രചന : ബിനോയ് പുലക്കോട് ✍

രണ്ടായിരത്തിന്റെ
നോട്ടിൽ നിന്നും
മുഷിഞ്ഞ അഞ്ചിന്റെ നോട്ടിലേയ്ക്കുള്ള ദൂരം
എത്ര ചെറുതാണ്!
ഒരു സൂപ്പർമാർക്കറ്റിന്റെ
പുഷിനും,പുള്ളിനുമിടയ്ക്കുള്ള
തുച്ഛമായ സമയംമാത്രം.
സഞ്ചിയുമേറ്റി
റോഡ് ക്രോസ് ചെയ്യാൻ നിൽക്കുമ്പോൾ
പഴയ ചങ്ങാതിയെ കണ്ടു.
മുടികൊഴിച്ചിലിനുള്ള
പുതിയ മരുന്നിനെപ്പറ്റി പറഞ്ഞു.
രണ്ടായിരത്തിന്റെ പൊടിപറ്റിയ പോക്കറ്റിൽ
തപ്പിയതും, കീറിപ്പറിഞ്ഞ അഞ്ചുരൂപ നോട്ട്
കയ്യിൽ തടഞ്ഞു.
പുറത്തേക്കെടുക്കാൻ മടി തോന്നി.
ബസ്സിൽ പോകുമ്പോൾ
കണ്ടക്ടർക്ക് കൊടുക്കാമെന്ന്
മനസ്സിൽ പറഞ്ഞു.
കീറിയനോട്ട് കയ്യിൽ പെട്ടാൽ
അതെങ്ങനെ ഒഴിവാക്കണമെന്ന്
അച്ഛൻ പണ്ട് പറഞ്ഞ കാര്യമോർത്തു.
ആളുകളെ
പറ്റിക്കുന്നതിൽ അച്ഛന്
പ്രത്യേക കഴിവാണ്.
എനിക്കതിന്റെ പകുതിപോലും
കിട്ടിയില്ലല്ലോ.
വിഭജിച്ച അഞ്ചുരൂപ നോട്ടിൽ
സെല്ലോടേപ്പ് ഒട്ടിച്ചതിന്റെ
പാടുകൾ തെളിഞ്ഞു കണ്ടു.
ഒരുവശത്ത് ഗാന്ധിയുണ്ടായിരുന്നു.
മറുവശത്ത് ജിന്നയുണ്ടായിരുന്നില്ല.
കണ്ടക്ടർ രണ്ടു പുറവും മാറി മാറി നോക്കി,
എനിക്കുതന്നെ തിരിച്ചു നീട്ടി
“ഞങ്ങളിപ്പോൾ
കീറിയ നോട്ടുകൾ
എടുക്കാറില്ല”.
ഒടുവിൽ അഞ്ചുരൂപയെ
പോക്കറ്റിൽത്തന്നെ തിരിച്ചിട്ട്,
അതിനെ മറക്കാൻ തന്നെ തീരുമാനിച്ചു.
വീട്ടിലെത്തട്ടെ അമ്മക്ക് കൊടുക്കാം.
പകരം അഞ്ചിന്റെ ഒരുതുട്ട് വാങ്ങാം.
അമ്മക്ക് മുഷിഞ്ഞതും,
കീറിപ്പറിഞ്ഞതുമായ നോട്ടുകൾ
സൂക്ഷിക്കാനുള്ള ഒരു പ്രത്യേക കഴിവുണ്ട്.
അത് കാണുമ്പോൾ അമ്മ എന്നെ ഓർക്കും.
ബിവറേജിനു മുന്നിൽ ലോട്ടറി വിൽക്കുന്ന
ചേച്ചിയെ കാണുമ്പോൾ
ഞാൻ അമ്മയെ ഓർക്കാറുള്ളതുപോലെ.

ബിനോയ് പുലക്കോട്

By ivayana