രചന : സലീം മുഹമ്മദ് ✍

മൂപ്പെത്തും മുമ്പെ
ഒരില ഞെട്ടറ്റു വീഴുന്നു.
ഒന്നിനു പിറകെ ഒന്നായി,
അതൊരു തുടർ കഥയാകുന്നു.
ആദരാഞ്ജലി കുറിക്കാൻ
തിരക്കിനിടയിലും
ഞാൻ
സമയം കണ്ടെത്തുന്നു.
കുട്ടിക്കാലത്ത്
ഒത്തിരി നീളമുണ്ടായിരുന്ന
പകലുകളെ കുറിച്ചും
എത്ര ഉറങ്ങിയാലും
സ്വപ്‌നങ്ങൾ കണ്ടുറങ്ങി
മതിയാവാത്ത
രാത്രികളെ കുറിച്ചും
ഒന്നിനും സമയമില്ലാതാകുന്ന
വർത്തമാന കാലത്തിന്റെ
ഒന്നിനുമല്ലാത്ത
തിരക്കുകളെ കുറിച്ചും
കാറ്റ് കാതിൽ മൂളുന്നതുപോലും
എനിക്ക് ശ്രദ്ധിക്കാനാവുന്നില്ല.
പണ്ടാരോ പറഞ്ഞ കഥ
മുത്തശ്ശി പറഞ്ഞതോർക്കുന്നു.
“നായയ്ക്കൊരു ജോലിയുമില്ല,
നിന്നു മൂത്രമൊഴിക്കാൻ നേരമില്ല”.
ക്രമം തെറ്റിയ,
സമയം മുഴുവനും അപഹരിക്കപ്പെട്ട,
അവഗണനയുടെ അങ്ങേയറ്റം കണ്ട
ഒരു പാവത്താൻ
ശാന്തിയുടെ തീരത്തുറങ്ങാൻ
തിരക്കു കൂട്ടുന്നുണ്ടെന്ന്
തിരക്കുകൾക്കിടയിൽ
ഞാൻ അറിയുന്നില്ല,
എനിക്കു നേരെ നോക്കി
കൊഞ്ഞനം കുത്തുന്ന,
എനിക്കൊരിക്കലും
കാണാനാവാത്ത
ഒരു ആദരാഞ്ജലിയെയും.

സലീം മുഹമ്മദ്

By ivayana