രചന : രാജീവ് ചേമഞ്ചേരി✍

ചകിരി കത്തി ചാരമായി…
ചാണകം ചേർത്തിയവയിളക്കി…..
ചന്തമായ് തറയിൽ തേച്ചുമിനിക്കി…..
ചമയങ്ങളേതുമില്ലാത്തയാകാലത്തേ മറന്നൂ?

ചാരെയിരുന്ന് ശരീരം കാർന്നുതിന്നുന്ന-
ചതിയന്മാരാം വിഷജ്വരങ്ങളന്ന് മൗനിയായ്;
ചിത്രവർണ്ണാട്ടം കുടികൊള്ളുമീ കാലം-
ചവറ്റുകൊട്ടയിലെ മാറാവ്യാധികളിന്നു നമ്മളിൽ ?

ചവറ് പോലുയരുന്ന ആതുരസൗധങ്ങൾ…..
ചാവേറൊരുക്കുന്നു മാനവരാശിയ്ക്കു…..
ചിന്തകൾ മരിക്കുന്നു ചന്തയിൽ ഇരക്കുന്നു…..
ചന്തവും കുന്തവുമില്ലാതെ സമ്പത്ത് പാഴായ് ചീഞ്ഞീടുന്നു?

ചിന്താദർശനം കൗശലക്കാരിലായെന്നും-
ചതുരംഗപ്പലകയിൽ കറുപ്പും വെളുപ്പുമായ്?
ചക്രവ്യൂഹത്തിന്നുള്ളിലകപ്പെട്ടൊരേകാന്തത-
ചിരിയുള്ള മുഖവുമായണയുന്ന യാത്രാവഴി!


രാജീവ് ചേമഞ്ചേരി

By ivayana