രചന : സബിത ആവണി ✍

അവളുടെ ചുണ്ടുകളില്‍
ഒരിക്കല്‍ കൂടി ചുംബിക്കാനുള്ള
ധൈര്യം തനിക്ക് ഉണ്ടായിരുന്നില്ല.
തണുത്ത് മരവിച്ച ശരീരമായിട്ട് കൂടി
അവളെ തൊട്ടമാത്രയില് താന്‍
പൊള്ളി പോയതെന്തെന്ന്
അയാള്‍ ചിന്തിച്ചിട്ടുണ്ടാവണം.
പേറ്റു നോവുണക്കിയ
മക്കളെ ഉപേക്ഷിച്ച്
നിത്യതയിലേക്ക് പോകാന്‍ മാത്രം
താനവളെ നോവിച്ചിരുന്നോ?
സ്നേഹം പകരാത്ത മനുഷ്യനാണ്
താനെന്ന് നൂറു തവണ പരാതി
പറഞ്ഞിരുന്നവളാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി
പരാതിയില്ല…
പരിഭവങ്ങളില്ല.
ഒരിക്കല്‍ ചോദിച്ചിരുന്നു അവളോട്
ആ മാറ്റമെന്താണെന്ന്.
അന്ന് അവളൊന്നും പറഞ്ഞില്ല.
അവസാനമായി അവളെ
തല്ലിയത് ഇന്നലെ ആയിരുന്നു.
എന്തിനെന്ന് ഓര്‍മ്മയില്ല.
കവിളില്‍ ചോരനീലിച്ച പാട്
ഇപ്പൊഴുമുണ്ട്.
അവളെ അകത്ത് കുളിപ്പിച്ച്
ഒരുക്കുന്നുണ്ട്…
മന്ത്രകോടി വേണ്ട…
വിവാഹത്തിന്റെ ഭാരം
ഇനിയുമവള്‍ പേറണ്ട.
സിന്ദൂരം തൊടുവിക്കണ്ട.
കാല്‍ വിരലുകള്‍ കൂട്ടികെട്ടി
നീണ്ടു നിവര്‍ന്ന് കിടക്കുന്ന
അവള്‍ക്ക് എന്തൊരു
ശാന്തത.
ചരമയറിയിപ്പില് തന്റെ പേര്
വേണ്ട.
മക്കളുടെ പേര് വെച്ചിട്ടുണ്ട്.
അവസാനമെടുത്ത ഫോട്ടൊ
നിറം മങ്ങിയതാണ്…
എന്നാലും അവളെ അതില്
കാണാന്‍ ഭംഗിയുണ്ട്.
മക്കള് നോക്കി നില്‍ക്കുന്നുണ്ട്.
ഇന്ന് ആഹാരമൊന്നും
കഴിച്ചിട്ടുണ്ടാവില്ല രണ്ടും.
അവളുണ്ടായിരുന്നെങ്കില്‍ …
അയാളാകെ തളര്‍ന്നു…
മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍
അവള്‍ പലതും ഓര്‍മ്മിപ്പിക്കുന്നു.
തെക്കുവശത്തെ മുറ്റത്ത്
ചിതയൊരുക്കിയിട്ടുണ്ട്.
ഇത്തിരി പോന്ന കുഞ്ഞിന്റെ കൈയ്യില്
കൊള്ളി വെക്കാന്‍ കൊടുക്കുമ്പോ
അവന് അത്ഭുതം തോന്നാം.
തീയില് കളിക്കാന്‍
സമ്മതിച്ചതെന്തേ അച്ഛാ
അമ്മ വഴക്ക് പറയില്ലേന്ന്
ചോദിക്കുമായിരിക്കും.
മൂത്തവള്‍ക്ക് അമ്മയിനി
ഇല്ലെന്ന് അറിയാം.
ഇടയ്ക്കെപ്പൊഴോ ഒരു നോട്ടം
കണ്ടു.
ആ നോട്ടത്തില് ദഹിച്ചു
പോയിരുന്നു താന്‍.
ഉറ്റവരും ഉടയവരും ഒക്കെ വന്നു.
ദയയോടെ ഒരു നോട്ടം പോലും
ആരില്‍ നിന്നുമുണ്ടായില്ല.
തിരിച്ചറിയുകയായിരുന്നു…
വളരെ വളരെ വൈകി,
താനായിരുന്നു തെറ്റെന്ന്.
ഇപ്പൊള്‍ തോന്നുന്നു
ആ മരണം അതവളുടെ മാത്രം
ശരിയായിരുന്നുവെന്ന്!
❣️

സബിത ആവണി

By ivayana