രചന : വാസുദേവൻ. കെ. വി✍
ഓൺലൈൻ കാണാനിത്തിരി വൈകിയപ്പോൾ അവൾ വീഡിയോ കാളിലെത്തി കുശലന്വേഷണം. ഫോർട്ടി ഈസ് ഹോട്ടി. കറുത്ത ടീഷർട്ടിൽ ക്യാപ്ഷൻ വായിക്കാൻ തുനിഞ്ഞവന് നിരാശ. വാഴ്ത്തി പ്പാടിയില്ലെങ്കിൽ തീർന്നു. അത്രേയുള്ളൂ ഓൺലൈൻ തീക്ഷ്ണത.
“സിതാര പോൽ സുന്ദരീ കറുത്ത കുപ്പയ്ക്കാരീ.. “
“സിതാരയോ അതാര്? ” അവളുടെ മറു ചോദ്യവും ഉടൻ പിറന്നു.
പതിവുപോലെ അവൻ കാഥികനായി . വിക്രമാദിത്യന്റെ തോളിൽ നിന്നിറങ്ങിയ വേതാളം കണക്കെ കഥനം.
രാജീവൻ വീട്ടുമുറ്റത്തെത്തിയത്. അനിയൻ്റെ സഹപാഠി വീട്ടു മുറ്റത്തെത്തിയപ്പോൾ അവൾക്കവനെയൊന്ന് കാണാതെ വയ്യ. മനുഷ്യാവകാശ പ്രവർത്തകന്റെ നോട്ടം മീതെ പതിച്ചപ്പോൾ അവൾ കണിക്കൊന്നമരമായി. സ്വാതന്ത്ര്യം നേടി ഭരണകൂടങ്ങൾ തീർത്ത കോളനികളിലെ ജീവിതം മാറിയിരിക്കുന്നുവെന്ന് രാജീവൻ അഭിപ്രായപ്പെട്ടു. മദ്യവും മയക്കുമരുന്നും യുവാക്കളെ വലയം ചെയ്തിരിക്കുന്നു. അടിമകളാക്കിയിരിക്കുന്നു. നൂറ്റാണ്ടുകളായി തുടരുന്ന അടിമത്തത്തിൻ്റെ തുടർച്ച തന്നെ .രാജീവൻ്റെ വാക്കുകൾ അവളെ ആകർഷിച്ചു. അവൻ്റെ കൂടെ അവൾ പോകാനാരംഭിച്ചു. ദളിതനെ മുഖ്യധാരയിലേക്കെത്തിക്കാൻ എന്തുകൊണ്ടാർക്കും സാധിച്ചില്ല? അടിയേറ്റ് പൊറുതിമുട്ട മ്പോൾ തിരിച്ചൊന്നു കൊടുത്താൽ എന്തുകൊണ്ട് ദളിതനെ മാത്രം തീവ്രവാദിയെന്ന് വിളിക്കുന്നു? രാജീവൻ്റെ പ്രവർത്തനം കൊണ്ട് ചിലരൊക്കെ മദ്യപാനം ഒഴിവാക്കി. ഒരു കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ട് രാജീവനെത്തേ പോലീസെത്തി. പോലീസുകാർക്കൊപ്പം മുഖ്യധാരാ രാഷ്ട്രീയക്കാരും നരനായാട്ട് ആരംഭിച്ചു. കോളനികൾ യുദ്ധക്കളമാക്കി. രാജീവനെ കാണാൻ മനസ്സ് കൊതിച്ചു.
അവളെ പോലിസ് വലിച്ചിഴച്ചു കൊണ്ടുപോയി. ക്രൂരമായ മർദ്ദനം പോലീസുകാരുടെ അശ്ലീലച്ചിരിയും. . രാജീവൻ എവിടെ എന്ന് അവർക്കറിയണം. നീയും ഒരു തീവ്രവാദിയാണോ?
