീയെന്നെയനുഗ്രഹിക്കൂ
ഒരുമാത്രപോലും കെടാതെനീളെ
ഉള്ളിൽത്തിളങ്ങും വിളക്കു നീയേ
എല്ലാത്തിനുമാദികാരണം നീ.

ആയുധം വെക്കൂ കുനിഞ്ഞുവീഴൂ
എവിടെയാണേലും മനുഷ്യപുത്രാ!

ഒരുനാവുകൊണ്ടുഞാൻ പാടിടട്ടെ –
‘ആമേൻ അൽഹമ്ദുലില്ല മന്ത്രദ്വയം!


Gaza
Someone posted
burning images of Gaza
subjected to relentless bombing.
He asked the world
“Did you sleep well?”
Yes, I slept well,
but that thought hurts,
am no hypocrite.
Let us not debate
how it all began;
that takes us nowhere
but only to more heat and hate.
We are all so accustomed
to blood, chaos and conflagration
and we do sleep,
peacefully so,
if all that is away from our door.
Some philosopher mused,
of the East he is for sure,
the world resides in you;
the pain you see
and moves you to trauma
is your inherent karma;
cleanse yourself therefore
if you are
to earn a cleaner world
than the one before your eyes.
We don’t pause to think
but get out on the roads,
ask for justice.
Alas, there is no one there
to grant us what we want;
Gaza burns without respite.
To prayers therefore
I surrender.
Prayers, prayers and prayers,
perhaps, when I reopen my eyes
the world might smile,
no more blood smears,
bombing fires
and a looming apocalypse.
God bless us all,
whether He is named
Allah or the Lord;
He is there in all of us
shining without a pause,
the one and only Cause,
lay your arms and prostrate
wherever you are.
Amen and Al-Hamdulillah!

മഠത്തിൽ രാജേന്ദ്രൻ നായർ

By ivayana