രചന : ജയേഷ് പണിക്കർ ✍
ഇത്തിരിപ്പൂവതിൻ ഗന്ധമേറ്റു
പുത്തനുണർവ്വതങ്ങേറിടുന്നു
ശുഭ്രവസ്ത്രാംഗിയായ് എത്തി നീയും
സുസ്മേരവദനയായ് നിന്നിടുന്നു.
മുത്തു പോലങ്ങുവിരിഞ്ഞു നില്ക്കും
മുറ്റമതാകെ സുഗന്ധമോടെ
ഒത്തിരി മോഹവുമായൊരു നാൾ
നട്ടു ഞാൻ നിന്നെയീയങ്കണത്തിൽ
ദാഹജലമതങ്ങേകി നിത്യം.
ഓരോ പുലരി വിടർന്നിടുമ്പോൾ
ഓടി ഞാനെത്തിടും നിന്നരികിൽ
കൊച്ചരിപ്പല്ലു മുളച്ചു കാണാൻ
അച്ഛനതങ്ങു കൊതിച്ച പോലെ
ഏറെ നാളങ്ങനെ കാത്തു ഞാനും
ഏറെയെന്നെയും നിരാശനാക്കി.
ഇന്നലെയുമ്മറത്തിണ്ണയിലിരിക്കവേ
വന്നെത്തി തെന്നലിൽ നിൻ സുഗന്ധം
ആഹ്ലാദമോടെ ഞാനോടിയെത്തി
ആദ്യമായ് നീയങ്ങു പൂവിട്ട നാൾ
എന്നുമെനിക്കു കണി കാണുവാൻ
നിൻ പുഞ്ചിരിയിതു മാത്രം മതി.