ഭരണകൂട ഭാഷയിൽ തന്നെ അവൾ മറുപടി കൊടുത്തു. ഒരാളെ ടെററിസ്റ്റ് എന്ന് വിളിച്ച് അയാളുടെ ആത്മവിശ്വാസം തകർക്കാൻ കഴിയുന്ന കാലമൊക്കെ അസ്തമിച്ചിരിക്കുന്നു. തുടർന്ന് സ്വന്തം പച്ചപ്പുകളെ സംരക്ഷിക്കാൻ ബാദ്ധ്യസ്ഥയായ പൊരുതുന്ന പെണ്ണായി അവൾ മാറി. അവിടെ നിന്നും ഓടിയകന്നു. ഓടിയോടി അവൾ രാജീവൻ്റെ ഒളിസങ്കേതത്തിലെത്തി. രാത്രിയിൽ കുളിരകറ്റാൻ അവൻ്റെ ബാഗ് തുറന്നപ്പോൾ ഒരു കറുത്ത കട്ടിയുള്ള ടീഷർട്ട് അവൾ കണ്ടു. അതവൾ അണിഞ്ഞു. അതവൾക്ക് പ്രതിരോധത്തിൻ്റെയും പ്രതിഷേധത്തിൻ്റെയും കവചമായി തോന്നി..
ഉറങ്ങുന്ന സൂര്യൻ എന്ന പ്രതീകാവതരണത്തിലൂടെയാണ് എസ് സിതാരയുടെ കറുത്തകുപ്പായക്കാരി എന്ന കഥ ആരംഭിക്കുന്നത്. ഉറക്കം സൂര്യനെ അലട്ടുന്നില്ല.ഉറങ്ങുന്ന സൂര്യന്റെ രൂപം നമുക്ക് അന്യവും. ജ്വലിക്കുന്ന, സൂര്യനെ മാത്രമേ നമുക്ക് പരിചയമുള്ളൂ. എന്നാൽ സൗമ്യനും മയക്കമാർന്നവനും മേഘങ്ങൾക്കിടയിലേക്ക് പാരവശ്യത്തോടെ നൂഴുന്നവനുമായ സൂര്യന്,നിദ്രയെ വരിച്ചവന് എൻ്റെ നിറമാണെന്ന് പറഞ്ഞു കൊണ്ടാരംഭിറക്കുന്ന കഥ തീവ്രവാദ പ്രവർത്തനങ്ങൾക്കും ഒരു സാമൂഹ്യാഅടിത്തറയുണ്ടെന്ന് സ്ഥാപിക്കുന്നു. മേഘങ്ങൾകിടയിൽ മയങ്ങുന്ന ഈ സൂര്യൻ, ഏതു പ്രതികൂല സാഹചര്യങ്ങളിലും വിസ്ഫോടനം സൃഷ്ടിക്കാൻ പ്രാപ്തനുമാണ്.
ഭരണകൂട ഭീകരതയ്ക്കെതിരായും പുരുഷാധികാര ശീലങ്ങൾക്കെതിരായും ആയുധമെടുത്ത് പോരാടാൻ സജ്ജമായവളുടെ ചിത്രമാണ് കറുത്ത കുപ്പായം അണിയുന്നതിലൂടെ കഥാകാരി പറഞ്ഞുവെക്കുന്നതും.
ഉടലാക്ഷേപം പോലെ രോഷം കൊള്ളിക്കുന്നു വസ്ത്രധാരണാ പരിഹാസവും. കുഞ്ഞുടുപ്പിച്ചിട്ട് അമ്മച്ചിമാരെ കെട്ടിയെ ഴുന്നള്ളിക്കാനും ചിലരിപ്പോൾ. സ്വയം എടുത്തണിഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രദർശനനിർവൃതി കൊള്ളുന്നവരും ധാരാളം.
വീഡിയോ കാൾ കട്ട് ചെയ്ത് ശുഷ്ക വായനക്കാരി മൂടുംതട്ടി പോകാൻ ഇതിലപ്പുറം മറ്റെന്തായുധം ?? 😄😄😄